ആ കുട്ടിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, കേസ് നടക്കുന്നതിനാലാണ് നേരിട്ട് പോയി കാണാത്തത്: അല്ലു അര്ജുന്
Monday, December 16, 2024 11:36 AM IST
പുഷ്പ 2 പ്രദര്‍ശനത്തിനിടെ അല്ലു അര്ജുന് തീയേറ്ററിലെത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന ശ്രീതേജ് എന്ന ഒമ്പതുവയസുകാരന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുമെന്ന് നടന് അല്ലു അര്ജുന്.
അപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അല്ലു അര്ജുൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം നടത്തിയ ആഘോഷം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കുട്ടിക്കുള്ള പിന്തുണ അറിയിച്ചത്.
ചികിത്സയില്‍ കഴിയുന്ന കുട്ടിയെക്കുറിച്ച് ആശങ്കയുണ്ടെന്നും കേസായതിനാലാണ് കുട്ടിയെ സന്ദര്‍ശിക്കാന്‍ പോവാത്തത് എന്നുമായിരുന്നു നടന്റെ മറുപടി. ദൗര്‍ഭാഗ്യകരമായ സംഭവത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീ തേജിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.
നിയമനടപടികള്‍ കാരണം കുഞ്ഞിനേയോ കുടുംബത്തേയോ സന്ദര്‍ശിക്കരുത് എന്നാണ് എന്നോട് പറഞ്ഞത്. എന്റെ പ്രാര്‍ഥന എപ്പോഴും അവര്‍ക്കുണ്ടാകും. ആശുപത്രി ചെലവും കുടുംബത്തിന്റെ ആവശ്യങ്ങളുമെല്ലാം ഞാന്‍ ഏറ്റെടുക്കും. കുട്ടി വേഗത്തില്‍ രോഗമോചിതനാവട്ടെ, അവനേയും കുടുംബത്തേയും കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അല്ലു അര്ജുന് കുറിച്ചു.
ഡിസംബര്‍ നാലാം തീയതി രാത്രി 11ടെയാണ് പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സിനിമ കാണാനായി അല്ലു അര്ജുന് എത്തിയത് അറിഞ്ഞ് ആളുകള്‍ തിക്കിത്തിരക്കിയതാണ് അപകടത്തിന് കാരണമായത്. ദില്‍സുഖ്നഗര്‍ സ്വദേശിനിയായ രേവതി(39) ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകന് ശ്രീതേജ് ബോധരഹിതനാവുകയും ചെയ്തിരുന്നു.