മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
Friday, September 7, 2018 5:16 PM IST
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടുകളായി ഇടം നേടിയ താരമാണ് ബേബി ശാലിനി. ഒരു പക്ഷേ, മറ്റൊരു ബാലതാരത്തിനും അത്രത്തോളം മലയാളികളുടെ ഇഷ്ടം നേടാൻ അതിനു മുന്പോ പിന്നീടോ സാധിച്ചിട്ടില്ല എന്നതാണു വാസ്തവം. ബേബി ശാലിനിയുടെ അക്കാലത്തെ ഹെയർ സ്റ്റൈൽ പോലും ഏറെ പ്രശസ്തമായിരുന്നു. മുൻവശത്തു വെട്ടിയിട്ട് ഇരുചെവി വരെയും മൂടുന്ന മുടി. കാലങ്ങൾ കടന്നു പോയപ്പോൾ ആ ബാലതാരം വളർന്നു പ്രിയ നായികയായി എത്തി. അപ്പോഴും ബാല്യത്തിലെ ഇഷ്ടം നേടിയെടുക്കാനും കുടുംബിനിയായി ജീവിതം നയിക്കുന്പോൾ അതു തുടരാനും ശാലിനിക്കു കഴിയുന്നുണ്ട്.
1983-ൽ ആദ്യത്തെ അനുരാഗം എന്ന ചിത്രത്തിലൂടെയാണ് കാമറയ്ക്കു മുന്നിലെത്തുന്നതെങ്കിലും ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രമാണ് ബേബി ശാലിനിക്കു മേൽവിലാസം നേടിക്കൊടുത്തത്. ഒരു വർഷം തന്നെ പത്തിലധികം ചിത്രങ്ങളിലാണ് ആ കാലങ്ങളിൽ ഈ കുഞ്ഞു പ്രതിഭ അഭിനയിച്ചിരുന്നത്. 1987-ൽ അമ്മേ ഭഗവതി എന്ന ചിത്രത്തിലാണ് ബാലതാരമായി അവസാനം കാണുന്നത്. പിന്നീട് വർഷങ്ങൾക്കു ശേഷം അനിയത്തിപ്രാവിലൂടെ നായികയായി തിരിച്ചെത്തി. ബാലതാരമായിരുന്ന സമയത്ത് ഓരോ സിനിമയുടേയും വിജയം ഘടകമായി പ്രേക്ഷകരെ ആകർഷിച്ചിരുന്നതു ബേബി ശാലിനിയുടെ സാന്നിധ്യമാണ്. നായകനും നായികയ്ക്കും കഥയ്ക്കുമപ്പുറം തന്റെ പ്രകടനത്താൽ പ്രേക്ഷകരെ രസിപ്പിക്കുന്നതാണ് ബേബി ശാലിനിയുടെ പ്രാഗത്ഭ്യം. ബേബി ശാലിനിയുടെ പ്രകടനത്താൽ സന്പന്നമായ ചിത്രങ്ങൾ നിരവധിയെങ്കിലും ആ കൂട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്.
ഭരത് ഗോപി, മോഹൻലാൽ, സംഗീത നായിക്, പൂർണിമ ജയറാം, തിലകൻ തുടങ്ങിയ താരനിരയിലെത്തിയ ചിത്രത്തിനു രചനയും സംവിധാനവും ഒരുക്കിയത് ഫാസിലാണ്. കുട്ടികളിലൂടെ വലിയ ലോകത്തിന്റെ കഥ പറയുന്നതിൽ എന്നും മിടുക്കനായിരുന്ന ഫാ സിലിന്റെ മാസ്റ്റർപീസ് സിനിമകളിലൊന്നാണ് ഈ ചിത്രവും. മഞ്ഞിൽവിരിഞ്ഞ പൂവിനു ശേഷം ഫാസിൽ നേടുന്ന വലിയ ഹിറ്റും ഈ സിനിമയായിരുന്നു. നവോദയ അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രത്തിലെ എവർഗ്രീൻ ഹിറ്റ് പാട്ടുകളൊരുക്കിയത് ബിച്ചു തിരുമലയും ജെറി അമൽദേവും ചേർന്നാണ്.
വിനോദിന്റെയും ഭാര്യ സേതുവിന്േറയും ജീവിതത്തിൽ സംഭവിച്ച തീരാദുഃഖമാണ് മകളുടെ മരണം. ഒരിക്കൽ ബോട്ട് യാത്രയ്ക്കിടയിലാണ് മകൾ വെള്ളത്തിലേക്കു വീണ് മരിക്കുന്നത്. ഭാര്യ സേതുവിന്റെ മനസിന് ആശ്വാസമാകാനായി ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്നു വിനോദ് തീരുമാനിക്കുന്നു. എന്നാൽ തന്റെ മകൾക്കു പകരം മറ്റൊരു കുഞ്ഞിനെ സ്നേഹിക്കാൻ തയാറല്ലായിരുന്നു സേതു. എങ്കിലും വിനോദിന്റെ നിർബന്ധത്തിലാണ് അനാഥാലയത്തിൽ ഇരുവരും പോകുന്നതും മാമാട്ടുക്കുട്ടിയമ്മ എന്ന ഓമനപ്പേരുള്ള കുഞ്ഞിനെ കാണുന്നതും. അവളെ അവർക്കിഷ്ടമായി. ടിന്റുമോൾ എന്നവർ അവൾക്കു പേരുവിളിച്ച് വീട്ടിൽ കൊണ്ടുവരുകയും അവരുടെ ജീവിതം വീണ്ടും സന്തോഷസുന്ദരമാവുകയും ചെയ്തു.
എന്നാൽ വിനോദിനെ തിരക്കി അവിടെ അലക്സ് എത്തുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ടു മാനസിക രോഗിയായ ഭാര്യയാണ് അയാളുടേത്. വിനോദ് തിരിച്ചറിയുന്നു അവരുടെ ടിന്റുമോൾ അലക്സിന്റേയും ഭാര്യ മേഴ്സിയുടേയും യഥാർഥ മകളെന്ന്. എന്നാൽ കുഞ്ഞിനെ വീണ്ടും നഷ്ടപ്പെടുത്താൻ സേതുവിനു സാധിക്കുമായിരുന്നില്ല. എങ്കിലും മനസ് നഷ്ടപ്പെട്ടുപോയ അമ്മയ്ക്കു മകളെ തിരിച്ചു നൽകി സേതുവും വിനോദും യാത്രയാകുകയാണ് അവരുടെ വേദനകളെ പരസ്പരം പകർന്നുകൊണ്ട്.
ഒരു കഥയെ അതിന്റെ എല്ലാ ഭാവത്തോടും പകരുന്ന ഫാസിൽ ടച്ചാണ് ഈ സിനിമയുടേയും സൗന്ദര്യം. "എന്റെ മാമാട്ടുക്കുട്ടിയമ്മ' എന്ന പേര് ടൈറ്റിലായി എഴുതിക്കൊടുത്തെങ്കിലും അതു പ്രിന്റ് അടിച്ചു വന്നപ്പോൾ അക്ഷരപ്പിശക് സംഭവിച്ചാണ് മാമാട്ടിക്കുട്ടിയമ്മ എന്നായി മാറിയത്’എന്നാണ് ചിത്രത്തിന്റെ പേരിനെക്കുറിച്ച് ഫാസിൽ ഒരിക്കൽ പറഞ്ഞത്. ഒരിക്കൽ കേരളത്തിന്റെ വടക്കുള്ള ഒരു വീട്ടിൽ നിന്നും കേട്ട മാമൂട്ടമ്മ എന്ന വാക്കിൽ നിന്നുമാണ് ഈ പേര് മനസിലെത്തിയത്. മാമൂട്ടമ്മയിൽ നിന്നും മാമാട്ടുക്കുട്ടിയമ്മയെന്ന കുസൃതിക്കുരുന്നിനെ സൃഷ്ടിച്ചെടുത്തു ചിത്രം ചെയ്യുന്പോളേ ഹിറ്റാകും എന്നു ഉറപ്പുണ്ടായിരുന്നു എന്നും ഫാസിൽ കൂട്ടിച്ചേർക്കുന്നു.
തയാറാക്കിയത്: അനൂപ് ശങ്കർ