ബിഗ് ബോസ് മലയാളം മൂന്നാം സീസൺ ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച വൈകുന്നേരം ഏഴിന് സംപ്രേഷണം ചെയ്യും. ഫെബ്രുവരി 14 ന് തുടക്കം കുറിച്ച ഈ റിയാലിറ്റി ഷോ പൂർത്തിയാക്കാൻ അഞ്ചു ദിവസം ബാക്കി നിൽക്കേയാണ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചെന്നൈ ഇവിപി ഫിലിം സിറ്റിയിലെ ബിഗ് ബോസ് ഹൗസിലെ ചിത്രീകരണം നിർത്തിവയ്ക്കുന്നത്.
അവസാന റൗണ്ടിൽ ഡിംപിൾ ഭാൽ, സായി വിഷ്ണു, മണിക്കുട്ടൻ, റിതു മന്ദ്ര, നോബി, കിടിലൻ ഫിറോസ്, അനൂപ് കൃഷ്ണൻ, റംസാൻ എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ വിജയികളെ നിർണയിക്കുന്നത് പ്രേക്ഷകർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ചാനൽ വ്യക്തമാക്കിയിരുന്നു.
ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, ദുർഗ കൃഷ്ണ, സാനിയ അയ്യപ്പൻ, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമജൻ, ആര്യ, ഗ്രേസ് ആന്റണി, വീണ നായർ എന്നിവരുടെ വിവിധ കലാപരിപാടികളും ഈ വേദിയിൽ അരങ്ങേറും. ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാലിന്റെ സാന്നിധ്യം തന്നെയാണ് ഷോയുടെ ഹൈലൈറ്റ്.
ഇന്ത്യയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മലയാളം പതിപ്പിന് ബജറ്റ് 60 കോടി കടക്കുമെന്നാണ് അറിവ്. കഴിഞ്ഞ സീസണുകളിലെ പ്രളയവും കോവിഡും ബിസിനസിലും ചാനൽ റേറ്റിംഗിലും വൻ തിരിച്ചടി നേരിട്ടു എന്നതിൽ തർക്കമില്ല. എന്നാൽ മലയാളത്തിൽ മികച്ച ഡിജിറ്റൽ വാല്യൂ നേടുന്ന ഷോ ആയതുകൊണ്ട് തന്നെ ഹോട്ട്സ്റ്റാറിൽ നല്ല വ്യൂവർഷിപ്പ് നേടാൻ കഴിഞ്ഞിരുന്നു.
ഏഷ്യാനെറ്റും നിർമ്മാണ കമ്പനിയും അവതാരകൻ മോഹൻലാലും തമ്മിൽ ഈ ഷോയുടെ കരാർ സീസൺ 5 വരെ നിലനിൽക്കുന്നു എന്നാണ് അറിവ്. അതുകൊണ്ട് തന്നെ പുതിയ സീസണിന്റെ പ്രഖ്യാപനവും മോഹൻലാൽ ഫിനാലെ വേദിയിൽ നടത്താനാണ് സാധ്യത.
പ്രേം ടി.നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.