കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കളായ ബാൽകൗർ സിംഗും ചരൺ കൗറും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. സിദ്ധുവിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങളാണ് ഗായകന്റെ അമ്മ ചരൺ വീണ്ടും ഗർഭിണിയാണെന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.
58കാരിയായ ചരൺ, ഐവിഎഫ് വഴിയാണ് ഗർഭിണിയായതെന്നും കുഞ്ഞിനായി സിദ്ധുവിന്റെ കുടുംബം കാത്തിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടാം മാസത്തിലാണ് ചരൺ ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്.
ബാൽകൗർ സിംഗിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. മകന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കടുത്ത വിഷാദത്തിലേയക്ക് ഇവർ പോയിരുന്നു.
2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽ സിദ്ധു മൂസാവാല വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.
കാറിന്റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.