തിരുവനന്തപുരം: 2023 24 അധ്യയന വർഷത്തിൽ 64 നവീന എൻജിനീയറിംഗ് കോഴ്സുകൾക്ക് അംഗീകാരം കൊടുക്കാൻ എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല തീരുമാനിച്ചു. കൂടാതെ രണ്ട് പുതിയ എൻജിനീയറിംഗ് കോളജുകൾ ആരംഭിക്കാനുള്ള നിരാക്ഷേപ പത്രം നൽകാനും ഈ കോളജുകളിൽ വിദഗ്ധ പരിശോധന നടത്താനും തീരുമാനമായി.
വിശദ വിവരങ്ങൾക്ക് : ഇവിടെ ക്ലിക്ക് ചെയ്യുക അഫിലിയേഷൻ നടപടികൾ പൂർത്തിയാക്കാൻ എഐസിടിഇ നൽകിയ അന്തിമ തീയതിയിലും വളരെ മുൻപേയാണ് സർവകലാശാല ഈ പ്രക്രിയകൾ പൂർത്തിയാക്കിയിരിക്കുന്നത്. 140 എൻജിനീയറിംഗ് കോളജുകളുടെ അഫിലിയേഷൻ നടപടികൾ പൂർത്തിയാക്കി പുതിയ കോഴ്സുകൾ ആരംഭിക്കുന്ന കോളജുകളുടെ പട്ടികയും നിലവിലുള്ള കോഴ്സുകളിലെ സീറ്റ് വർധനവിന്റെ വിവരങ്ങളും സർക്കാരിന് കൈമാറി. എഐസിടിഇ അക്കാദമിക് കലണ്ടർ പ്രകാരം സർവകലാശാലകൾ അഫിലിയേഷൻ അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
64 എൻജിനീയറിംഗ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാനും 47 കോളജുകളിൽ സീറ്റ് വർധിപ്പിക്കാനും സർവകലാശാല ഉത്തരവായി. പുതിയ പഠനമേഖലകളിലായി നവീന എൻജിനീയറിംഗ് കോഴ്സുകൾ നിരവധി കോളജുകളിൽ ആരംഭിക്കുന്നതോടെ എൻജിനീയറിംഗ് പഠനം ആഗ്രഹിക്കുന്നവർക്ക് കേരളത്തിൽ തന്നെ പഠിക്കുന്നതിനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.
നിലവിലുള്ള ബിടെക്, ബിആർക്ക്, ബിഡെസ് കോഴ്സുകൾക്ക് പുറമെ ഈ അധ്യയന വർഷം മുതൽ ബിവോക് കോഴ്സുകളും സർവകലാശാല ആരംഭിക്കും. നിലവിൽ ഒരു കോളജിന് സൈബർ സെക്യൂരിറ്റിയിലാണ് ബിവോക് അനുവദിച്ചിട്ടുള്ളത്.
എമേർജിംഗ് എൻജിനീയറിംഗ് മേഖലയിൽ വിഎൽഎസ്ഐ ഡിസൈൻ ആൻഡ് ടെക്നോളജി, ഡിസൈൻ മേഖലയിൽ ബാച്ലർ ഓഫ് ഇന്റ്റാക്ഷൻ ഡിസൈൻ, ബാച്ലർ ഓഫ് കമ്മ്യൂണിക്കേഷൻ ഡിസൈൻ എന്നിവയാണ് പുതിയതായി ആരംഭിക്കുന്ന കോഴ്സുകൾ.
എംബിഎ സ്പെഷലൈസ്ഡ് കോഴ്സുകളായ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയും ഈ വർഷം ആരംഭിക്കും. കമ്പ്യൂട്ടർ സയൻസിലും അനുബന്ധമേഖലയിലുമാണ് പുതിയ കോഴ്സുകൾ കൂടുതലും അനുവദിച്ചിരിക്കുന്നത്.
ഈ മേഖലയിലെ അനന്തമായ തൊഴിൽ സാധ്യതകളെ കണക്കിലെടുത്താണ് ഈ തീരുമാനം. തൊഴിൽ, വിദ്യാഭ്യാസ മേഖലകൾ തമ്മിലുള്ള അന്തരം കുറക്കാനും നൈപുണ്യ വികസനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതുമായ ബിടെക്ക് കരിക്കുലം റിവിഷനും ധൃതഗതിയിൽ പുരോഗമിക്കുകയാണ്.