ആശങ്കയോടെ സ്നേഹ, ആശ്വസിപ്പിച്ച് അല്ലു അർജുൻ; നാടകീയ രംഗങ്ങൾ- വീഡിയോ
Friday, December 13, 2024 3:40 PM IST
പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ചതുമായി ബന്ധപ്പെട്ട് നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയതിൽ പ്രതിഷേധമറിയിച്ച് അല്ലു അർജുൻ.
‘‘എന്നെ അറസ്റ്റ് ചെയ്തതിൽ തെറ്റൊന്നുമില്ല. എന്നാൽ, ബെഡ്റൂമിനടുത്തു നിന്ന് കസ്റ്റഡിയിലെടുക്കുന്നത് ശരിയായില്ല, വസ്ത്രം മാറാൻ പോലും നിങ്ങൾ സമയം തന്നില്ല,’’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ഹൈദരാബാദിലെ വീട്ടിലെത്തിയാണ് താരത്തെ അറസ്റ്റ് ചെയ്തത്. താരത്തിന്റെ ഭാര്യ സ്നേഹ റെഡ്ഡിയും അച്ഛൻ അല്ലു അരവിന്ദും സഹോദരനുമെല്ലാം സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.
അറസ്റ്റു ചെയ്യാൻ പോലീസ് എത്തിയപ്പോൾ വസ്ത്രം മാറാൻ അനുവദിക്കണമെന്ന് അല്ലു അഭ്യർഥിച്ചിരുന്നു. എന്നാൽ, അല്ലു രക്ഷപ്പെടാൻ ശ്രമിക്കുമെന്ന് കരുതി നിരവധി പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കിടപ്പുമുറിയിലേക്ക് പിന്തുടർന്നു.
കിടപ്പുമുറിക്ക് പുറത്ത് ഇത്രയധികം ഉദ്യോഗസ്ഥർ നിന്നതാണ് താരത്തെ അസ്വസ്ഥനാക്കിയത്. കൂടാതെ, പിതാവ് പോലീസ് വാഹനത്തിൽ താരത്തിനൊപ്പം കയറാൻ ശ്രമിച്ചപ്പോൾ, അദ്ദേഹത്തിന്റെ സാന്നിധ്യം തെറ്റിദ്ധാരണകൾക്ക് കാരണമായേക്കാമെന്ന ആശങ്ക ചൂണ്ടിക്കാട്ടി പോലീസ് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
അല്ലുവിനെ പോലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വീടിന് അകത്തു നിന്നും പോലീസ് ഉദ്യോഗസ്ഥരോടു സംസാരിച്ച് പുറത്തേക്കു വരുന്ന അല്ലുവിനെ ഇപ്പോൾ പുറത്തുവരുന്ന വിഡിയോയിൽ കാണാം.
അതിനിടയിൽ, സ്റ്റാഫിലൊരാൾ താരത്തിന് കോഫി കൊണ്ടു കൊടുക്കുന്നുണ്ട്. താരം കോഫി കുടിച്ചു കഴിയുന്നതു വരെ പോലീസ് കാത്തു നിന്നു. അതിനു ശേഷമാണ് വാഹനത്തിൽ കയറ്റിയത്.
പോലീസ് വണ്ടിയിൽ കയറുന്നതിനു മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് അല്ലു സമാധാനിപ്പിക്കുന്നത്. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷും ആവിടെയുണ്ട്. പുഷ്പയിലെ പ്രശസ്തമായ ഡയലോഗായ ഫ്ലവർ അല്ല ഫയർ എന്ന ഹുഡി അണിഞ്ഞാണ് താരത്തെ കാണുന്നത്.
അറസ്റ്റ് ചെയ്ത അല്ലു അര്‍ജുനെ ചിക്കടപള്ളി പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് വേദ്യ പരിശോധനയ്ക്കായി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഭാരതീയ ന്യായ സംഹിത 105 (കുറ്റകരമായ നരഹത്യ), 118 -1 മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അല്ലു അര്ജുന്, സുരക്ഷാ ജീവനക്കാര്‍, തീയറ്റര്‍ മാനേജ്മെന്റ് എന്നിവര്‍ക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. മജിസ്ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇതു കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.