ഒരായിരം കനവിന്‍റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു മറവത്തൂർ കനവ്'. അനുജൻ ചെയ്ത പാപഭാരവുമായി ജീവിക്കാൻ വിധിക്കപ്പെട്ട ചാണ്ടിച്ചായൻ ആ ശവപ്പറന്പിലേക്കു നടന്നു കയറിയത് ഒന്നും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല. അവിടെ നിന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്പോഴും അവൻ പരിതപിച്ചില്ല. കാരണം വേദനകൾ വ്രണപ്പെടുത്തി മരവിച്ചു പോയതായിരുന്നു ഇരു വശത്തും തീർത്തിരുന്ന മുറിവുകൾ.

ശ്രീനിവാസന്‍റെ തിരക്കഥയിൽ ലാൽജോസ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി ചിത്രത്തിൽ ചാണ്ടിച്ചായൻ എന്ന കേന്ദ്ര കഥാപാത്രമായപ്പോൾ ബിജു മേനോൻ മൈക്കിളായും മോഹിനി മേരിയായും ദിവ്യ ഉണ്ണി ആനിയായും പ്രേക്ഷകരുടെ ഇഷ്ടം നേടി. ഇവരെ കൂടാതെ ശ്രീനിവാസൻ, നെടുമുടി വേണു, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങി വലിയൊരു താരനിരയോടെ എത്തിയ ചിത്രമായിരുന്നു ഇത്. ലാൽജോസിന്‍റെ ആദ്യ സംവിധാന സംരംഭമെങ്കിലും തികഞ്ഞ കൈയൊതുക്കത്തോടും മികവാർന്ന രീതിയിലും ചിത്രമൊരുക്കാൻ അദ്ദേഹത്തിനു സാധിച്ചു.



സാധാരണക്കാരന്‍റെ കഥാപശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. ഒരു ശവസംസ്കാരം കാണിച്ചാണ് തുടങ്ങുന്നതെങ്കിലും പ്രേക്ഷകർക്ക് മികച്ച ആസ്വാദനം പകരുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. മൈക്കിളും മേരിയും മകനും മറവത്തൂരിലേക്കെത്തുന്നത് പുതിയൊരു ജീവിതത്തിനു വേണ്ടിയായിരുന്നു. അവിടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

തരിശായിക്കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കി ജീവിതം പച്ചപിടിപ്പിക്കാം എന്ന സ്വപ്നത്തോടെയാണ് മൈക്കിളും മേരിയും മറവത്തൂരിൽ എത്തുന്നത്. എന്നാൽ അവരുടെ ശ്രമങ്ങൾക്ക് പല തടസങ്ങൾ കടന്നുവരുന്നതോടെ മൈക്കിളിന്‍റെ ചേട്ടനായ ചാണ്ടിച്ചനും കൂട്ടുകാരും ഇവരുടെ സഹായത്തിന് എത്തുകയാണ്.

മൈക്കിളിന്‍റെ പ്രശ്നത്തിൽ ചാണ്ടി ഇടപെട്ട് തുടങ്ങുന്നതോടെ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി. ഇതിനിടെ അയൽവാസിയായ ആനിക്ക് ചാണ്ടിയോട് പ്രണയം തോന്നുന്നുമുണ്ട്. മൈക്കിളിന്‍റെ ഭൂമി സ്വന്തമാക്കാൻ മോഹിക്കുന്ന പ്രമാണിയുടെ ജോലിക്കാരനായ മരുത് ഇവർക്കിടയിലേക്ക് എത്തുന്നതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. മൈക്കിളിന്‍റെ മദ്യപാനവും ചീട്ടുകളിയും കുടുംബത്തെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.



മറവത്തൂരിലെ ഉത്സവ ആഘോഷത്തിനിടയിൽ നാട്ടിലേക്ക് അത്യാവശ്യമായി ചാണ്ടിക്കു പോകേണ്ടി വരുന്നതോടെയാണ് കുടുംബത്തെ ദുരന്തം വേട്ടയാടി തുടങ്ങുന്നത്. സഹോദരൻ വീടുവയ്ക്കാൻ നൽകിയ പണം ചീട്ടുകളിച്ച് കളഞ്ഞ മൈക്കിളുമായി മേരി തർക്കത്തിൽ ഏർപ്പെടുന്നു. മൈക്കിളിന്‍റെ അടിയേറ്റ് മേരി നദിയിൽ പതിച്ചു. മൈക്കിൾ താൻ ചെയ്ത പാപം ചാണ്ടിയോട് ഏറ്റു പറഞ്ഞു.

എന്നാൽ ചാണ്ടിയും മേരിയും ഒളിച്ചോടിയെന്നു മരുതും സംഘവും പറഞ്ഞു പ്രചരിപ്പിച്ചു. മൈക്കിളിന്‍റെ മകന് അപ്പൻ നഷ്ടമാകാതിരിക്കാൻ ആ പാപഭാരം ചാണ്ടി ഏറ്റെടുത്തു. എന്നാൽ തന്‍റെ ചെയ്തിയിൽ നീറി മരിച്ച മൈക്കിളിന്‍റെ ശവശരീരം കാണാനെത്തുന്ന ചാണ്ടിയെ മൈക്കിളിന്‍റെ മകൻ അക്രമിക്കുന്നു. ആനിക്കും താൻ വെറുക്കപ്പെട്ടവനായി എന്നു ചാണ്ടി തിരിച്ചറിയുന്നു. ഒടുവിൽ തന്‍റെ പെറ്റമ്മയായ മേരിയെ വെറുക്കുന്ന മൈക്കിളിന്‍റെ മകനു വേണ്ടി ചാണ്ടി സത്യം എല്ലാം പുറത്തുപറയുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.



പതിവു ശ്രീനിവാസൻ തിരക്കഥയുടെ എല്ലാ സ്വഭാവങ്ങളും ഈ ചിത്രത്തിലും പ്രകടമാകുന്നുണ്ട്. പാത്രസൃഷ്ടിയിലും തിരക്കഥാ രചനയിലും ഉള്ള ശ്രീനിയുടെ കൈയൊപ്പു നഷ്ടമാക്കാതെ തന്നെ ഇതിനെ ഒരു സംവിധായകന്‍റെ സിനിമയാക്കാൻ ലാൽ ജോസിനു സാധിച്ചു. ചിത്രത്തിൽ തികഞ്ഞ മെയ്‌വഴക്കത്തോടെ മമ്മൂട്ടി ചാണ്ടിച്ചൻ എന്ന കഥാപാത്രമായി മാറി.

സിയാദ് കോക്കർ നിർമിച്ച ഈ ചിത്രത്തിന്‍റെ പാട്ടുകളും ഏറെ ജനപ്രീതി നേടിയവയാണ്. വിദ്യാസാഗറിന്‍റെ ഈണത്തിലെത്തിയ ഗാനങ്ങൾക്കു ഹൃദ്യമായ വരികൾ രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയാണ്. ചലച്ചിത്ര ഭാഷ്യമൊരുക്കുന്നതിൽ കാമറമാൻ വിപിൻ മോഹൻ വഹിച്ച പങ്കും ചെറുതല്ല.

ഒരു കനവ് പോലെ മറവത്തൂരിലെ സാധാരണക്കാരന്‍റെ ജീവിതവുമാണ് ചിത്രം പറയുന്നത്. അതിൽ പ്രതീക്ഷയുണ്ട്, വേദനയുണ്ട്, ആനന്ദമുണ്ട്... ഒപ്പം പ്രേക്ഷകർക്ക് ഓർത്തിരിക്കാനുള്ള അനുഭവങ്ങളും.