മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ടി വി അവതാരകനായി എത്തുന്ന "ബിഗ് ബോസ് സീസൺ 3' ഏഷ്യാനെറ്റിൽ ഫെബ്രുവരി 14ന് തുടക്കം കുറിക്കും. ചാനൽ ആധികാരികമായി വിവരം പുറത്തു വിട്ടില്ലെങ്കിലും അവസാന മിനുക്കു പണിയിലാണ് ഷോ നടക്കുന്ന ചെന്നൈ ഇവിപി ഫിലിം സിറ്റിയിലെ ബിഗ് ബോസ് ഹൗസ്. പ്രോഗ്രാം പ്രൊഡക്ഷൻ ചുമതലയുള്ള എൻഡമോൾ കമ്പനി യുടെ 250ൽ പരം അണിയറ പ്രവർത്തകരാണ് വമ്പൻ സെറ്റിനു പിന്നിൽ.
ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ എന്ന് വിശേഷിക്കപ്പെടുന്ന 'ബിഗ് ബ്രദറി'ന്റെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോ യുടെ ഹിന്ദി പതിപ്പ് 14 സീസൺ പിന്നിടുന്ന ഫൈനൽ ഘട്ടത്തിലാണ്.
മലയാളത്തിൽ പുതിയ സീസണിൽ പ്രോഗ്രാം ഘടനയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല. തികച്ചും ഒരു കോൺവെർസേഷൻ പെർഫോം സ്റ്റൈൽ തന്നെയാണ് മോഹൻലാൽ പിന്തുടരുക.എന്നാൽ വ്യത്യസ്ത സാഹചര്യങ്ങളിൽ, സ്വഭാവത്തിൽ, ജീവിത വീക്ഷണങ്ങളിലെത്തുന്ന മത്സരാർഥികൾ തന്നെയാകും ഈ ഷോയുടെ ആകർഷണവും വിജയ ഘടകവും.
അത് ആരൊക്കെ എന്ന ടിവി പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിടാൻ ആദ്യ എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും. എന്തായാലും ചലച്ചിത്ര, മിനി സ്ക്രീൻ, സോഷ്യൽ ആക്ടിവിസ്റ്റുകൾ, സാമൂഹിക മാധ്യമങ്ങളിൽ തിളങ്ങുന്നവരും "വിവാദ'ക്കാരെയുമൊക്കെ ബിഗ് ബോസ് ഹൗസിൽ കാണാം.
മോഹൻലാൽ നയിക്കുന്ന ഷോ എന്ന നിലയിൽ ഏറെ വാർത്ത പ്രാധാന്യം നേടുന്ന ബിഗ് ബോസുമായി ബന്ധപ്പെട്ട് ചർച്ചകളും അഭൂഹങ്ങളും വിമർശനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇത്തരം വാർത്തകളിലെ 'മാർക്കറ്റിംഗ്'ചാനലിന് നല്ല പ്രീ പബ്ലിസിറ്റിയായി മാറുന്നു എന്നതാണ് സത്യം.
എന്നാൽ ബിഗ് ബോസിന്റെ പിന്നിട്ട രണ്ടു സീസണിലും വ്യൂവർഷിപ്പിൽ തുണക്കുന്ന ഫാമിലി ഓഡിയൻസ് കൈവിട്ട കാഴ്ച കാണാം. യുവനിരയുടെ വ്യൂവർഷിപ്പിൽ വർധന നേടാനും കഴിഞ്ഞെങ്കിലും പുതിയ മത്സരാർഥികൾ ജനപ്രിയരാകണമെന്നതാണ് ചാനൽ കണക്കുകൂട്ടൽ.
കോവിഡ് നിയന്ത്രണത്തിലാണ് പൂർണമായും ബിഗ് ഹൗസ്. ആദ്യ സംപ്രേഷണത്തിനു മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർക്കുള്ള ബിഗ്ബോസ് വിസിറ്റ് ഒഴിവാക്കിയിട്ടുണ്ട്.
ബിഗ് ബോസ് ഇപ്പോൾ മലയാളത്തിൽ ഒരു പരീക്ഷണ റിയാലിറ്റി ഷോയാണ്. കഴിഞ്ഞ രണ്ടു സീസണിലും അതിന്റെ യഥാർഥ വ്യൂവർഷിപ്പ് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒന്നാം സീസണിൽ പ്രളയവും കഴിഞ്ഞ സീസണിൽ കോവിഡ് വ്യാപനത്തിൽ ഷോയുടെ നിർണായക ഘട്ടത്തിലാണ് നിർത്തിവയ്ക്കുന്നത്. അത് ചാനലിനു വൻ തിരിച്ചടിയായി.
ഇപ്പോൾ തീയറ്ററുകളിൽ ഫാമിലി പ്രേക്ഷകരുടെ അഭാവവും ചില ഭീതികളും പ്രേക്ഷകർക്കു മുന്നിലുണ്ട്. അതു കൊണ്ടുതന്നെ മോഹൻലാലിന്റെ ടിവി സാന്നിധ്യം കൊണ്ട് പുതിയ സീസൺ വൻ വിജയം നേടുമെന്നാണ് ചാനൽ കണക്കുകൂട്ടുന്നത്.
ഏഷ്യാനെറ്റും ബിഗ് ബോസ് നിർമ്മാണ കമ്പനിയും അവതാരകൻ മോഹൻലാലും തമ്മിലുള്ള പ്രോഗ്രാം കരാർ ഈ സീസണോട് അവസാനിക്കുകയാണ്. 60 കോടി കടക്കുന്ന വൻ ബജറ്റ് ടിവി ഷോയുടെ മലയാളത്തിന്റെ ഭാവി തീരുമാനിക്കുന്നതിലും നിർണായകമാണ് സീസൺ 3യുടെ വിജയം.
പ്രേം ടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.