സിനിമ സത്യസന്ധമായിരിക്കുമ്പോൾ കൂടുതൽ കാഴ്ചക്കാരിലേക്കെത്തും: "മീറ്റ് ദ ഡയറക്ടർ'
Wednesday, December 18, 2024 10:59 AM IST
സിനിമകളെ സ്നേഹിക്കുന്ന ആർക്കും സിനിമ സാധ്യമാണെന്ന് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിലെ "മീറ്റ് ദ ഡയറക്ടർ' ചർച്ചയിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർ. സിനിമകളെടുക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയെയും ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു "മീറ്റ് ദ ഡയറക്ടർ' പരിപാടി. സിനിമ സത്യസന്ധമായിരിക്കുമ്പോൾ കൂടുതൽ കാഴ്ചക്കാരിലേക്കെത്തുമെന്നു ചലച്ചിത്ര പ്രവർത്തകർ അഭിപ്രായപ്പെട്ടു.
പ്രേക്ഷകരില്ലാതെ സിനിമ സിനിമയാകില്ലെന്ന് "സെക്കൻഡ് ചാൻസ്' സിനിമയുടെ സംവിധായിക സുഭദ്ര മഹാജൻ പറഞ്ഞു. കോവിഡ് സാഹചര്യം പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ മനസിലുണ്ടായിരുന്ന സിനിമയുടെ ചിത്രീകരണരീതി തന്നെ മാറ്റിയ കഥയാണ് "കിസ് വാഗണി'ന്റെ സംവിധായകൻ മിഥുൻ മുരളിക്ക് പറയാനുണ്ടായിരുന്നത്.
സാമ്പത്തിക ഞെരുക്കം മറികടക്കാൻ പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് സിനിമ ചെയ്ത അനുഭവമാണ് റിപ്ടൈഡിന്റെ സംവിധായകൻ വി.കെ. അഫ്രാദിനു പറയാനുള്ളത്. തന്റെ ചിത്രം "ആജൂർ' ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് തന്റെയോ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച തന്റെ ഗ്രാമവാസികളുടെയോ വിജയമല്ല, മറിച്ച് സിനിമയെ സ്നേഹിക്കുന്നവരുടെ വിജയമാണെന്നു സംവിധായകൻ ആര്യൻ ചന്ദ്രപ്രകാശ് പറഞ്ഞു.
"മാലു' തന്റെ അമ്മയുടെ കഥയാണെന്നും ആ കഥ തിരക്കഥയാക്കിയത് ഏറെ വൈകാരികമായ അനുഭവമായിരുന്നു എന്നും ബ്രസീലിൽ നിന്നുള്ള സംവിധായകൻ പെഡ്രോ ഫ്രെയ്റി പറഞ്ഞു. മീര സാഹിബ് മോഡറേറ്ററായപരിപാടിയിൽ സംവിധായകരായ സുഭദ്ര മഹാജൻ (സെക്കൻഡ് ചാൻസ്), ആര്യൻ ചന്ദ്രപ്രകാശ് (ആജൂർ), വി.കെ. അഫ്രാദ് (റിപ്ടൈഡ്), മിഥുൻ മുരളി (കിസ് വാഗൺ), കൃഷാന്ദ് (സംഘർഷഘടന ), പെഡ്രോ ഫ്രെയ്റി( മാലു ), നിർമാതാക്കളായ കരീൻ സിമോൺയാൻ (യാഷ ആൻഡ് ലിയോനിഡ് ബ്രെഷ്നെവ് ), ഫ്ലോറൻഷ്യ (ഓസിലേറ്റിങ് ഷാഡോ) എന്നിവർ പങ്കെടുത്തു. സംവിധായകൻ ബാലു കിരിയത്ത് നന്ദി പറഞ്ഞു.