നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിർദേശം നൽകിയതായാണ് വിവരം.
സുരേഷ് ഗോപി മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കൾ നിർദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സുരേഷ് ഗോപി ഏറ്റെടുത്ത സിനിമകൾ തുടർന്നേക്കില്ലെന്നാണ് സുചന.
നേരത്തെ സനിമ അഭിനയം തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ഒറ്റക്കൊമ്പന്റെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നു താരം തന്നെ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്നും അഭിനയിക്കാൻ അനുവാദം ലഭിക്കാത്തിനെ തുടർന്ന് സിനിമ ഇതുവരെയും തുടങ്ങാൻ സാധിച്ചിരുന്നില്ല.
കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരിയും വ്യക്തമാക്കിയിരുന്നു.
‘‘കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. അവധി എടുത്തുപോലും മറ്റു ജോലിക്ക് പോകാൻ പാടില്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മുഴുവൻസമയ ജോലിയായാണ് മന്ത്രിപദത്തെ കാണേണ്ടത്.’’ പി.ഡി.ടി. ആചാരി പറഞ്ഞു.
എന്നാൽ താൻ സിനിമ ചെയ്യുമെന്നും കേന്ദ്രത്തിനോട് അനുവാദം ചോദിച്ചെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ മാസം മാധ്യമങ്ങളോട് പറഞ്ഞത്.
‘‘സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീർവാദം ഉണ്ടാകണം. ഏതാണ്ട് 20, 22 സിനിമകളുടെ സ്ക്രിപ്റ്റ് ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്.
എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പറ് കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്ക് എറിഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങോട്ടു പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയിൽ നിന്നുള്ള മൂന്നോ നാലോ പേർക്കൊരു ക്യാബിൻ ഞാനോ നിർമാതാവോ എടുത്ത് കൊടുക്കണം. ഇനി അതിന്റെ പേരില് പറഞ്ഞയയ്ക്കുമെങ്കിൽ ഞാൻ രക്ഷപ്പെട്ടു.
തൃശൂരുകാരെ എനിക്ക് കൂടുതൽ പരിഗണിക്കാൻ പറ്റും. ഞാൻ ഇതൊന്നും ആഗ്രഹിച്ചതുമല്ല, മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവർ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടിവന്നു. ഞാൻ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോകും.'' അന്ന് സുരേഷ് ഗോപി പറഞ്ഞതിങ്ങനെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.