കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
Monday, September 3, 2018 3:54 PM IST
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം, ചിത്രസംയോജനം, വിതരണം തുടങ്ങി സിനിമയിലെ വിവിധ മേഖലകളിൽ തന്റേതായ മേൽവിലാസം കുറിച്ച പ്രതിഭയാണ് ബാലചന്ദ്രമേനോൻ. ചലച്ചിത്ര മാധ്യമപ്രവർത്തകനായി ആരംഭിച്ച് മലയാള സിനിമയിലെ ഏറ്റവും വിലയുള്ള സംവിധായകനായി മാറുകയായിരുന്നു ഇദ്ദേഹം. അതേ സമയം കുടുംബ പ്രേക്ഷകരുടെ പ്രിയ നായകനും. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൂടുതൽ ചിത്രങ്ങളിലും അദ്ദേഹം തന്നെയാണ് നായകനെന്നത് ശ്രദ്ധേയമായ കാര്യമാണ്. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനുള്ള ഗിന്നസ് റിക്കാർഡും ഇന്ന് ഈ കലാകാരനു മാത്രമുള്ളതാണ്.
1978-ൽ ഉത്രാട രാത്രി എന്ന ചിത്രം സംവിധാനം ചെയതുകൊണ്ടു മലയാള സിനിമയിലേക്കു അരങ്ങേറ്റം കുറിച്ച ബാലചന്ദ്രമേനോൻ എണ്‍പതുകളോടെയാണ് തന്റെ സിനിമകളിൽ അഭിനയിച്ചു തുടങ്ങുന്നത്. ബാലചന്ദ്രമേനോനെ കുടുംബ പ്രേക്ഷകരുടെ വിശ്വസ്ത താരമാക്കിയ ചിത്രമായിരുന്നു 1984-ലെത്തിയ ഏപ്രിൽ 18. ഒരു ചെറുകഥയുടെ ലാളിത്യവും കുറച്ചു കഥാപാത്രങ്ങളും കുടുംബ ബന്ധത്തിലെ പവിത്രതയുമൊക്കെയായി ഏപ്രിൽ 18 മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിലേക്കു ഇടം പിടിക്കുകയായികുന്നു. ബാലചന്ദ്രമേനോൻ തന്നെ രചനയും സംവിധാനവും പ്രധാന വേഷവും കൈകാര്യം ചെയ്ത ചിത്രത്തിനു നടി ശോഭനയുടെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
പുതുമുഖം മീര എന്ന പേരിലാണ് ചിത്രത്തിലൂടെ അന്യഭാഷാ നായികയായ ശോഭനയെ ബാലചന്ദ്രമേമോൻ എത്തിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു ശോഭന എന്നത്. എസ്.ഐ ഹരികുമാർ എന്ന കഥാപാത്രമായിരുന്നു ബാലചന്ദ്രമേനോന്റേത്. അഴിമതി നാരായണപിള്ള എന്ന കഥാപാത്രമായി അടൂർഭാസിയും ഹെഡ് കോണ്‍സ്റ്റബിൾ ഗോപിപ്പിള്ളയായ് ഭരത് ഗോപിയും അഡ്വ.തോമാച്ചനായി വേണു നാഗവള്ളിയും എത്തിയപ്പോൾ ഉണ്ണിമേരി, അടൂർ ഭവാനി, ശങ്കരാടി, മണിയൻപിള്ള രാജു, സുകുമാരി, ശ്രീനാഥ് തുടങ്ങിയവരും ചിത്രത്തിലെത്തി. ബിച്ചു തിരുമലയുടെ വരികൾക്കു എ.ടി ഉമ്മറാണ് സംഗീതം പകർന്നത്. ചിത്രത്തിൽ കോമഡി ഗാനമായി എത്തുന്ന അഴിമതി നാറാപിള്ള അക്കാലത്തു വലിയ ശ്രദ്ധനേടിയിരുന്നു. യോശുദാസും ജാനകിയും ചേർന്നു പാടിയ കാളിന്ദി തീരം തന്നിൽ എന്ന ഗാനം മലയാളത്തിലെ എവർഗ്രീൻ ഹിറ്റാണ്.
എത്ര സ്നേഹമുള്ളവർക്കിടയിലും രഹസ്യം ഒരു വലിയ പ്രശ്നമെന്നാണ് ചിത്രം പറയുന്നത്. എസ്.ഐ ഹരികുമാരും ശോഭനയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇണക്കങ്ങളും പിണക്കങ്ങളുമായി അവരുടെ സന്തുഷ്ടമായ ജീവിതം. അടുത്ത സുഹൃത്തായ തോമാച്ചനും ഭാര്യയും അവരുടെ വീടിനു താഴെയാണ് താമസം. പ്രണയ വിവാഹത്തിന്റെ ഒരു ചൊരുക്ക് ശോഭനയുടെ അച്ഛൻ നാരായണപിള്ളയ്ക്കുണ്ട്. അമ്മായി അച്ഛനും മരുമകനും അത്ര രസത്തിലുമല്ല. ഒരു ദിവസം തന്റെ ആത്മാർത്ഥ സുഹൃത്തിനെ കുറ്റവാളിയായി ഹരികുമാർ കാണുന്നു. സുഹൃത്തിന്റെ അഭ്യർഥ പ്രകാരം അയാളുടെ ഭാര്യയെ സഹായിക്കാനും ഹരികുമാർ ഒരുങ്ങുന്നുണ്ട്. എന്നാൽ ഭാര്യ ഇതറിയണ്ടെന്നും വെറുതെ സംശയിക്കുമെന്നും കോണ്‍സ്റ്റബിൽ നാരായണ പിള്ള പറയുന്നത് അയാൾ അനുസരിക്കുന്നു, പക്ഷേ സുഹൃത്തിന്റെ വിവാഹവാർഷികത്തിനു വാങ്ങിക്കുന്ന സാരി ഹരികുമാറിനും ശോഭനയ്ക്കും ഇടയിൽ പ്രശനങ്ങൾ സൃഷ്ടിച്ചു. ശോഭന പിണങ്ങിപ്പോവുകയും അതു വിവാഹമോചനത്തിന്റെ വക്കിൽ കൊണ്ടെത്തിക്കുകയും ചെയ്തു. നാടകീയ രംഗങ്ങൾക്കൊടുവിൽ കോടതിയിൽ വെച്ച് ഇരുവരും വീണ്ടും ഒന്നിക്കുന്പോൾ കഥ അവസാനിക്കുകയാണ്.
തിലകൻ ചെയ്യാനിരുന്ന വേഷമാണ് പിന്നീട് അടൂർ ഭാസി ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലൂടെ ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും ഈ നടനെ തേടിയെത്തിയിരുന്നു. ഈ ചിത്രത്തിന്റെ പേരു വന്നതിനെപ്പറ്റി സംവിധായകൻ തന്നെ പിന്നീട് വിവിരിച്ചിട്ടുണ്ട്. പ്രശ്നം ഗുരുതരം എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടയിൽ നിർമ്മാതാവ് അഗസ്റ്റിൻ പ്രകാശ് വന്നു പുതിയ ചിത്രത്തിന്റെ പേരു ബാലചന്ദ്രമേനോനോട് തിരക്കി. ഏപ്രിൽ മാസം റിലീസ് ചെയ്യുന്ന ചിത്രം എന്ന നിലയിൽ അടുത്ത സിനിമയുടെ പേര് ഏപ്രിൽ 18 എന്നുപറഞ്ഞു. സത്യത്തിൽ എവിടെ നിന്നോ പൊട്ടിവീണ പേരിനു ശേഷം കഥയും കഥാപാത്രങ്ങളും സിനിമയും പിന്നാലെയെത്തുകയായിരുന്നു എന്നാണ് ബാലചന്ദ്രമേനോൻ പറഞ്ഞിട്ടുള്ളത്.
തയാറാക്കിയത്: അനൂപ് ശങ്കർ