സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിന്റെ ആഘോഷ തിമിർപ്പിലാണ് ഇപ്പോൾ നാടും നഗരങ്ങളും. അവിടെ നമ്മുടെ വാർത്തചാനലുകൾക്ക് നല്ല ഡിമാൻഡ് നേടുമ്പോൾ കനത്ത തിരിച്ചടിയാണ് മുഖ്യധാര വിനോദ ചാനലുകൾ നേരിടുന്നത്.
പിന്നിട്ട ഒരു മാസത്തെ പ്രതിവാര ടിആർപി റേറ്റിംഗിൽ വൻ ഇടിവാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകടമാക്കുന്നത്. ഇത് വിനോദ ചാനലുകളുടെ ബിസിനസിനെ തന്നെ പ്രതിസന്ധിയിലാക്കുമെന്നതാണ് ചാനലുകൾ വിലയിരുത്തുന്നത്.
മുൻനിര ചാനൽ ഏഷ്യാനെറ്റിൽ മോഹൻലാലിന്റെ 'ബിഗ് ബോസും' പോപ്പുലർ മ്യൂസിക്കൽ റിയാലിറ്റി ഷോ 'സ്റ്റാർ സിംഗറും'ഒരേ സീസണിൽ സംപ്രേഷണം ചെയുന്നത് ആദ്യമാണ്. എന്നിട്ടും ചാനൽ ടിആർപിയിൽ മികവ് നേടാനോ ആയിരം പോയിന്റ് കടക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.
സ്കൂൾ, കോളജ് പരീക്ഷകളും ടിവി റേറ്റിംഗിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. ഇവിടെ ഏറെ ശ്രദ്ധേയം മഴവിൽ മനോരമക്ക് ഈ വാരമേറ്റ ഇടിവാണ്. നാലാം സ്ഥാനത്തേക്കാണ് ചാനൽ തള്ളപ്പെട്ടത്. സ്വന്തം ന്യൂസ് ചാനലിന്റെ പ്രീ പോൾ സർവേ നേട്ടമായപ്പോൾ മറുഭാഗത്ത് മഴവിൽ മനോരമക്ക് കനത്ത നഷ്ടമായി മാറി. എന്നാൽ മൂന്നാം സ്ഥാനത്തേക്ക് പടികയറാൻ കഴിഞ്ഞത് സീ കേരളം ചാനലിന് വൻ നേട്ടവുമാണ്. ഫ്ലവേഴ്സ്, സൂര്യ, കൈരളി, അമൃത ചാനലുകൾക്കും വ്യൂവർഷിപ്പ് ഇടിവിൽ കഥ മറിച്ചല്ല.
വാർത്താ ചാനലുകൾ മികച്ച വ്യൂവർഷിപ് നേടുന്നത് തെരഞ്ഞെടുപ്പ് കാലയളവിലാണ്. അത് നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിൽ പറയുകയും വേണ്ട. ഇതിന്റെ റേറ്റിംഗ് ഉയർത്തിക്കാട്ടിയാണ് ചാനലുകൾ മാർക്കറ്റിംഗ് ബിസിനസ് നേടുന്നത്.
എന്നാൽ 2018ലെ പ്രളയകാലത്തെ വാർത്താപ്രാധാന്യം ടെലിവിഷൻ പ്രേക്ഷകരിൽ വൻ മാറ്റങ്ങൾ വരുത്തിയിരുന്നു. അതുകൊണ്ട് തന്നെ വിനോദ ചാനലുകളിലെ ടോപ് റേറ്റിംഗ് മറികടന്നു ചരിത്ര നേട്ടം കൊയ്യാൻ നമ്മുടെ വാർത്ത ചാനലുകൾക്ക് കഴിഞ്ഞിരുന്നു. പിന്നീടും ചില വാർത്തകളുടെ പ്രാധാന്യവും അതിന്റെ നേട്ടവും നാം കണ്ടതാണ്.
സമീപകാലത്ത് ചാനൽ വാർത്തകൾ ചോദ്യം ചെയ്യപ്പെടുന്ന ഒട്ടെറെ സംഭവങ്ങൾ കടന്നുപോയിട്ടുണ്ട്. റേറ്റിംഗിലെ സുതാര്യത തന്നെയായിരുന്നു വിവാദങ്ങൾക്ക് തുടക്കം. അങ്ങനെയാണ് 2021 ഫെബ്രുവരിയിൽ വാർത്താ ചാനലുകളുടെ റേറ്റിംഗ് പുറത്തുവിടുന്നതിന് വിലക്ക് ഏർപെടുത്തുന്നത്. അത് ഒരു പുതിയ ദേശീയ വാർത്ത ചാനലിന്റെ ടിആർപി റേറ്റിംഗ് പൊരുത്തക്കേടുകളുടെ ഭാഗമായി കോടതി ഇടപെടലിന്റെ ഭാഗമായിരുന്നു.
ഈ നിരോധനം മികച്ച വാർത്ത ചാനലുകൾക്ക് വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വാർത്തകളുടെ ജീവനായ ടിആർപി റേറ്റിംഗുമായി ബന്ധപ്പെട്ടാണ് പരസ്യദാതാക്കൾ ചാനലിൽ എത്തുന്നതും അത് ചാനലിന്റെ നിലനിൽപ്പിനു തന്നെ അനിവാര്യമാകുന്നതും.
പ്രേംടി.നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.