"പെൺമക്കൾ നഷ്ടമാകുമ്പോഴുള്ള സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛനാണ് ഞാൻ’
Friday, December 13, 2024 12:45 PM IST
നാടിനെ നടുക്കിയ പനയംപാടം അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പെൺമക്കൾ നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛനാണ് താനെന്നും അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും സുരേഷ് ഗോപി കുറിച്ചു.
‘പെൺമക്കൾ നഷ്ടമാകുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്മക്കളുടെ സ്വപ്നങ്ങൾ നിറഞ്ഞ ആ പുഞ്ചിരികളും സ്നേഹവും ചേർന്ന ഓർമകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.’’സുരേഷ് ഗോപിയുടെ വാക്കുകൾ.
വ്യാഴാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ റോഡരികിലൂടെ നടന്നുപോകുന്പോഴാണ് അപകടം സംഭവിച്ചത്. പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മറ്റൊരു ലോറി തട്ടിയതിനെ തുടർന്നാണ് വാഹനം മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.