ട്യൂണിനൊപ്പം പാട്ടെഴുതുന്നത് ഗാനങ്ങളുടെ മഹത്വത്തിനെ നശിപ്പിക്കുന്നു; കെ. ജയകുമാർ ഐഎഎസ്
Tuesday, December 17, 2024 11:21 AM IST
ഈണങ്ങൾക്ക് ഗാനരചന നടത്താൻ നമ്മുടെ ഗാനരചയിതാക്കൾ ശ്രമിക്കുമ്പോഴൊക്കെ ഗാനത്തിന്റെ അസ്ഥിത്വമാണ് നശിക്കുന്നതെന്ന് പ്രശസ്ത ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഐഎഎസ്.
മലയാളത്തിൽ വൻവിജയം നേടിയ ഒരു ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു ജയകുമാർ ഇക്കാര്യം ഓർമിപ്പിച്ചത്. മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു കവിയായിരുന്നു ആ ഗാനത്തിന്റെ രചയിതാവ്.
അദ്ദേഹത്തിനു പോലും അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു. താനും പുതിയ തലമുറക്കൊപ്പം പാട്ടുകളെഴുതാൻ ശ്രമിക്കുന്നുണ്ട്. നമ്മൾ പഴഞ്ചനാണെന്നു പറഞ്ഞു പിന്നോട്ടു പോകേണ്ടല്ലോ? ജയകുമാർ വ്യക്തമാക്കി.
ശൈലശ്രീ മൂവി ക്രിയേഷൻസിന്റെ ബാനറിൽ സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.
ഈ സിനിമയിൽ സംവിധാനവും കാമറയും ഒഴിച്ച് എല്ലാ മേഖലയിലും കൈവച്ച സഹപ്രവർത്തകനും അതിർത്തി രക്ഷാ സേനയിലെ ഡപ്യൂട്ടി കമാൻഡർ പദവിയിൽ നിന്നും സ്വയം വിരമിച്ച ശ്രീനിവാസൻ നായർ ഇതിനു മുമ്പു തന്നെ സിനിമ ലോകത്ത് എത്തപ്പെടേണ്ടതായിരുന്നുവെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗും പറഞ്ഞു.
ശ്രീനിവാസൻ നായർ രചിച്ച് അനിൽ കൃഷ്ണ രവീന്ദ്രൻ തിരുവല്ല, വിഷ്ണു എന്നിവർ ഈണമിട്ട് സജീവ് സി.വാര്യർ, പ്രശാന്ത് പുതുക്കരി, വൈഗാ ലഷ്മി എന്നിവർ ആലപിച്ച മൂന്നു ഗാനങ്ങളാണ് ഈ ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടത്.
പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ പി. സുകുമാർ, സംവിധായകൻ വിക്കി തമ്പി, എന്നിവരും ചലച്ചിത്ര സാമൂഹ്യ രംഗങ്ങളിലെ ഉന്നത വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കടമകൾ മറക്കുന്ന പിൻതലമുറക്കാരെ, സ്വന്തം ഇച്ഛാശക്തി കൊണ്ട് നേരിടുന്ന മാതാപിതാക്കളുടെ ജീവിതമാണ് ഹൃദയഹാരിയായ മുഹൂർത്തേങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ നായർ, മായാ വിശ്വനാഥ്, ശാരിക സ്റ്റാലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ശ്രീനിവാസൻ നായരുടെ കഥക്ക് മനു തൊടുപുഴയും (പുരുഷ പ്രേതം ഫെയിം) ശ്രീനിവാസൻ നായരും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു. നിർമാണ നിർവഹണം - അനുക്കുട്ടൻ ഏറ്റുമാനൂർ. ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. വാഴൂർ ജോസ്.