15 പേർ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങ്; വിവാഹം ലളിതമാക്കിയതിനെക്കുറിച്ച് ഗ്രേസ് ആന്റണി
Thursday, September 11, 2025 1:03 PM IST
വിവാഹം ആർഭാടരഹിതവും ലളിതവുമാക്കിയതിനെക്കുറിച്ച് നടി ഗ്രേസ് ആന്റണി. ആളും ആരവവും ഇല്ലാത്തതുകൊണ്ട് വിവാഹം സമ്മർദമില്ലാതെ നടത്താൻ കഴിഞ്ഞുവെന്നും അടുത്ത ബന്ധുക്കളായ പതിനഞ്ചുപേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും ഗ്രേസ് പറഞ്ഞു.
‘‘പ്രിയപ്പെട്ടവരേ, നിങ്ങളുമായി ഒരു സന്തോഷവാർത്ത പങ്കിടാനുണ്ട്. 2025 സെപ്റ്റംബർ 9-ന് ഞാനും എബി ടോം സിറിയക്കും വിവാഹിതരായി. ഞങ്ങളുടെ അടുത്ത ബന്ധുക്കളായ 15 പേർ മാത്രം പങ്കെടുത്ത വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു അത്. അതുകൊണ്ട് മുൻകൂട്ടി ആരെയും അറിയിക്കാൻ കഴിഞ്ഞില്ല.
വളരെ ലളിതവും ആർഭാടരഹിതവുമായ ഒരു വിവാഹമായിരുന്നു ഞങ്ങളുടെ സ്വപ്നം, ഞങ്ങളുടെ മാതാപിതാക്കൾ അതിന് പൂർണ പിന്തുണ നൽകി. അതുകൊണ്ടുതന്നെ, യാതൊരുവിധ സമ്മർദ്ദവുമില്ലാതെ ഞങ്ങൾക്ക് ആ ദിവസം പൂർണമായി ആസ്വദിക്കാൻ സാധിച്ചു. നിങ്ങളുടെ പ്രാർഥനയിലും ചിന്തകളിലും ഞങ്ങളെ ഉൾപ്പെടുത്തണം. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്കുണ്ടാകണം.’’ഗ്രേസ് ആന്റണി കുറിച്ചു.
ഒൻപത് വർഷത്തെ പ്രണയത്തിനുശേഷമാണ് നടി ഗ്രേസ് ആന്റണിയും സംഗീത സംവിധായകനായ എബി ടോം സിറിയക്കും വിവാഹിതരായത്. കൊച്ചി തുതിയൂർ പള്ളിയിൽവച്ചായിരുന്നു വിവാഹം.