അവിടത്തെപ്പോലെ ഇവിടെയും
Saturday, September 2, 2017 10:41 AM IST
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്നു കെ.എസ് സേതുമാധവൻ. വാണിജ്യപരമായും കലാപരമായും സേതുമാധവന്റെ ചിത്രങ്ങളോരോന്നും ഇന്നും കാഴ്ചയെ ആകർഷിക്കുന്നവ തന്നെയാണ്. മൂന്നു പതിറ്റാണ്ടു നിറഞ്ഞ നിന്ന സേതുമാധവന്റെ സിനിമകളിൽ 1985-ൽ റിലീസായ ശ്രദ്ധേയമായ ചിത്രമായിരുന്നു അവിടുത്തെപ്പോലെ ഇവിടെയും.
ഒരു ചെറുകഥ വായിക്കുന്നതുപോലെ സുഖം പകരുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ ആകർഷണീയത. മമ്മൂട്ടിയും മോഹൻലാലും നായകവേഷത്തിലെത്തിരിക്കുന്നു എന്നതും ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയായിരുന്നു. രണ്ട് ആത്മാർഥ സുഹൃത്തുക്കളും അവരുടെ കുടുംബ ജീവിതവും ലളിത സുന്ദരമായി പറഞ്ഞിരിക്കുന്ന ചിത്രം ഇന്നും ആസ്വാദന നിലവാരത്തിൽ ഏറെ സ്വീകാര്യത നേടുന്നതാണ്. ശോഭന, കവിത ഠാക്കൂർ, എം.ജി സോമൻ, അടൂർഭാസി, അടൂർ ഭവാനി, കരമന ജനാർദ്ദനൻ എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രം രണ്ടു ജീവിതാവസ്ഥയിലുള്ള കുടുംബത്തിന്റെ കഥയാണ് പറയുന്നത്. ദാന്പത്യത്തിലെ പ്രണയവും കലഹവും വേർപാടും അവരുടെ കൂടിച്ചേരലുമൊക്കെ ഒരു ചങ്ങലക്കണ്ണിപോലെ മനോഹരമായി ഇഴ ചേർത്തിരിക്കുകയാണ് ഈ ചിത്രത്തിൽ.
"അവിടത്തെ പോലെ ഇവിടെയും’ എന്ന വാചകം സാധാരണയായി കത്തുകളിലാണ് നമ്മൾ ഉപയോഗിക്കുന്നത്. രണ്ടും കുടുംബങ്ങളുടെ ആശയ വിനിമയത്തിൽ ഇരുവരും സൗഖ്യമായി സന്തോഷത്തോടെ ഇരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഇവിടെ അനി- നീലിമയുടേയും സുകു- ദേവിയുടേയും കുടുംബകഥ പറഞ്ഞ ചിത്രത്തിന് ഉചിതമായ തലക്കെട്ടായിരുന്നു ഇത്. സി. രാധാകൃഷ്ണന്റെ കഥയ്ക്കു ജോണ്പോളാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നാട്ടിൻ പുറത്തുകാരനായ അനി ജോലി സംബന്ധമായി ടൗണിലെത്തുന്നതോടെയാണ് സുകുവിനെ പരിചയപ്പെടുന്നത്. ടൗണിൽ രവിയ്ക്കും രാഘവേട്ടനുമൊപ്പമാണ് അനിയും സുകുവും താമസിച്ചിരുന്നത്. മുത്തശ്ശിക്കു സുഖമില്ലെന്നറിഞ്ഞു നാട്ടിലേക്കു തിരിക്കുന്ന അനിക്കു കൂട്ടായി സുകുവും യാത്ര തിരിക്കുന്നു. അവിടെയെത്തുന്ന സുകുവിന് അനിയുടെ സഹോദരി ദേവിയോട് ഇഷ്ടം തോന്നുന്നു. തിരിച്ചു ടൗണിലെത്തുന്ന സുകു തന്റെ മനസിലെ ആഗ്രഹം രവി മുഖേന അനിയെ അറിയിക്കുകയും കല്യാണം ഉറപ്പിക്കുകയും ചെയ്യുന്നു. തന്റെ സഹോദരി നീലിമയെ അനിക്കു ആലോചിക്കുന്നതും സുകുവായിരുന്നു. അങ്ങനെ ഒരു ദിവസം തന്നെ അനിയും നീലിമയും തമ്മിലും സുകുവും ദേവിയും തമ്മിലുമുള്ള വിവാഹം നടത്തുന്നു.
നാട്ടിൻപുറത്തെത്തുന്ന നീലിമയ്ക്കു അവിടുത്തെ ചുറ്റുപാടുകൾ ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുവെങ്കിലും അവൾ അതിനോടൊക്കെ ഇണങ്ങിച്ചേർന്നു. കാരണം അനിയോട് അവൾക്കത്രയും സ്നേഹമായിരുന്നു. ടൗണിലെത്തുന്ന ദേവിക്കു നാഗരിക ജീവിതം അപരിചിതമെങ്കിലും സുകുവിന്റെ സ്നേഹത്താൻ ജീവിതം ഭംഗിയായി മാറുന്നു. നാട്ടിൻപുറത്തെ ജീവിതം ഇപ്പോഴും മനസിൽ കിടക്കുന്ന അനിയുടെ ഭാര്യാസങ്കൽപത്തിനൊപ്പമെത്താൻ നീലിമ എപ്പോഴും ബുദ്ധിമുട്ടിയിരുന്നു. എങ്കിലും അവരുടെ സ്നേഹത്തിനു മുന്നിൽ കലഹങ്ങളെല്ലാം മറന്നു. ഇതിനിടയിൽ സുകു-ദേവി ദന്പതിമാർക്ക്ഒരു കുഞ്ഞു പിറന്നു.
നീലിമയ്ക്കു ജോലിക്കു പോകണമെന്ന നിർബന്ധവും അനിയ്ക്കു ലഭിക്കുന്ന ഗൾഫ് ജോലി അവൻ നിഷേധിക്കുന്നതുമൊക്കെ അവർക്കിടയിലെ പ്രശ്നം രൂക്ഷമാക്കി. അനി നീലിമയെ അടിക്കുകയും അവൾ വീടു വിട്ടുപോവുകയും ചെയ്തു. ഇതറിഞ്ഞ സുകു അനിയോട് സംസാരിക്കുകയും അതിന്റെ പേരിൽ ദേവിയോട് വഴക്കിടുകയും ചെയ്യുന്നു. അനിയോടുള്ള ദേഷ്യത്തിൽ ദേവിയെ തിരിച്ചു വീട്ടിൽ കൊണ്ടാക്കുന്നു. എന്നാൽ അച്ഛനെപോലെ കണ്ടിരുന്ന രാഘവേട്ടനു സുഖമില്ലാതാകുന്നതോടെ വീണ്ടും സുകുവും അനിയും ഒന്നിക്കുന്നു. പ്രശ്ന പരിഹാരത്തിനു നീലിമയോട് വിവാഹ ബന്ധം വേർപെടുത്തുന്നതിനെപ്പറ്റി സുകു സൂചിപ്പിക്കുന്നു. അവളുടെ മുന്നിൽ സുകുവും അനിയും വഴക്കിടുന്നതായി അഭിനയിക്കുന്നതോടെ നീലിമ തന്റെ വാശി വിട്ട് അനിയുമായി ഒന്നിച്ചു.
എന്നാൽ ദേവിയെ വിളിക്കാൻ എത്തുന്ന സുകുവിനോട് താൻ വരില്ലെന്ന് അവൾ പറയുന്നു. എന്നാൽ മുത്തശി കുഞ്ഞിനെ വളർത്തുമെന്നു പറയുന്നതോടെ അവളുടെ ക ള്ളപ്പിണക്കം മാറി. തുടർന്ന് എല്ലാവരും സന്തോഷത്തിലാകുന്നതോടെ ചിത്രം അവസാനിക്കുന്നു.
ആദ്യമധ്യാന്തം പ്രേക്ഷകർക്കു പുഞ്ചിരി സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്. സംഘർഷ ഭരിതമോ, സംഭ്രമ നിമിഷങ്ങളോ ഇല്ലാതെ ലളിത സുന്ദരമായി കഥ പറഞ്ഞ് മനസ് നിറയ്ക്കുന്നിടത്താണ് അവിടുത്തെപ്പോലെ ഇവിടെയും ജനപ്രീതി നേടുന്നത്.
തയാറാക്കിയത്: അനൂപ് ശങ്കർ