തൂവെള്ള ഗൗണിൽ ക്രിസ്ത്യൻ വധുവായി കീർത്തി സുരേഷ്; ചുടുചുംബനം നൽകി ആന്റണി
Monday, December 16, 2024 8:06 AM IST
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരം കീർത്തി സുരേഷും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലും വിവാഹിതരായത്. തമിഴ് ആചാര പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ അന്നുതന്നെ കീർത്തി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കീർത്തിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വെളുത്ത ഗൗണിലാണ് കീര്‍ത്തി വിവാഹവേദിയിലെത്തിയത്. അതേ നിറത്തിലുള്ള സ്യൂട്ടില്‍ ആന്റണിയുമെത്തി. അച്ഛൻ സുരേഷ്കുമാറിന്റെ കൈപിടിച്ച് വിവാഹവേദിയിലേക്ക് കയറുന്നതിന്റെയും വിവാഹനിമിഷങ്ങളുടെയും ചിത്രങ്ങൾ കീർത്തി പങ്കുവെച്ചിട്ടുണ്ട്.
ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.
മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്തെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വര്‍ക്കും ചേര്‍ത്തിട്ടുണ്ട്. സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.
പ്രശാന്ത് ദയാനന്ദ്, യോഗാനന്ദം, കന്തവേല്‍. സുഭാഷ്, ശേഖര്‍, ശിവകുമാര്‍, കണ്ണിയപ്പന്‍, കുമാര്‍ എന്നീ നെയ്ത്ത് കലാകാരന്മാരാണ് ഇതിനുപിന്നില്‍ പ്രവർത്തിച്ചത്. പരമ്പരാഗത ശൈലിയിലായിരുന്നു കീര്‍ത്തി ആന്റണി വിവാഹം. വിവാഹസാരിമുതല്‍ ആഭരണം വരെ തമിഴ് ബ്രാഹ്മണ വിവാഹത്തിന്റെ തനത് ശൈലിയിലാണ് ഒരുക്കിയിരുന്നതും.