കുഫോസിൽ സമുദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം വരുന്നു
കൊച്ചി: കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവരുടെ സുരക്ഷാ ക്രമീകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) അത്യാധുനിക സമുദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥാപിക്കും.
തിരുവനന്തപുരം ആക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ (എൻസിഇഎസ്എസ്) സാങ്കേതിക സഹായത്തോടെയാണു കേന്ദ്രം സ്ഥാപിക്കുക. ഇതുൾപ്പെടെ പഠന, ഗവേഷണരംഗത്തു സഹകരിക്കാൻ കുഫോസും എൻസിഇഎസ്എസും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഓഷിൻ എൻജിനിയറിംഗ്, റിമോട്ട് സെൻസിംഗ്, എർത്ത് സയൻസ് തുടങ്ങിയ മേഖലകളിൽ കുഫോസിലെ വിദ്യാർഥികൾക്കു ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ ഗവേഷണ സൗകര്യം പ്രയോജനപ്പെടുത്താം.
ഇരു സ്ഥാപനങ്ങളും സംയുക്തമായി സമുദ്രപഠനം, ഭൗമശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളും പിഎച്ച്ഡി പ്രോഗ്രാമുകളും തുടങ്ങുമെന്നും കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ അറിയിച്ചു. കുഫോസ് രജിസ്ട്രാർ ഡോ.കെ.എം.വിക്ടർ ജോർജും ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടർ ഡോ.ടി.എൻ.പ്രകാശുമാണ് ധാരണാപത്രം ഒപ്പുവച്ചത്.