എങ്ങനെ നീ മറക്കും
Thursday, November 16, 2017 3:03 AM IST
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാളികൾ ആരുമുണ്ടായിരുന്നില്ല. ആനന്ദവും അതിലേറെ വേദനയും ഒരേ സമയം പകരും വിധമാ യിരുന്നു അതിന്റെ ഈ ണവും താളവും. അതിനൊപ്പം ശംഭുവും പ്രേമും ശോഭയും പ്രേക്ഷക മുന്നിലേക്ക് അവരുടെ പ്രണയത്തിന്റെ നേട്ടവും നഷ്ടവുമായെത്തിയപ്പോൾ ഈ ഗാനത്തിന്റെ ആനന്ദവും വ്യസനവും പ്രേക്ഷക മനസിലേക്കെത്തുകയായിരുന്നു. ശോഭയുടെ ഗായകനായി പ്രേ മെത്തിയപ്പോൾ നഷ്ടപ്രണയത്തിന്റെ വേദനയും ആത്മ സൗഹൃദത്തിന്റെ സുഖവുമായി ശംഭുവും യാത്രയായി.
എങ്ങനെ നീ മറക്കും എന്ന പേരിന്റെ എല്ലാ മാനങ്ങളും പകരുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. എണ്പതുകളിൽ പ്രണയത്തിന്റെ ചുവടുപിടിച്ചെത്തിയ പതിവു ചിത്രങ്ങളിലൊന്നാണെങ്കിലും അന്നും ഇന്നും പ്രേക്ഷകരുടെ സ്വീകാര്യത നേടുന്നതിൽ ചിത്രം വിജയിക്കുന്നുണ്ട്. മോഹൻലാൽ, ശങ്കർ, മേനക എന്നിവരുടെ കഥാപാത്രങ്ങളിലൂടെ ത്രികോണ പ്രണയത്തിന്റെ ഹാസ്യവും വിഷാദവുമടങ്ങുന്ന വൈകാരികതയെ ഏറെ മികവോടെ പകരുന്നതിൽ ചിത്രം വിജയിച്ചു. ഹിറ്റ്മേക്കർ പ്രിയദർശൻ രചന ഒരുക്കിയ ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത് എം. മണിയായിരുന്നു. 1983-ൽ റിലീസായ ചിത്രത്തിലെ മറ്റൊരു വിജയ ഘടകം ശ്യാമിന്റെ സംഗീതമായിരുന്നു.
ശംഭുവായി മോഹൻലാലും പ്രേമായി ശങ്കറും ശോഭയായി മേനകയുമാണ് ചിത്രത്തിലെത്തിയത്. ഇവർക്കൊപ്പം അടൂർ ഭാസി, ശങ്കരാടി, പൂജപ്പുര രവി, സുകുമാരി, അനുരാധ, വി.ഡി രാജപ്പൻ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ശങ്കർ- മേനക കൂട്ടുകെട്ട് തന്നെ വിജയ ഘടകമായ ചിത്രത്തിൽ തന്റെ പതിവു മാനറിസവുമായി മോഹൻലാലും മികച്ചു നിൽക്കുന്നുണ്ട്. ഏറെ ലാളിത്യത്തോടെ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം അതിലേക്ക് പ്രണയവും ഹാസ്യവുമൊക്കെയായി രസക്കൂട്ട് വിതറുന്നുണ്ട്. കഥാഗതിയിൽ നോവു പകർന്ന് അപ്രതീക്ഷിതമായൊരു ക്ലൈമാക്സിലൂടെ പ്രേക്ഷക മനസിലേക്ക് ഇടം നേടുകയാണ് മൂന്നു കഥാപാത്രങ്ങളും. അതിനനുസൃതമായി ദേവദാരു പൂത്തു എന്ന ഗാനം രണ്ടു സാഹചര്യങ്ങളിലെത്തി ചിത്രത്തെ വൈകാരികമായി ചേർത്തു വെയ്ക്കുന്നു. ശോഭയുടെ സ്വപ്നങ്ങളിലെ ഏഴു സ്വരങ്ങൾ പാടാനെത്തുന്ന ഗായകനായി പ്രേമിന്റെ കൈപിടിച്ചു കൊടുക്കുന്പോൾ ശംഭു മരണത്തിനു മുന്നിലും ഏറെ സന്തോഷിച്ചു.
ഏറെ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തുകയാണ് ശംഭു. അവനെ കാത്ത് ആത്മസുഹൃത്തായ പ്രേം നാട്ടിലുണ്ട്. നാട്ടിലെ പ്രമാണിക്കു ജാരസന്തതിയായി പിറന്നതിന്റെ പേരിൽ ഏറെ ക്ലേശകരമായിരുന്നു ശംഭുവിന്റെ ബാല്യം. ബാല്യത്തിൽ ഏക ആശ്രയം പ്രേമും അവന്റെ കുടുംബവുമായിരുന്നു. ഇന്നു ശംഭു പട്ടണത്തിൽ വലിയ പണക്കാരനും ഭാഗവതരുടെ മകനായ പ്രേം ഒന്നുമില്ലാത്തവനുമാണ്. പ്രേമിനെ വലിയ പാട്ടുകാരനാക്കാമെന്ന് അമ്മയ്ക്കു വാക്കുകൊടുത്ത് പ്രേമിനെ കൂട്ടി ശംഭു പട്ടണത്തിലേക്കു പോകുന്നു.
പട്ടണത്തിൽ ഏറെ സ്ത്രീ സുഹൃത്തുക്കളുള്ള ശംഭുവിന്റെ ജീവിതം പ്രേമിന് ആദ്യം ദേഷ്യം വരുത്തുന്നുവെങ്കിലും സ്നേഹം കിട്ടാതെ വളർന്നവന്റെ നോവ് അവൻ തിരിച്ചറിയുന്നു. പ്രേമിലെ ഗായകനെ വളർത്താനുള്ള അവസരങ്ങൾ ശംഭു തേടിയതിനൊടുവിൽ പ്രേം വലിയ പാട്ടുകാരനാകുന്നു. ഇതിനിടയിൽ ശോഭ എന്ന പെണ്കുട്ടിയുമായി ശംഭു ഇഷ്ടത്തിലായി. അതേ സമയം ശോഭയെ തന്നെയായിരുന്നു ശംഭുവും ആദ്യമായി മനസ് തുറന്നു പ്രണയിക്കുന്നതും. പ്രേമുമായുള്ള വിവാഹം വീട്ടിൽ സമ്മതമാണെന്ന സന്തോഷത്തിനൊടുവിലാണ് ശംഭു പ്രണയിക്കുന്ന പെണ്കുട്ടി ശോഭയാണെന്നു പ്രേം തിരിച്ചറിയുന്നത്. ശംഭുവിന്റെ ഒറ്റപ്പെട്ട ജീവിതത്തിൽ ശോഭ എത്താനായി പ്രേം അവളെ വേദനിപ്പിച്ചുകൊണ്ടു പ്രണയത്തിൽ നിന്നും പിൻമാറി. അവളുടെ മനസിൽ തന്നോട് ദേഷ്യം വരുത്തി.
ശംഭുവിന്റെയും ശോഭയുടേയും വിവാഹ ചടങ്ങിനിടയിൽ വിഷം ഒഴിച്ചുവെച്ച് പ്രേം അതു കുടിച്ചു മരിക്കാനൊരുങ്ങുന്നു. ഒരുകാലത്ത് സന്തോഷത്തോടെ പാടിയ ദേവദാരു പൂത്തു എന്ന ഗാനം വീണ്ടും നഷ്ട പ്രണയത്തിന്റെ വേദനയോടെ പാടി. എന്നാൽ പാട്ടിനൊടുവിൽ കുഴഞ്ഞു വീഴുന്ന ശംഭു, പ്രേമിന്റെയും ശോഭയുടേയും ഇഷ്ടം തിരിച്ചറിഞ്ഞിരുന്നെന്നും അവർ വിവാഹം കഴിക്കണമെന്നും ആശീർവദിക്കുന്നു. ഒപ്പം പ്രേം കഴിക്കാൻ വച്ചിരുന്ന വിഷം താനാണ് കഴിച്ചതെന്നും അവരുടെ സ്വപ്നങ്ങൾ പൂവണിയാനായി താൻ മരിച്ചോളാമെന്നും അവൻ പറഞ്ഞു. സ്നേഹം എന്തെന്നറിയാതെ പോയവനെങ്കിലും സുഹൃത്തിനെ നോവിച്ച് തനിക്കൊരു ജീവിതം വേണ്ടന്നു തീരുമാനിച്ച് ശംഭു യാത്രയായി... ആ ശംഭുവിനെ എങ്ങനെ മറക്കും..?
തയാറാക്കിയത്: അനൂപ് ശങ്കർ