മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
Thursday, September 12, 2019 4:22 PM IST
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത്. കാമുകനായി മാറുന്നതിൽ പ്രത്യേക വൈഭവം തന്നെ ഈ നടനുണ്ടായിരുന്നു. ഒരുപക്ഷേ, കാമുകനായി ഇത്രമാത്രം സിനിമകളിൽ അഭിനയിച്ച മറ്റൊരു നായകൻ നമുക്കുണ്ടോ എന്നുപോലും സംശയിക്കേണ്ടി വരുന്നു.
പ്രണയത്തിലുള്ള തന്റേതായ ശൈലിക്കൊപ്പം കുറച്ചു ഹാസ്യ ചേരുവകളും മെയ്വഴക്കവുമൊക്ക ചേർക്കുന്പോൾ മുകേഷ് എന്ന നടനിലെ കാമുകഭാവം പ്രേക്ഷകരേയും കീഴടക്കുകയായിരുന്നു. ഇൻഹരിഹർ നഗർ, ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിംഗ്, ബോയിംഗ് ബോയിംഗ് തുടങ്ങി മുകേഷ് എന്ന നടന്റെ കാമുക കഥാപാത്രങ്ങൾ അനശ്വരമായി നിൽക്കുകയാണ് ഒരുപിടി ചിത്രങ്ങളിലൂടെ.
മുകേഷിന്റെ സ്വതസിദ്ധമായുള്ള കാമുക, ഹാസ്യ പ്രകടനത്തിന്റെ മറ്റൊരു വിജയ കഥയായിരുന്നു 1997-ൽ പുറത്തിറങ്ങിയ മന്നടിയാർ പെണ്ണിന് ചെങ്കോട്ടച്ചെക്കൻ എന്ന ചിത്രം. ഇന്നു ത്രില്ലർ സിനിമകളുടെ ഭാഗമായി മാത്രം പ്രേക്ഷകർക്കു പരിചിതനായ എ.കെ സാജനും സ ഹോദരൻ എ.കെ സന്തോഷും ചേർന്നു തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് അനിൽ ബാബു ടീം ആയിരുന്നു. അരമന വീടും അഞ്ഞൂറേക്കറിനും ശേഷം അനിൽ ബാബു ടീം ഒരുക്കിയ മറ്റൊരു ഹിറ്റായിരുന്നു ഈ ചിത്രം.
ആദ്യമധ്യാന്തം പൂർണമായും ഹാസ്യ ചേരുവകയിൽ ഒരുക്കിയ ചിത്രത്തിൽ തന്റേടിയും പുരുഷ വിദ്വേഷിയുമായ നായികാകഥാപാത്രത്തെ അവതരിപ്പിച്ചത് നടി കനകയായിരുന്നു. മുകേഷ് അവതരിപ്പിച്ച ചെങ്കോട്ടവീട്ടിൽ സേതുരാമൻ എന്ന കഥാപാത്രത്തിനു ഒപ്പം നിൽക്കാൻ മന്നാടിയാർ വീട്ടിൽ ആർച്ചയെ ശക്തമാക്കുന്നത് കനകയുടെ അഭിനയ മികവു തന്നെയാണ്. മുതിർന്ന സഹോദരന്മാരെ താൻ വരച്ച വരയിൽ നിർത്തുന്ന, അവരുടെ ഭാര്യമാരെ അകറ്റി നിർത്തുന്ന കഥാപാത്രം കനകയിൽ ഭദ്രമായിരുന്നു. ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, സുബൈർ, ബൈജു, ജഗതി ശ്രീകുമാർ, കലാഭവൻ മണി, കെപി.എസി ലളിത, ബിന്ദു പണിക്കർ, സീനത്ത് തുടങ്ങിയ വലിയ താരനരിയാണ് ഒപ്പം ചിത്രത്തിലെത്തുന്നത്.
അഡ്വക്കേറ്റായ സേതുരാമൻ മന്നാടിയാന്മാരുടെ നാട്ടിലേക്ക് അവരുടെ ശത്രുവിന്റെ കേസ് വാദിക്കാൻ വരുന്നിടത്താണ് ചിത്രത്തിന്റെ തുടക്കം. ഒപ്പം മാധവൻ എന്ന സഹായിയുമുണ്ട്. മന്നാടിയാർ വീട്ടിലെ ആനയെ തളച്ചുകൊണ്ടായിരുന്നു ആ വീട്ടിലേക്കുള്ള അവന്റെ രംഗപ്രവേശം. തന്നെ ഉപദ്രവിക്കാൻ വരുന്ന മന്നടിയാരെ വാക്ചാതുര്യത്താൽ മയക്കി അവരുടെ കുടുംബ വക്കീലായി മാറുകയാണ് സേതുരാമൻ. അതിനിടയിൽ ആർച്ച വിലങ്ങു തടിയായി വന്നപ്പോഴെല്ലാം അതിനെ വെട്ടിമാറ്റാൻ അവനു സാധിച്ചു. അഹങ്കാരിയായ ആർച്ചയെ പാഠം പഠിപ്പിക്കുന്നതിനായാണു സേതുരാമൻ ഇറങ്ങിത്തിരിക്കുന്നത്. അതിനായി തന്റെ സഹോദരിയെ ഡോക്ടറുടെ വേഷം കെട്ടിച്ച് ആ തറവാട്ടിലേക്ക് എത്തിക്കുന്നു.
മുന്പ് തന്റെ സഹോദരിയുടെ പിന്നാലെ നടന്നതു മന്നാടിയാൻമാരിലെ നാലാമനായ രാജേന്ദ്രനാണെന്നു സേതുരാമൻ അറിയുന്നു. സേതുരാമന്റെ സഹോദരിയെ തനിക്കു ശരിക്കും വിവാഹം ചെയ്യാൻ താല്പര്യമാണെന്നു രാജേന്ദ്രൻ മന്നാടിയാർ പറയുന്നതോടെയാണ് മാറ്റക്കല്യാണത്തിനു നിബന്ധന വെക്കുന്നത്. ഈ കല്യാണത്തിനു പകരമായി ആർച്ചയെ സേതുരാമൻ വിവാഹം കഴിക്കും. സേതുരാമനെ തോല്പിക്കാനായി ആർച്ച ആ വിവാഹത്തിനു സമ്മതിക്കുന്നുണ്ട്. എന്നാൽ താലികെട്ടുന്നതിനു മുന്പ് ആർച്ച മുന്പ് മറ്റാരെയോ വിവാഹം ചെയ്തതിന്റെ ഫോട്ടോയുമായി മാധവൻ മണ്ഡപത്തിലെത്തി.
അതെല്ലാം സേതുരാമൻ തന്നെ ചെയ്ത തന്ത്രങ്ങളായിരുന്നു. കാരണം കോളജിൽ പഠിക്കുന്ന സമയത്ത് സേതുരാമൻ ആർച്ചയെ വിവാഹം ചെയ്തിരുന്നു. എന്നാൽ അവനെ കബളിപ്പിച്ച് അന്നു തന്നെ ആർച്ച നാട്ടിലേക്കു തിരികെ പോയതാണ്. ഇതിനിടയിൽ മന്നാടിയാൻമാരുടെ ഭാര്യസഹോദരങ്ങളും ആർച്ചയെ വിവാഹം കഴിക്കാനായി എത്തുന്നുണ്ട്. അതിന്റെ ബാക്കി പത്രമായാണ് നിലവറയിലെ താളിയോലകൾ വായിക്കുന്പോൾ ആർച്ച മന്നാടിയാന്മാരുടെ സഹോദരി അല്ലെന്നറിയുന്നത്. അവിടെയാണ് ആർച്ചയുടെ അ ഹങ്കാര ഭാവത്തിനു തിരിച്ചടിയേൽക്കുന്നത്.
എന്നാൽ ആർച്ച അവരുടെ സഹോദരിയാണെന്നും താനാണ് ആ താളിയോലകൾ മാറ്റിയതെന്നും സേതുരാമൻ പറയുന്നുവെങ്കിലും അരും ഉൾക്കൊള്ളുന്നില്ല. ഒടുവിൽ പ്രസവമെടുത്ത വയറ്റാട്ടി സ്ത്രീയുടെ സാക്ഷ്യം തന്നെ വേണ്ടി വന്നു ആർച്ച മന്നാടിയാന്മാരുടെ സഹോദരിയാണെന്നുള്ള സത്യം തിരിച്ചറിയാൻ. ഒടുവിൽ സേതുരാമനു ആർച്ചയെ കിട്ടുന്പോൾ അവൾ ഒരു അഹങ്കാരിയല്ലാത്ത പെണ്ണായി മാറിയിരുന്നു.
അനൂപ് ശങ്കർ