സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നു; സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേള പ്രഖ്യാപിച്ച് അനുഷ്ക ഷെട്ടി
Saturday, September 13, 2025 2:28 PM IST
സമൂഹ മാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കാൻ തീരുമാനിച്ച് തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ ഈ തീരുമാനം.
അനുഷ്ക ഷെട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘ഘാട്ടി’യും ബോക്സ്ഓഫിസിൽ പരാജയമായതോടെയാണ് താരം ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് ആരാധകർ പറയുന്നത്. വെറുതെ സ്ക്രോൾ ചെയ്ത് പോകുന്നതിന് പകരം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് താരം പറയുന്നു.
‘‘നീലവെളിച്ചം മെഴുകുതിരിവെട്ടത്തിന് വഴിമാറുന്നു. ചുറ്റും കാണുന്ന ലോകവുമായി വീണ്ടും ചേരാൻ, സ്ക്രോൾ ചെയ്യുന്നതിനപ്പുറം എന്റെ ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങാൻ, നമ്മളെല്ലാം തുടങ്ങിയ ഇടത്തേക്ക് തിരിച്ചുപോകാൻ, സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ കുറച്ചുകാലത്തേക്ക് ഇടവേളയെടുക്കുന്നു. കൂടുതൽ കഥകളും ഒരുപാട് സ്നേഹവുമായി ഞാൻ ഉറപ്പായും തിരിച്ചെത്തും. സദാ പുഞ്ചിരിക്കുക. സ്നേഹത്തോടെ. എന്നെന്നും നിങ്ങളുടെ സ്വന്തം അനുഷ്ക ഷെട്ടി.’’
ഒരു ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി നായികയായി തിരികെയെത്തിയ ചിത്രമായിരുന്നു ‘ഘാട്ടി’. മഹേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രം പ്രഭു ആണ് നായകൻ.
ഈ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് കളക്ഷനിൽ വലിയ ഇടിവുണ്ടായി.
ഏകദേശം 45 കോടി ബജറ്റിൽ നിർമിച്ച ഈ ചിത്രം, ഒരാഴ്ച കൊണ്ട് ഏഴ് കോടിയിൽ താഴെ മാത്രമാണ് നേടിയത്. ഇതോടെ ‘ഘാട്ടി’ ബോക്സ് ഓഫിസിൽ ഒരു പരാജയമായിമാറി.