മുത്തോട് മുത്ത്
Friday, October 27, 2017 2:55 AM IST
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചിട്ടുണ്ട്. ഇന്നു പ്രാദേശിക ഭാഷാ ചിത്രങ്ങൾ പോലും ദൃശ്യ വിസ്മയത്തിലാണ് മുന്നേറുന്നത്. അതുകൊണ്ടു തന്നെ കഥയുടെ പ്രാധാന്യം വല്ലാതെ നഷ്ടമായിരിക്കുന്നു. നുറുങ്ങ് സംഭവങ്ങളും സാഹചര്യങ്ങളും ഇന്നു സിനിമ ഭാഷ്യമായി മുന്നിലെത്തുന്പോൾ എണ്പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ ശക്തിദുർഗമായിരുന്നത് അതിന്റെ കഥകളായിരുന്നു. താരങ്ങൾ സിനിമയുടെ ആകർഷണീയതയാണെങ്കിലും പ്രേക്ഷകരെ വൈകാരികമായി അടുപ്പിച്ചത് കഥ തന്നെ. പരീക്ഷണങ്ങൾ പോലും ശക്തമായി കഥയുടെ പിൻബലത്തിലായിരുന്നു. ഒരുപക്ഷേ, ഇന്നു കഥകളുടെ ക്ഷാമം തന്നെയാകാം സിനിമയുടെ ഘടനയേയും മാറ്റിയെഴുതിയതും.
ലളിതമായ ഒരു കഥയെ അതിന്റെ എല്ലാ നൈർമ്മല്യത്തോടുംകൂടെ പറഞ്ഞ ചിത്രമായിരുന്നു 1984-ൽ എം. മണി സംവിധാനവും നിർമ്മാണവും നിർവഹിച്ച മുത്തോടുമുത്ത്. കൈക്കുന്പിളിൽ സൂക്ഷിക്കാവുന്ന മുത്തുപോലെ കാഴ്ചക്കാരന്റെ മനസ് കീഴടക്കുന്ന കഥാപാത്രമായിരുന്നു ചിത്രത്തിലെ ആച്ചിയമ്മ. മേനകയുടെ നിഷ്ക്കളങ്ക സൗന്ദര്യവും അഭിനയ വഴക്കവും ആച്ചിയമ്മയിലൂടെ വെള്ളിത്തിരയിലെത്തിയപ്പോൾ അതു മറ്റൊരു കാഴ്ചാനുഭവമാണ് സൃഷ്ടിച്ചത്. ഇതിനൊപ്പം തന്നെ അക്കാലത്തെ ഹിറ്റ് പ്രണയജോഡി ശങ്കർ-മേനക രസതന്ത്രം ചിത്രത്തിനു മികച്ച വിജയം നേടിക്കൊടുത്തു. ബേബി ശാലിനി എന്ന വിജയമന്ത്രവും ചിത്രത്തിൽ ഫലപ്രദമായി ഉപയോഗിച്ചപ്പോൾ നൂറു ദിവസത്തിലധികം വരുന്ന വിജയമാണ് ചിത്രം നേടിയത്.
മേനക, ശങ്കർ, പ്രതാപചന്ദ്രൻ, ശ്രീനാഥ്, അടൂർ ഭാസി, സുമിത്ര, സബിത ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഒരു ചെറുകഥയുടെ സൗന്ദര്യം പകരുന്നുണ്ട്. ജോണ് ആലുങ്കലും തോപ്പിൽ ഭാസിയും ചേർന്നാണ് ചിത്രത്തിനു രചന ഒരുക്കിയിരിക്കുന്നത്. കഥയ്ക്കും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങൾക്കും പ്രാധാന്യമുള്ളതുകൊണ്ടു തന്നെ വലിയൊരു കാലഘട്ടമാണ് ചിത്രം വരച്ചിടുന്നത്. ആച്ചിയമ്മയുടെ ബാല്യത്തിൽ നിന്നും കൗമാര-യൗവ്വന കാലഘട്ടത്തിലൂടെ അവളുടെ മോഹങ്ങളും സ്വപ്നങ്ങളും അനുഭവങ്ങളുമായി പ്രേക്ഷകരുടെ ഇഷ്ടം നേടുന്നതായിരുന്നു മുത്തോടുമുത്ത്.
ശ്രീനിവസന്റേയും സുമിത്രയുടേയും സന്തോഷകരമായ ജീവിതത്തിലേക്കാണ് പ്രേക്ഷകരെ സിനിമ കൂട്ടിക്കൊണ്ടു പോകുന്നത്. ഗോപിയും ആച്ചിയെന്നു വിളിക്കുന്ന അശ്വതിയുമാണ് അവരുടെ മക്കൾ. ആച്ചിയുടെ ബാല്യത്തിലേക്ക് ഇടക്കു നമ്മളെ കൊണ്ടു പോകുന്പോൾ, അച്ഛനും അമ്മയും അപകടത്തിൽ മരിച്ചപ്പോൾ അയൽപക്കത്തുണ്ടായിരുന്ന ശ്രീനിവാസനും സുമിത്രയും തങ്ങളുടെ മകളായി അവളെ എടുത്തു വളർത്തുകയായിരുന്നു. അതുകൊണ്ടു തന്നെ സ്നേഹവും കടപ്പാടും ആ അച്ഛനോടും അമ്മയോടും അവളുടെ മനസിലുണ്ട്.
സുമിത്രയുടെ സഹോദരൻ അനിലും ആച്ചിയും ഒന്നിച്ചു കളിച്ചു വളർന്നതാണ്. ഒരിക്കൽ മരണത്തിൽ നിന്നും ആച്ചിയാണ് അനിലിനെ രക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇരുവരുടേയും ഉള്ളിൽ ഒരിഷ്ടം പരസ്പരമുണ്ട്. ആച്ചിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനായി വണ്ടിപ്പെരിയാറിൽ നിന്നും അവൻ പലപ്പോഴും വീട്ടിലെത്തും. പ്രീഡിഗ്രിക്കു റാങ്കോടെ ജയിക്കുന്നുവെങ്കിലും അമ്മയുടെ അസുഖത്തോടെ പഠിത്തം നിർത്തി അവർക്കു താങ്ങായി അവൾ വീട്ടിൽ നിന്നു. അമ്മയുടെ മരണശേഷം അച്ഛനു സംഭവിക്കുന്ന അപകടത്തിൽ ശൂശ്രൂഷയും അവളായിരുന്നു. എന്നാൽ ശ്രീനിവാസന്റെ സ്വന്തം മകളല്ലെന്ന കാര്യത്താൽ അവളുടെ വിവാഹ ആലോചനകൾ മുടങ്ങി.
ഇതിനിടയിൽ ഗോപി വിവാഹം കഴിച്ചുകൊണ്ടുവരുന്ന സുലോചനയ്ക്ക് ആച്ചിയെ ഇഷ്ടമല്ലായിരുന്നു. ഒരു വീട്ടു വേലക്കാരിയാക്കി മാറ്റി ആച്ചിയെ. ഇതൊക്കെ കണ്ടു വിഷമിക്കാൻ മാത്രമേ ശ്രീനിവാസനു കഴിഞ്ഞുള്ളു. ദുബായിലായിരുന്ന അനിൽ വീട്ടിലെത്തുന്പോൾ കാര്യങ്ങലെല്ലാം മനസിലാക്കുകയും ആച്ചിയെ താൻ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഏറെ സന്തോഷത്തോടെ ശ്രീനിവാസൻ ആച്ചിയുടെ കൈ അനിലിന്റെ കൈകളിൽ വെച്ചു കൊടുക്കുന്പോൾ കഥയ്ക്കു ശുഭാന്ത്യമാകുന്നു.
കഥയെ സംഘർഷഭരിതമാക്കി പ്രേക്ഷകരെ വൈകാരികമായി പിടിച്ചു കുലുക്കാൻ ശ്രമിച്ചിരുന്നില്ല ചിത്രം. പകരം ആച്ചിയിലൂടെ സിനിമയോടുള്ള പ്രിയം വളർത്താനും ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്കു കഴിഞ്ഞു. കഥയുടെ സൗന്ദര്യത്തിനൊപ്പം ശ്യാം ഒരുക്കിയ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. വേദനയിലൂടെയും അതിജിവനത്തിലൂടെയും ഒരു മുത്ത് അതിന്റെ സൗന്ദര്യം പരത്തുകയായിരുന്നു മുത്തോടുമുത്തിലൂടെ.
തയാറാക്കിയത്: അനൂപ് ശങ്കർ