ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
Sunday, September 15, 2019 8:12 PM IST
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മലയാളികളുടെ കാത്തിരിപ്പു തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ അതിനു വിരാമമിട്ടുകൊണ്ട് സത്യൻ അന്തിക്കാടിന്റെ പുതിയ പ്രോജക്ടിൽ മമ്മൂട്ടി നായകനാകുന്നു എന്ന് ശുഭസൂചകമായ വാർത്തകൾ സമീപകാലത്ത് എത്തിയിട്ടുണ്ട്. അതു സത്യമായാൽ വീണ്ടും മാജിക്കൽ കൂട്ടുകെട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ.
ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കനൽക്കാറ്റ്, അർത്ഥം, കളിക്കളം, ഗോളാന്തര വാർത്ത, നന്പർ വണ്‍ സ്നേഹതീരം, ഓരാൾ മാത്രം എന്നിവയ്ക്കു പുറമെ അതിഥി വേഷത്തിലെത്തിയ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് എന്നിവയായിരുന്നു സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒത്തു ചേർന്ന ചിത്രങ്ങൾ. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളും കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തവും ഇന്നും പ്രേക്ഷകപ്രീതി നഷ്ടപ്പെടാത്തവയുമാണ് എന്നതാണ് പ്രത്യേകത.
സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ എല്ലാ നന്മയും പകരുന്നതിനൊപ്പം തന്നെ കുറച്ചു ത്രില്ലർ സ്വഭാവം കൂടി ചേർത്തൊരുക്കിയ ചിത്രമായിരുന്നു 1997-ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം. കളിക്കളം, അർത്ഥം എന്നീ ചിത്രങ്ങൾ പോലെ ഈ ചിത്രത്തിലും ത്രില്ലർ സ്വഭാവം ഉണ്ടെങ്കിലും ബന്ധങ്ങളിലെ വൈകാരികതയ്ക്കാണ് ഒരാൾ മാത്രം കൂടുതൽ ഉൗന്നൽ നൽകിയത്.
ത്രില്ലർ ചിത്രങ്ങളുടെ തോഴൻ എസ്.എൻ സ്വാമി തിരക്കഥ ഒരുക്കിയ ചിത്രം പൂർണമായും കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. തിലകൻ, ശ്രീനിവാസൻ, ലാലു അലക്സ്, സുധീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രധാന താരങ്ങളായ ചിത്രത്തിൽ കന്നട താരം ശ്രുതിയാണ് നായിക വേഷത്തിൽ എത്തുന്നത്. ഒപ്പം പ്രവീണയും കാവ്യാമാധവനും അനുജത്തിമാരായും എത്തിയിരിക്കുന്നു.
പതിവുള്ള നന്മനിറഞ്ഞ നായകനിൽ നിന്നും മാറ്റി സ്വന്തം കാര്യം മാത്രം നോക്കുന്ന ഹരീന്ദ്രൻ എന്ന കോണ്‍ട്രാക്ടറായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ചുറ്റുമുള്ളവരുടെ ലോകത്തേക്കു കണ്ണെത്തിക്കാതിക്കാൻ അയാൾ മനപ്പൂർവം മനസ് കൊട്ടിയടക്കാൻ ശിലീച്ചു. എന്നാൽ ഒപ്പമുണ്ടായിരുന്ന ബാലു ഹരീന്ദ്രനെക്കൊണ്ടെത്തിക്കുന്ന ഏടാകൂടാങ്ങൾ ചെറുതല്ല.
ബാലുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ പുറപ്പെട്ട് അതൊക്കെ തനിക്കു തിരിച്ചടിയായി മാറിയിട്ടുള്ള അനുഭവമാണ് ഹരീന്ദ്രനുള്ളത്. ഹിന്ദി പറയുന്ന, പെണ്‍കുട്ടികളുടെ മുന്നിൽ ആളാകാൻ രാത്രിയിൽ ഉറക്കമിളച്ചിരുന്ന് ഹിന്ദി പഠിച്ച് രാവിലെ തെങ്ങു കയറാൻ വന്നവനോട് ഉറക്കെ ഹിന്ദി പറയുന്നയാളാണ് ഹരീന്ദ്രൻ.
എന്നാൽ ഒരാൾ മാത്രം എന്ന ചിത്രം പറയുന്നത് ഹരീന്ദ്രന്റെ കഥയല്ല. മറിച്ച് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച് ഗ്രാമത്തിൽ എത്തി കൃഷി നടത്തി മൂന്നു പെണ്‍കുട്ടികളോടും അച്ഛനുമൊപ്പം ജീവിക്കുന്ന ശേഖര മാധവന്റെ കഥയാണ്. വിശ്രമ ജീവിതം ആഗ്രഹിച്ചെത്തിയ ശേഖര മേനോനു മുന്നിൽ പല തടസങ്ങൾ എന്നുമുണ്ടായിരുന്നു. പെൻഷൻ തടസപ്പെട്ടും മകൾ ദേവികയുടെ വിവാഹം മുടങ്ങിയും ഓരോ പ്രശ്നങ്ങൾ. അതെല്ലാം അതിജീവിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു.
ആ ഇടയ്ക്കാണ് അവർ വാടകയ്ക്കു കൊടുത്ത വീട്ടിലേക്കു ഹരീന്ദ്രൻ താമസത്തിനെത്തുന്നത്. പിന്നാലെ അയാളുടെ സഹായി ബാലുവും അവിടേക്കെത്തുന്നു. മൂത്തമകൾ ദേവികയ്ക്കു പറഞ്ഞുറപ്പിച്ച ഏഴാമത്തെ വിവാഹവും മുടങ്ങുന്നതോടെയാണ് എല്ലാം തകർന്ന് നിരാശനായ ശേഖര മേനോനെ ഹരീന്ദ്രൻ കാണുന്നത്. അവിടെനിന്നുമാണ് ശേഖരമേനോ ന്റെ കുടുംബത്തിലേക്ക് ഹരീന്ദ്രനും ഇടപെട്ടു തുടങ്ങുന്നത്.
ഒരു യാത്ര പോകുന്ന ശേഖര മേനോൻ തിരിച്ചെത്താതാകുന്നതോടെ മൂന്നു പെണ്‍കുട്ടികളും മുത്തച്ഛനുമുള്ള കുടുംബത്തിനു ഹരീന്ദ്രൻ സഹായമായി മാറുന്നു. അവരുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് താൻ കടം വാങ്ങിയതാണ് എന്ന പേരിൽ പൈസ കൊടുക്കാനും മുതിരുന്നുണ്ട്. ഒപ്പം തന്റെ സുഹൃത്തും ഇപ്പോൾ സസ്പെൻഷനിലുള്ള എസ്.ഐ സച്ചിയുടെ സഹായത്തോടെ ശേഖര മേനോനായുള്ള അന്വേഷണം തുടങ്ങുകയാണ്.
കെ.ആർ.കെ എന്ന വ്യവസായിയാണ് ഇതുവരെ ആ കുടുംബത്തെ ദ്രേഹിച്ചതെന്നും ശേഖര മേനോനെ അയാൾ കൊലപ്പെടുത്തിയതാണെന്നും അവർ കണ്ടെത്തുന്നു. പിന്നീട് അയാളെ നിയമത്തിന്റ ശിക്ഷാവിധിക്കു വിട്ടുകൊടുത്ത് ദേവികയ്ക്കും അനുജത്തിമാർക്കും സംരക്ഷകനായി ഹരീന്ദ്രൻ മാറി. ആരും സഹായത്തിനില്ലാത്ത ദേവികയ്ക്കും അനുജത്തിമാർക്കും തുണയായി ആ ഒരാൾമാത്രം...
കൈതപ്രത്തിന്റെ വരികൾക്ക് ജോണ്സണ് സംഗീ തം ഒരുക്കി എത്തിയ ഗാനങ്ങൾ ചിത്രത്തിനൊപ്പം തന്നെ അക്കാലത്ത് ഏറെ ജനപ്രീതി നേടിയിരുന്നു. പ്രത്യേകിച്ചും ചൈത്രനിലാവിന്റെ എന്ന ഗാനം ഇന്നും ഹിറ്റാണ്.
അനൂപ് ശങ്കർ