ഈസ്റ്റർ ആഘോഷങ്ങൾക്കായ് നമ്മുടെ വിനോദ ചാനലുകൾ ഒരുങ്ങിക്കഴിഞ്ഞു. യുവനിര പ്രീമിയം സിനിമകൾ തന്നെയാണ് ഇവിടെ ഏറെ ആകർഷണം. ഒപ്പം മറുനാടൻ ഡബ്ബിംഗ് ചിത്രങ്ങളുമടക്കം 25ഓളം സിനിമകൾ ഈസ്റ്റർ നാളിൽ ടിവി പ്രേക്ഷകർക്ക് മുന്നിലെത്തും.
ഏഷ്യാനെറ്റിൽ രാവിലെ ഒമ്പതിന് യുവനടൻ ടോവിനോ തോമസിന്റെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിൽ തുടങ്ങുന്നു ആഘോഷം. ഉച്ചക്ക് 1.30ന്, അകാലത്തിൽ പൊലിഞ്ഞ യുവ ഗായകൻ സോമദാസിന്റെ കുടുംബത്തിന് സഹായകമാകുന്ന 'സ്നേഹപൂർവംസോമു'വിൽ മികച്ച കലാകാരന്മാർ പങ്കെടുക്കും. ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റും പ്രോഗ്രാം പങ്കാളികളാണ്.
ഉച്ചക്ക് 2.30ന് കോമഡി സ്റ്റാർ ടീമിന്റെ ബിഗ് ബോസ് സ്പെഷൽ ഷോ ചിരി നിറയുന്നതാണ്. വൈകുന്നേരം 3.30 നാണ് അജു വർഗീസ് നായകനായി എത്തിയ 'സാജൻ ബേക്കറി സിൻസ് 1962 ന്റെ വേൾഡ് പ്രീമിയർ സംപ്രേഷണം.
തുടർന്ന് 'ദേശീയ പുരസ്കാരത്തോടെ മരക്കാർ' എന്ന സ്പെഷൽ ഷോയിൽ മോഹൻലാൽ അടക്കമുള്ള താരങ്ങളും അണിയറക്കാരും ഒത്തുചേരും. പിന്നീട് ജനപ്രിയ പതിവ് പ്രോഗ്രാമുകൾ 'കോമഡി സ്റ്റാറും' സ്റ്റാർ സിംഗർ 'മ്യൂസിക്കൽ റിയാലിറ്റി ഷോയും 'ബിഗ്ബോസും സംപ്രേഷണത്തിനെത്തും.
മഴവിൽ മനോരമയിൽ ഫെബ്രുവരിയിൽ തീയേറ്ററിൽ റിലീസ് ചെയ്ത യുവനിര ചിത്രം 'യുവം 'ആണ് രാവിലെ ഒമ്പതിന് പ്രേക്ഷകരിൽ എത്തുന്നത്. ഉച്ചക്ക് ഒന്നിന് ജയറാം നായകനായി എത്തിയ 'ലോനപ്പന്റെ മാമോദിസ'യും വൈകുന്നേരം അഞ്ചിന് സതീഷ് പോൾ സംവിധാനം ചെയ്ത ത്രില്ലർ മൂവി 'ഗാർഡിയനും' ചാർട്ട് സിനിമകളിൽ പെടുന്നു.
സീ കേരളത്തിൽ രാവിലെ ഒമ്പതിന് നവാഗത സംവിധായകൻ ജെനിത് കാച്ചപ്പിള്ളിയുടെ 'മറിയം വന്ന് വിളക്കൂതി' സംപ്രേഷണം ചെയ്യും. പിന്നാലെ തെലുങ്ക് ചിത്രങ്ങളായ "എക്സ്പ്രസ് രാജ 'യും പ്രഭാസിന്റെ 'സഹോ'യും മലയാളം പറഞ്ഞു മലയാളി പ്രേക്ഷകരിലെത്തും.
സൂര്യ ടിവിയുടെ ഈസ്റ്റർ ആകർഷണം നടൻ ജയസൂര്യ നായകനായ 'വെള്ളം'സിനിമ യാണ്. ഉച്ചക്ക് 12.30ന് പ്രീമിയർ ചിത്രമായാണ് ടെലിവിഷനിൽ എത്തുന്നത്.
കൈരളി ടിവിയിലും വൈവിധ്യം നിറഞ്ഞ ഒട്ടെറെ പ്രോഗ്രാമുകൾ ചാർട്ട് ചെയ്തു കഴിഞ്ഞു. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മെഗാ സ്റ്റേജ് ഷോ, കണ്ണൂർ ധർമ്മടം മണ്ഡലത്തിൽ നടക്കുന്ന 'വിജയം' ഈ ചാനലിൽ സ്ഥാനം നേടുന്നുണ്ട്. തെന്നിന്ത്യൻ താരം പ്രകാശ് രാജ്, ഇന്നസെന്റ്, നവ്യ നായർ, ആശ ശരത്, അനുശ്രീ, ഹരീഷ് ശിവരാമകൃഷ്ണൻ, ഗായിക സിത്താര തുടങ്ങി വൻ താരനിര തന്നെയുണ്ട്.
ശ്രീനിവാസൻ നായകനായ പാസഞ്ചർ, ദിലീപ് ചിത്രം ചെസ്സ്, ഡബ്ബിംഗ് ചിത്രങ്ങളായ സൂര്യ വംശി, മിരുതനുവും കൂടാതെ വേൾഡ് മലയാളം ടെലിവിഷൻ പ്രീമിയറായി ലാൽ നായകനായ തമിഴ് സിനിമ 'ആന്റണി' മൊഴിമാറ്റം ചെയ്തു രാത്രി എട്ടിന് കൈരളിയിൽ എത്തും.
ഫ്ളവേഴ്സ് ചാനലിൽ 'കൊച്ചിൻ വൈറ്റ് കൊറസിന്റെ 'ഈസ്റ്റർ റെസിറ്റാൻസി'ന്റെ ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ആഘോഷങ്ങൾ വിരിയും. സിനിമകളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ചാനൽ ഹൈലൈറ്റ് ചെയ്യുന്ന പ്രോഗ്രാം 'ടോപ് സിംഗർ സ്റ്റാർ നൈറ്റ് 'ആണ്. ഒട്ടെറെ സെലിബ്രറ്റികൾ ഷോയുടെ ഭാഗമാകുന്നുണ്ട്.
കോടികൾ മുതൽ മുടക്കിയ സിനിമകൾ എങ്ങിനെ തിരിച്ചു പിടിക്കും എന്ന ആശങ്കകൾ ഇന്നത്തെ സാഹചര്യത്തിൽ ചാനലുകൾക്കുണ്ട്. അതു കൊണ്ടു തന്നെയാണ് ചെറുകിട ചിത്രങ്ങൾ ഇറക്കി പരീക്ഷണങ്ങൾക്ക് തയാറാകുന്നത്. തെരഞ്ഞെടുപ്പും പരീക്ഷകാലവും വ്യൂവെർഷിപ്പിൽ നൽകുന്ന തിരിച്ചടി ആഴ്ച കളായി തുടരുകയാണ്. ഇത് തെരഞ്ഞെടുപ്പ് വിധിയെഴുത്തു വരെ മാത്രമല്ല പിന്നെയും തുടരുമെന്നാണ് സൂചന.
എന്തായാലും പുതിയ സാമ്പത്തിക വർഷത്തെ ആദ്യ ആഘോഷമായെത്തുന്ന ഈസ്റ്റർ ഗുണം ചെയ്യുമെന്നാണ് ചാനലുകൾ കണക്കു കൂട്ടുന്നത്.
പ്രേംടി.നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.