സാങ്കേതിക സർവകലാശാല; 2024-25 അധ്യയന വർഷത്തേക്കുള്ള അഫിലിയേഷന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല 202425 അധ്യയന വർഷത്തേക്കുള്ള അഫിലിയേഷനും അഫിലിയേഷൻ പുതുക്കുന്നതിനുമായി സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
നിലവിൽ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നതും എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ആർക്കിടെക്ചർ, പ്ലാനിംഗ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാനേജ്മെന്റ്, ഡിസൈൻ, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എന്നിവയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്തുന്നതുമായ സ്ഥാപനങ്ങളാണ് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. പുതിയ കോളജുകൾ തുടങ്ങുന്നതിനായി സർവകലാശാലയിൽനിന്നും നിരാക്ഷേപപത്രം ലഭിച്ചവർ എഐസിടിയുടെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അഫിലിയേഷനായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം.
ഓണ്‍ലൈൻ അപേക്ഷയും ഇൻസ്പെക്ഷൻ ഫീസും സർവകലാശാല പോർട്ടൽ മുഖേന ഈ മാസം 23 വരെ സമർപ്പിക്കാം. ഈ മാസം 23വരെ എഐസിടിഇ, കൗണ്‍സിൽ ഓഫ് ആർക്കിടെക്ചർ എന്നിവയുടെ അനുമതിപത്രം ലഭിക്കാത്തവർക്കു ലഭിക്കുന്ന മുറയ്ക്ക് മേയ് 30 വരെ സർവകലാശാല പോർട്ടലിൽ അപ്ലോഡ് ചെയ്യാം. അഫിലിയേഷൻ ഫീസ് പിഴ കൂടാതെ 2024 ജൂണ്‍ 30 വരെയും പിഴയോടെ 2024 ജൂലൈ ഏഴു വരെയും അടയ്ക്കാം
ബന്ധപ്പെട്ട റെഗുലേറ്ററി ബോഡികളുടെ (ഓൾ ഇന്ത്യ കൗണ്‍സിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ, കൗണ്‍സിൽ ഓഫ് ആർക്കിടെക്ചർ) അംഗീകാരത്തിന്റെയും സർവകലാശാലയുടെ വിദഗ്ധപരിശോധനാ സമിതികളുടെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലായിരിക്കും പുതിയ കോഴ്സുകൾക്കും അധിക സീറ്റുകൾക്കും പുതിയ കോളജുകൾക്കും സർവകലാശാല അംഗീകാരം നൽകുക.
വിശദമായ നോട്ടിഫിക്കേഷൻ സർവകലാശാലാ വെബ്സൈറ്റിൽ (www.ktu.edu.in) ലഭിക്കും.