അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
Friday, August 11, 2017 1:58 AM IST
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമയ. മരണത്തിൽ നിന്നും ജീവിതത്തിലേക്കു നയിച്ചാലും എന്നതാണ് ഇതിന്റെ അർഥം. മരണത്തിന്റെ ഇരുണ്ട കയത്തിൽ നിന്നും ജിവിതത്തിന്റെ പ്രകാശത്തിലേക്കു ദൈവമേ നീ എന്നെ നയിച്ചാലും എന്നുള്ള പ്രാർഥനയാണിത്. നാശത്തിൽ നിന്നും ജീവിതത്തിലേക്കുള്ള കുറച്ചു ജീവിതങ്ങളുടെ ഗമനകഥയായിരുന്നു 1987-ൽ എം.ടി വാസുദേവൻ നായർ രചന ഒരുക്കിയ അമൃതം ഗമയ എന്ന ചിത്രം പറഞ്ഞത്.
മലയാളത്തിനു എന്നും മികച്ച സിനിമാ കാവ്യങ്ങളൊരുക്കിയ കൂട്ടുകെട്ടാണ് സംവിധായകൻ ഹരിഹരനും എം.ടി വാസുദേവൻ നായരും. ഈ കൂട്ടുകെട്ടിൽ 1986-ലെത്തിയ പഞ്ചാഗ്നിക്കു ശേഷം മോഹൻലാൽ, ഗീത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു അമൃതം ഗമയ. പഞ്ചാഗ്നി ഒരു സ്ത്രീപക്ഷ സിനിമയായിരുന്നെങ്കിൽ അമൃതം ഗമയ മോഹൻലാലിന്റെ ഡോ. ഹരിദാസൻ എന്ന കഥാപാത്രത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. മെഡിക്കൽ വിദ്യാർഥിയായിരുന്നപ്പോൾ റാഗിംഗിനിടയിലെ ഒരു സംഭവം പിന്നീടുള്ള ഹരിദാസിന്റെ ജീവിതത്തെ നിരന്തരം വേട്ടയാടുന്നതും അതിന്റെ പരിണിത പ്രവൃത്തികളുമാണ് ചിത്രത്തിലുള്ളത്.
മോഹൻലാലിനൊപ്പം ഗീത, പാർവതി, വിനീത്, തിലകൻ, ദേവൻ, ബാബു നന്പൂതിരി, കരമന ജനാർദ്ദനൻ നായർ എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രം ഇന്നും കാലിക പ്രസക്തമായ വിഷയമാണ് പറയുന്നത്. അതുകൊണ്ടു തന്നെ പിന്നീടും നിരവധി സിനിമകൾക്ക് അമൃതം ഗമയ ഹേതുവായിട്ടുണ്ട്. എം.ടിയുടെ രചനാ വൈഭവം ഹരിദാസനിലൂടെ വിളയാടിയപ്പോൾ മോഹൻലാലിന്റെ അഭിനയ മികവിനും അമൃതം ഗമയ വേദിയൊരുക്കി. ഒപ്പം കൃത്രിമത്വവും അതിഭാവുകത്വവുമായി കൂപ്പുകുത്താതെ മിതമായ രീതിയിൽ ചിത്രം അണിയിച്ചൊരുക്കാൻ ഹരിഹരനു സാധിച്ചു. ഒരു ഗാനം പോലുമില്ലാതെ എത്തിയ ചിത്രത്തിൽ എം.ബി ശ്രീനിവാസൻ ഒരുക്കിയ പശ്ചാത്തല സംഗീതം കഥയുടെ സ്വഭാവത്തിനെ പ്രേക്ഷകരിലേക്കു പകരുന്നതായിരുന്നു.
ശ്രീദേവി പഠിത്തം പൂർത്തിയാക്കി ഹരിദാസനൊപ്പം മടങ്ങിവരുന്നിടത്താണ് കഥ തുടങ്ങുന്നത്. പാതിവഴിയിലെ വിശ്രമവേളയിൽ കഥ പിന്നിലേക്കു സഞ്ചരിക്കുകയാണ്. അമ്മാവൻ കുറുപ്പിന്റെ ചെലവിലാണ് ഹരിദാസൻ ഡോക്ടർ പഠിത്തം പൂർത്തിയാക്കുന്നത്. അമ്മാവന്റെ മകളായ ഭാനുവുമായി കല്യാണം പറഞ്ഞുവച്ചിരിക്കുന്നു. നാട്ടിലെ ആശുപത്രിയിൽ ജോലിയും അമ്മാവന്റെ വീടിനോടു ചേർന്നു പ്രത്യേക ചികിത്സയും ആരംഭിച്ചു. എന്നാൽ തന്നിലൂടെ പല നേട്ടങ്ങൾ കൊയ്യാൻ സ്വപ്നം കണ്ട അമ്മാവനെയും മക്കളെയും ഹരിദാസൻ നിരാശനാക്കി. തനിക്കു ശരി എന്നതു ഹരിദാസൻ ചെയ്യുന്നതോടെ അവർ അവന്റെ ശത്രുവായി. അതോടെ ഹരിദാസൻ മറ്റൊരു വാടക വീട്ടിലേക്കു താമസം മാറി.
പുതിയ വീടിന്റെ അയൽപക്കത്താണ് അന്പലവാസിയായ ഇളയതും കുടുംബവും താമസിച്ചിരുന്നത്. ഇളയതിന്റെ സുഖമില്ലാത്ത ഭാര്യയെ ഹരിദാസ് ചികിത്സിച്ചു. പത്താം ക്ലാസ് പഠിത്തം കഴിഞ്ഞു നിൽക്കുകയാണ് ശ്രീദേവി. താൻ റാംഗിംഗ് ചെയ്തപ്പോൾ മരിച്ച ഉണ്ണിയുടെ കുടുംബമാണ് ഇതെന്നു പിന്നീടാണ് ഹരിദാസ് തിരിച്ചറിയുന്നത്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും തല്ലിക്കെടുത്തി അവരെ നാശത്തിന്റെ പടുകുഴിയിൽ തള്ളിയിട്ടതിന്റെ പാപഭാരമായി പിന്നീട് ഹരിദാസിന്റെ മനസുനിറയെ. ഇതിനിടയിൽ ഭാനുവിനും വേറെ കല്യാണം വീട്ടുകാർ ഉറപ്പിക്കുന്നു. കടപ്പാടിന്റെ പേരിൽ അവിടെയും സ്വയം പീഡിതനാവാൻ അവൻ വിധിക്കപ്പെട്ടു. സംഘർഷങ്ങൾ ഏറുന്നതോടെ മയക്കു മരുന്നിന്റെ ഉപയോഗത്തിലേക്കും തിരിഞ്ഞു. ഒപ്പം ശത്രുക്കളുടെ പീഡനവും വലുതായിരുന്നു. ഇതൊക്കെ കണ്ടു മാറി നിന്നു കരയാനെ ശ്രീദേവിക്കും കഴിഞ്ഞുള്ളു.
ഉണ്ണിയുടെ അപമൃത്യുവിന്റെ കാരണം താനാണെന്നും അവന്റെ ആത്മാവിനായി പൂജ ചെയ്യണമെന്നും ഇളയതിനെ ഹരിദാസൻ അറിയിച്ചു. ഓർമകളിൽ നിന്നും കൂടിറങ്ങുന്പോൾ ഹരിദാസ് ശ്രീദേവിയെ പഠിപ്പിച്ച് ഡോക്ടറാക്കിയിരുന്നു. ഡോ. ശ്രീദേവി എന്നു പേരെഴുതിയ വീടിനു മുന്നിൽ അവർ വന്നിറങ്ങി. ഒന്നുമല്ലാതായിപ്പോകേണ്ടിടത്തു നിന്നും ശ്രീദേവിയുടെ ജീവിതം സുരക്ഷിതമാക്കി അയാൾ യാത്രയാകുന്നു.
താൻ കാരണം അണഞ്ഞു പോകേണ്ടിയിരുന്ന ഒരു നിലവിളക്കിന് ഏഴുതിരി വർണം ചാലിക്കാൻ ഹരിദാസിനു കഴിഞ്ഞു. ഉണ്ണിയിലൂടെ ശ്രീദേവിയ്ക്കു നഷ്ടപ്പെട്ട സ്വപ്നത്തിനെ പുതിയൊരു ജീവിതത്തിലൂടെ അവൻ സാധ്യമാക്കുന്നു. ഹരിദാസും ചെയ്തത് അതുമാത്രമാണ്... അമൃതം ഗമയ.
തയാറാക്കിയത്: അനൂപ് ശങ്കർ