വിജയ്യ്ക്കൊപ്പം പ്രൈവറ്റ് ജെറ്റിൽ തൃഷ വിവാദം പുകയുന്നു
Saturday, December 14, 2024 3:03 PM IST
നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിജയ്യും തൃഷയിൽ ഗോവയിൽ പറന്നിറങ്ങിയത് പ്രൈവറ്റ് ജെറ്റിലാണെന്നതാണ് സിനിമലോകത്തെ ഇപ്പോഴത്തെ ചൂടുപിടിക്കുന്ന വിവാദങ്ങളിലൊന്ന്.
വിജയ്യും തൃഷയും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി പല ഗോസിപ്പുകളും മാധ്യമങ്ങളിലടക്കം മുൻപും ഉയർന്നു വന്നിട്ടുണ്ട്.
എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ഫ്ലൈറ്റിലേക്ക് കയറുന്നതും അവിടെ നിന്നും കാറിൽ പുറപ്പെടുന്നതുമായ ചിത്രങ്ങളും മറ്റും എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യാപകമായി പ്രചരിച്ചു. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ലഭ്യമായ വിവരം. നീല ഷർട്ടായിരുന്നു വിജയ്യുടെ വേഷം, തൃഷ ഒരു വെള്ള ടി ഷർട്ട് ധരിച്ചിരുന്നു.
കീർത്തി സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റർനാഷ്നൽ എയർപോർട്ടിൽ നിന്നും ഗോവയിലെ മനോഹർ ഇന്റർനാഷ്നൽ എയർപോർട്ടിൽ വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയ രേഖയും പുറത്തുവന്നു.
ഇതിൽ ഒന്നാം നമ്പർ യാത്രികൻ സി. ജോസഫ് വിജയ്യും, രണ്ടാമത്തെ യാത്രിക തൃഷ കൃഷ്ണനാണ്. ഇവരെ കൂടാതെ മറ്റു നാലുപേർ കൂടിയുണ്ട് ഈ യാത്രികരുടെ പട്ടികയിൽ.
ഇതോടെ ഇരുവർക്കുമെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ശക്തമാണ്. തമിഴിലെ മറ്റൊരു സൂപ്പർതാരത്തിന്റെ പേരിലുള്ള ആരാധകരാണ് നടനെതിരെ രംഗത്തുവരുന്നത്. സൗഹൃദങ്ങളെ ഇത്തരത്തിൽ വളച്ചൊടിക്കുന്ന പ്രവണത ശരിയല്ലെന്ന അഭിപ്രായവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. വിജയ്ക്കെതിരായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്നും സൂചനയുണ്ട്.