ഭക്തിസാന്ദ്രമായ നൊവേന; "കരുണയും കാവലും' ചിത്രീകരണം പൂര്‍ത്തിയായി
Saturday, September 13, 2025 1:20 PM IST
ഭക്തിസാന്ദ്രമായ "കരുണയും കാവലും' എന്ന നൊവേനയുടെ ചിത്രീകരണം വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ പൂര്‍ത്തിയായി. "പിതൃ ഹൃദയത്തോടെ' എന്ന അപസ്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഔസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് ഡോ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയാണ് കരുണയും കാവലും.
സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദമുള്ള ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കോടതി ജഡ്ജിയും വൈക്കം സെന്റ്. ജോസഫ് ഫൊറോനാ പള്ളി വികാരിയുമാണ്.
ദീര്‍ഘകാലം എറണാകുളം- അങ്കമാലി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരിയായും (മെത്രാപ്പോലീത്തന്‍ കോടതിയുടെ ചീഫ് ജഡ്ജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2021-ലാണ് എറണാകുളം - അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര്‍ ആന്റണി കരിയില്‍ ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ എഴുതിയ പ്രാര്‍ത്ഥനകളും രണ്ട് ഗാനങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത്.
ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടനും എഴുത്തുകാരനും നിർമാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ് കെ. മാത്യു സംവിധാനം നിര്‍വഹിച്ച കരുണയും കാവലും ജിഎംസിയുടെ ബാനറിൽ കെ.ജെ. മാത്യു കണിയാം പറമ്പിലാണ് നിർമ്മിച്ചത്.
സാലി മൊയ്ദീന് (ഛായാഗ്രഹണം), ലിൻസൺ റാഫേൽ(എഡിറ്റിംഗ്), ജോസ് വരാപ്പുഴ(പ്രൊഡക്ഷൻ കണ്ട്രോളർ), ജേക്കബ് ആന്റണി (പ്രൊഡക്ഷൻ മാനേജർ), ജുബിൻ രാജ്(സൗണ്ട് ഡിസൈനർ), ഫ്രോളിന്‍(അസോസിയേറ്റ് ക്യാമറമാൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പള്ളി കൈക്കാരന്മാരായ ജോര്‍ജ് പൗലോസ് ആവള്ളില്‍, ഡെന്നി ജോസഫ് മംഗലശേരി, കുടുംബ യൂണിറ്റുകളുടെ വൈസ് ചെയര്മാന് മാത്യു ജോസഫ് കൂടല്ലി, ക്ലാര്‍ക്ക് ചാക്കപ്പന് പുല്ലരുത്തില്‍, കപ്യാര് ബേബി തെക്കേമുട്ടുമന, ഗായകന് ജോണി ഉണ്ണിത്തുരുത്തില്‍, കീ ബോര്‍ഡിസ്റ്റ് സിബി അടാത്തറ എന്നിവര്‍ ചിത്രീകരണ നിര്‍വഹണത്തിന് നേതൃത്വം നല്കി. ഇടവകാംഗങ്ങളുടെ പൂര്‍ണ സഹകരണത്തോടെയായിരുന്നു ചിത്രീകരണം.
ജനുവരി 23 ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാളിനോടാനുബന്ധിച്ച് റിലീസ് ചെയ്യുമെന്ന് കൈക്കാരന്മാരായ ജോര്‍ജ് പൗലോസ് ആവള്ളില്‍, ഡെന്നി ജോസഫ് മംഗലശേരി, കുടുംബ യൂണിറ്റുകളുടെ വൈസ് ചെയര്‍മാനായ മാത്യു ജോസഫ് കൂടല്ലി എന്നിവര്‍ അറിയിച്ചു.