ForTheLoveOfNyke, കീര്‍ത്തിക്കും ആന്റണിക്കും ഇടയില്‍ ആരാണ് നൈക്ക്? എന്താണ് ഈ ഹാഷ് ടാഗിന്റെ അർഥം?
Tuesday, December 17, 2024 9:11 AM IST
വിവാഹചിത്രങ്ങൾക്കൊപ്പം കീർത്തി സുരേഷ് പങ്കുവച്ച ഹാഷ്ടാഗ് ശ്രദ്ധേയമായിരുന്നു. എല്ലാ ചിത്രങ്ങൾക്കുമൊപ്പം ഫോർ ദ ലവ് ഓഫ് നൈക്(ForTheLoveOfNyke) എന്ന ടാഗ് താരം പങ്കുവച്ചിരുന്നു. എന്നാൽ എന്താണ് ഈ ഹാഷ്ടാഗിന്റെ പ്രത്യേകത എന്ന അന്വേഷണത്തിലായിരുന്നു ആരാധകർ.
കീർത്തിയുടെ ഭർത്താവ് ആന്റണിയുടെ(antony) പേരിന്റെ അവസാനത്തെ രണ്ടക്ഷരവും കീർത്തിയുടെ(keerthy) പേരിന്റെ ആദ്യത്തെ രണ്ടക്ഷരവും ചേരുന്നതാണ് NyKe. കൂടാതെ കീർത്തി സുരേഷിന്റെ പ്രിയപ്പെട്ട നായയുടെ പേരും നൈക്ക് എന്നാണ്. ഈ നായയും ചടങ്ങില്‍ ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും കീര്‍ത്തി പങ്കുവച്ചിട്ടുണ്ട്.
ദീർഘകാല സുഹൃത്തും വ്യവസായിയുമായ ആന്റണി തട്ടിലിനെയാണ് കീർത്തി വിവാഹം കഴിച്ചത്. പരമ്പരാഗത ദക്ഷിണേന്ത്യൻ രീതിയിൽ ഡിസംബർ 12ന് ഗോവയിൽ വച്ചായിരുന്നു വിവാഹം. തുടർന്ന് ഡിസംബർ 15ന് ക്രിസ്ത്യൻ ആചാരപ്രകാരവും വിവാഹം നടന്നു.
വെളുത്ത ഗൗണിലാണ് കീര്‍ത്തി വിവാഹവേദിയിലെത്തിയത്. അതേ നിറത്തിലുള്ള സ്യൂട്ടില്‍ ആന്റണിയുമെത്തി. അച്ഛൻ സുരേഷ്കുമാറിന്റെ കൈപിടിച്ച് വിവാഹവേദിയിലേക്ക് കയറുന്നതിന്റെയും വിവാഹനിമിഷങ്ങളുടെയും ചിത്രങ്ങൾ കീർത്തി പങ്കുവെച്ചിട്ടുണ്ട്.
ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.
മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്തെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വര്‍ക്കും ചേര്‍ത്തിട്ടുണ്ട്. സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.
പ്രശാന്ത് ദയാനന്ദ്, യോഗാനന്ദം, കന്തവേല്‍. സുഭാഷ്, ശേഖര്‍, ശിവകുമാര്‍, കണ്ണിയപ്പന്‍, കുമാര്‍ എന്നീ നെയ്ത്ത് കലാകാരന്മാരാണ് ഇതിനുപിന്നില്‍ പ്രവർത്തിച്ചത്. പരമ്പരാഗത ശൈലിയിലായിരുന്നു കീര്‍ത്തി ആന്റണി വിവാഹം. വിവാഹസാരിമുതല്‍ ആഭരണം വരെ തമിഴ് ബ്രാഹ്മണ വിവാഹത്തിന്റെ തനത് ശൈലിയിലാണ് ഒരുക്കിയിരുന്നതും.