നടൻ ജോജു ജോർജിനെതിരെ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്യു രംഗത്ത്. വ്ലോഗർക്കെതിരെ ജോജു ജോർജ് നിയമ നടപടികളുമായി മുന്നോട്ടു പോയാൽ കെഎസ്യു നിയമ പോരാട്ടം ഏറ്റെടുക്കുമെന്നും വിമർശനങ്ങളെ ഉൾകൊള്ളാനാവുക എന്നത് ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ മനുഷ്യർക്ക് വേണ്ട അടിസ്ഥാന മര്യാദയാണെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
പണി എന്ന ചിത്രത്തെ കുറിച്ച് നെഗറ്റിവ് റിവ്യു എഴുതിയ കാര്യവട്ടം ക്യാംപസിലെ പൊളിറ്റിക്കൽ സയൻസ് ഗവേഷക വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്ന ജോജുവിന്റെ ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.
വിമർശനങ്ങളെ ഉൾകൊള്ളാനാവുക എന്നത് ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ മനുഷ്യർക്ക് വേണ്ട അടിസ്ഥാന മര്യാദയാണ്, വിമർശകരെ മുഴുവൻ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും പോരാഞ്ഞ് ഭീഷണി കൂടി പയറ്റി നോക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോർജ്.
ജോജു ജോർജിന്റെ ഒടുവിൽ പുറത്തിറങ്ങിയ പണി എന്ന ചിത്രത്തിൽ സ്ത്രീ കഥാപാത്രത്തെ ഒബ്ജെക്റ്റിഫൈ ചെയ്യുന്നതും റേപ്പ് ഉൾപ്പടെ അപകടകരമായ രീതിയിൽ ദൃശ്യവത്കരിക്കുകയും ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പ്രൊഫൈലിൽ റിവ്യു എഴുതിയ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ആദർശിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ജോജു വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും, കോൾ റെക്കോർഡിംഗ് ഉൾപ്പെടെ ആദർശ് പുറത്ത് വിട്ടിട്ടുണ്ട്.
ജോജുവിന്റെ സംസ്കാരമാണ് ആ ഫോൺ കോളിൽ ഉടനീളം പ്രതിഫലിപ്പിക്കുന്നത്. അത് അയാളുടെ രാഷ്ട്രീയവുമായി ഇഴചേർന്ന് കിടക്കുന്നതാണ്, ചെറിയ റോളുകളിൽ നിന്ന് വളർന്നു വന്ന നല്ലൊരു അഭിനേതാവ് തുടർച്ചയായ ഇത്തരം പെരുമാറ്റങ്ങളിലൂടെ അധഃപതിക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം.
ആദർശിന് നേരെ ചില പ്രത്യേക കോണുകളിൽ നിന്ന് അധിക്ഷേപങ്ങൾ ഉയരുന്നുണ്ട്, ജോജുവിന്റേതിന് സമാനമായ സംസ്കാരവും സ്വഭാവഗുണങ്ങളുമുള്ള കുറെയേറെ ആളുകളെ കാര്യവട്ടം ക്യാംപസിൽ കണ്ടു പരിചയിച്ച ആദർശിന് ഇതിൽ വലിയ അദ്ഭുതമൊന്നും തോന്നാനിടയില്ല.
ആദർശിനെ ആക്രമിക്കാൻ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി ജോജു ഉൾപ്പടെയുള്ള ആളുകൾ കടന്നുവന്നാൽ നിയമപരമായും അല്ലാതെയും കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ പരിപൂർണ പിന്തുണ ഗവേഷക വിദ്യാർത്ഥി കൂടിയായ ആദർശിനുണ്ടാവും. പ്രിയപ്പെട്ടവനൊപ്പം. അലോഷ്യസ് സേവ്യർ സമൂഹമാധ്യമത്തിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.