മാവേലിക്കും പറയാനുണ്ട് ഓണപ്പാട്ട് റിലീസായി
Tuesday, September 9, 2025 2:27 PM IST
പ്രശസ്ത നടൻ എ.കെ. വിജുബാൽ ഈ വർഷം അവതരിപ്പിക്കുന്ന "മാവേലിക്കും പറയാനുണ്ട് " എന്ന ഓണപ്പാട്ട് വിജുസ് ഡയറി യൂട്യൂബ് ചാനലിലൂടെ റിലീസായി. കോമഡി സറ്റെയറായ വരികൾ എഴുതി സംഗീതവും പകർന്ന് ഈ ഓണപ്പാട്ട് ആലപിച്ച് സംവിധാനം നിർവഹിക്കുന്നത് വിജുബാൽ തന്നെയാണ്.
ദർശിക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ആൽബത്തിന്റെ ഛായാഗ്രഹണം സമീർ സക്കറിയ നിർവഹിക്കുന്നു. എഡിറ്റർ-ദിബിൻ ജോളി, സ്റ്റുഡിയോ-അമ്മ സ്റ്റുഡിയോ, സൗണ്ട് മിക്സിംഗ്-സാമുവൽ പോൾ, സൗണ്ട് എൻജിനീയർ-അനിൽ എസ്. നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാമീർ, ഡിസൈൻ-ഹരി രാജഗൃഹ.
സൂത്രധാരൻ എന്ന സിനിമയിലൂടെ സൂത്രക്കാരനായ കുതിരവണ്ടിക്കാരനെ അവതരിപ്പിച്ചുകൊണ്ട് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടൻ വിജുബാൽ, ജോഷി, കമൽ, സിബി മലയിൽ, ഷാഫി, അമൽനീരദ് തുടങ്ങിയ 35 ഓളം സംവിധായകാരുടെ 100 ൽ പരം സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത വിജുബാൽ നിരവധി ഗാനങ്ങൾ എഴുതി സംഗീതം ചെയ്തിട്ടുണ്ട്. അതിൽ കലാഭവൻ മണി പാടിയ "എനിക്കുമുണ്ട് അങ്ങയെ വീട്ടിൽ", "നീലസാരി വാങ്ങിത്തരാം "എന്ന് തുടങ്ങുന്ന ഗാനങ്ങൾ ജനങ്ങൾക്ക് ഇന്നും സുപരിചിതമാണ്.