കരുമാടിക്കുട്ടന്റെ കദനകഥ
Wednesday, November 14, 2018 12:07 PM IST
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒരു ചങ്ങാതിയുടെ വിയോഗത്തെ അത് ഓർമപ്പെടുത്തുന്നുണ്ട്. മലയാളത്തിന്റെ കറുത്ത മുത്ത് കലാഭവൻ മണിയാണ് ആ ചങ്ങാതി. മണിയുടെ ജീവിതത്തെ സംവിധായകൻ വിനയൻ വെള്ളിത്തിരയിലേക്ക് എത്തിക്കുന്പോൾ മണിയെന്ന കലാകരനുള്ള ശ്രദ്ധാഞ്ജലിയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നായകനും വില്ലനും കൊമേഡിയനുമൊക്കെയായി പകർന്നാടിയ കലാഭവൻ മണിയുടെ അഭിനയ ജീവിതത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ നിരവധിയാണ്. അവയിൽ എന്നെ ജനകീയമായ ഒരു കഥാപാത്രമായിരുന്നു 2001-ൽ വിനയന്റെ സംവിധാനത്തിലെത്തിയ കരുമാടിക്കുട്ടനിലേത്.
കരുമാടിക്കുട്ടനെക്കുറിച്ച് പറയാനേറെയുണ്ട്. തന്പ്രാട്ടിക്കുട്ടിയായ അമ്മയും അടിയാളനായ അച്ഛനും പിറന്ന ഒറ്റ മകൻ. പ്രായം മുപ്പത് എത്തിയെങ്കിലും ഇന്നും ബുദ്ധിക്കു പത്തു വയസാണ് വളർച്ച. നാട്ടുകാർക്കെന്തിനും അവൻ വേണം. ഏതു കഠിനമായ ജോലി ചെയ്യാനും ഒരു മടിയുമില്ല. വയറു നിറയെ ഭക്ഷണം മാത്രമാണ് വേണ്ടത്. ഇനി കൂലി മേടിക്കാൻ പറഞ്ഞാലും അഞ്ചു രൂപയാണ് അവൻ ചോദിക്കുന്നത്. ചെറുപ്പത്തിലെ അനാഥനായ അവന് ആകെയുള്ള ആശ്വാസം മുത്തശിയാണ്. പിന്നെ അവനെ പാട്ടു പടിപ്പിച്ച ആശാൻ ചേന്നനും.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ നായക സ്ഥാനത്തേക്കു മണിയെ കൈ പിടിച്ചുയർത്തിയ വിനയൻ ഇദ്ദേഹത്തിനു മറ്റൊരു മികച്ച കഥാപാത്രം നൽകുകയായിരുന്നു ഈ ചിത്രത്തിലൂടെ. കലാഭവൻ മണിയുടെ സ്വതസിദ്ധമായ ഹാസ്യ നന്പറുകളും സെന്റിമെൻസുമെല്ലാം ഒത്തുചേർന്നപ്പോൾ കഥാപാത്രത്തെപ്പോലെ തന്നെ സിനിമയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളത്തിലും തമിഴിലും അക്കാലത്തെ ഏറെ തിരക്കുള്ള നടി നന്ദിനിയായിരുന്നു ചിത്രത്തിലെ നന്ദിനിക്കുട്ടി എന്ന നായിക കഥാപാത്രമായി വന്നത്. ഒപ്പം രാജൻ പി. ദേവ്, സുരേഷ് കൃഷ്ണ, ഭാരതി, ജനാർദ്ദനൻ, സായികുമാർ തുടങ്ങിയ വലിയ താരനിരയും. സാംസണ് ജെ പാണാടൻ നിർമ്മിച്ച ഈ ചിത്രത്തിനു രചന ഒരുക്കിയത് വിനയനും ജെ. പള്ളാശേരിയും ചേർന്നാണ്.
താണ ജാതിക്കാരനെ സ്നേഹിച്ചു വിവാഹം കഴിച്ചതിനു വീട്ടിൽ നിന്നും പുറത്താക്കിയതാണ് കുട്ടന്റെ അമ്മയെ. എങ്കിലും മുത്തശിക്കെന്നും കാണത്തക്കവിധത്തിൽ തറവാടിനു മുന്നിലായി തന്നെയുള്ള കുടിലിലാണ് കുട്ടന്റെ താമസം. മുത്തശി കൊടുക്കുന്ന പഴങ്കഞ്ഞി കുടിക്കാൻ എന്നും അവൻ എത്തും. വഴക്കു പറഞ്ഞാലും ദേഷ്യപ്പെട്ടാലുമെല്ലാം അവനു ഒരു ചിരി മാത്രം. അവിടെ അവൻ സ്നേഹിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്. പട്ടണത്തിൽ പഠിക്കുന്ന നന്ദിനിക്കുട്ടി.
നന്ദിനിക്കുട്ടി പട്ടണത്തിൽ നിന്നും തിരിച്ചെത്തുന്ന ദിവസം കുളത്തിൽ നിന്നും നിറയെ താമരപ്പൂക്കളുമായി ഓടി അവളുടെ മുറിയിലേക്കവൻ എത്തി. എന്നാൽ നന്ദിനിക്കുട്ടിയുടെ വഴക്കു കേൾക്കാനാരുന്നു വിധി. പലപ്പോഴും നന്ദിനിക്കുട്ടിയുടെ അനിഷ്ടത്തിന് അവൻ കാരണമായി. നന്ദിനിക്കുട്ടിയെ വിവാഹം കഴിക്കാനുള്ള അവന്റെ ആഗ്രഹത്തെ കണക്കിന് അവൾ പരിഹസിക്കുന്നുമുണ്ട്.
ആ തറവാടിനോടു പകയും വിദ്വേഷവുമായി നടക്കുന്ന നീലകണ്ഠൻ മുതലാളി തന്റെ മകൻ ശേഖരനായി നന്ദിനിക്കുട്ടിയെ വിവാഹം ആലോചിച്ച് എത്തുന്നു. എന്നാൽ അതിനു മുത്തശി എതിരു പറയുന്നതോടെ ആ വീടിന്റെ ആധാരം മുന്നേ കരസ്ഥമാക്കിയ നീലകണ്ഠൻ മുതലാളി അവരെ പുറത്താക്കി. അതോടെ നന്ദിനിക്കുട്ടിക്ക് ഉറപ്പിച്ച വിവാഹവും മുടങ്ങി. എന്നാൽ തന്റെ കുടിലിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയാണ് കുട്ടൻ.
മുത്തശിക്കു തീരെ വയ്യാതാകുന്ന ദിവസം സഹായം ചോദിച്ചെത്തുന്ന നന്ദിനിക്കുട്ടിയെ ശേഖരൻ പീഡിപ്പിക്കുന്നു. മുത്തശി മരിക്കുന്നതോടെ കുട്ടനും നന്ദിനിക്കുട്ടിയും തനിച്ചായി. നന്ദിനിക്കുട്ടി കുട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങി. വീണ്ടും കുട്ടനേയും നന്ദിനിക്കുട്ടിയേയും ഉപദ്രവിക്കാൻ ശേഖരൻ എത്തുന്നു. കുട്ടനെ കൊലപ്പെടുത്താൻ ഒരുങ്ങുന്ന ശേഖരനെ നന്ദിനിക്കുട്ടി വെട്ടിക്കൊലപ്പെടുത്തി. പിന്നീട് ഏഴു വർഷങ്ങൾക്കു ശേഷം നന്ദിനിക്കുട്ടി ജയിലിൽ നിന്നും പുറത്തിറങ്ങുന്പോൾ അവളുടെ കഴുത്തിൽ താലി ചാർത്താനായി കുട്ടൻ കാത്തിരിപ്പുണ്ടായിരുന്നു. അവിടെവെച്ചു നന്ദിനിക്കുട്ടിയും കുട്ടനും പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു.
യൂസഫലി കേച്ചേരിയുടെ വരികൾക്കു മോഹൻ സിത്താര ഈണം പകർന്ന ഗാനങ്ങളെല്ലാം അന്നു ഹിറ്റ്ചാർട്ടിൽ ഇടം നേടിയിരുന്നു. കലാഭവൻ മണി തന്നെ പാടിയ കൈകൊട്ടു പെണ്ണെ എന്ന ഗാനം ഇന്നും ഏറെ പ്രേക്ഷക പ്രീതിയിൽ മുന്നിലാണ്.
തയാറാക്കിയത്: അനൂപ് ശങ്കർ