ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
Thursday, July 19, 2018 4:08 PM IST
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയിൽ നിന്നും ആസ്വാദകന്റെ ഹൃദയത്തിലേക്കാണ് ചെന്നെത്തേണ്ടതും. അത്തരത്തിൽ വെള്ളിത്തിരയിൽ നിന്നും മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ടിന്റെ കഥകൾ ഏറെയുണ്ട്. അതിലൊരു ദൃശ്യവിരുന്നായിരുന്നു സംവിധായകൻ ഭരതൻ ഒരുക്കിയ ചയമം. 1993-ലെത്തിയ ചമയത്തിൽ കടൽത്തീര ജീവിതവും നാടകത്തിന്റെ പശ്ചാത്തലവും സംഗീതത്തിന്റെ ഉൗഷ്മളതയുമൊക്കെ വളരെ സാവധാനത്തിൽ കുറച്ചു ജീവിതങ്ങളിലൂടെ തുന്നിച്ചേർത്തിരിക്കുകയാണ്.
മോഹൻലാലിനും തിലകനുമായി സൃഷ്ടിച്ചെടുത്ത കഥയായിരുന്നു ചമയത്തിന്റേത്. എന്നാൽ അതു മനോജ് കെ. ജയനും മുരളിക്കുമായി നിയോഗിക്കപ്പെട്ടതായിരുന്നു. ജോണ് പോളിന്റെ തിരക്കഥയിൽ ഭരതൻ ഒരുക്കിയ ചിത്രം കടൽതീര പശ്ചാത്തലത്തിൽ നാടകം ജീവവായുവിനെ പോലെ കാണുന്ന എസ്തപ്പാനാശാന്റെയും അദ്ദേഹത്തിന്റെ ശിഷ്യനായിത്തീരുന്ന ആന്റോയുടേയും കഥയാണ് പറയുന്നത്.
ഭരതന്റെ തന്നെ അമരത്തിനു ശേഷം കടലിന്റെ അരികുപറ്റിയുള്ള ജീവിതങ്ങളുടെ മറ്റൊരു കഥ പറയുകയായിരുന്നു ചമയത്തിലൂടെ. നർമവും പ്രണയവും മോഹഭംഗവും ത്യാഗവുമൊക്കെ ചേർത്തു ചമയത്തിനു ചായം ചാലിച്ചപ്പോൾ അതു പ്രേക്ഷകരുടെയും മനസ് കവർന്നു.
ചമയം ഏറെ ഗുണം ചെയ്തത് നായകനായി എത്തിയ മനോജ് കെ. ജയനായിരുന്നു. വെള്ളിത്തിരയിൽ സർഗത്തിലെ കുട്ടൻ തന്പുരാൻ എന്ന കഥാപാത്രത്തോടെ തന്റെ വരവ് അറിയിച്ച മനോജിന്റെ കരിയരിൽ ഏറെ വഴിത്തിരിവായ ചിത്രമായിരുന്നു ഇത്. മുക്കുവ ഭാഷയും ശരീര ചേഷ്ടയുമെല്ലാം ഒത്തു ചേർന്നപ്പോൾ അസലൊരു അരയനായി അയാൾ മാറി. ഏതു കഥാപാത്രവും ആഴത്തിലറങ്ങുന്ന മുരളിയുടെ അഭിനയ മികവും ചിത്രത്തിന്റെ മറ്റൊരു പ്രധാന സംഗതിയാണ്. ലിസ എന്ന കഥാപാത്രമായി മുന്നേറിയ സിതാരയ്ക്കൊപ്പം രഞ്ജിത, സായികുമാർ, മേഘനാഥൻ, വി.കെ ശ്രീരാമൻ, അഗസ്റ്റിൻ എന്നിവരും പ്രധാന താരങ്ങളായി.
സിനിമാ ജീവിതത്തിന്റെ ആദ്യ സമയങ്ങളിൽ ഭരതന്റെ പ്രണാമം എന്ന ചിത്രത്തിൽ അവസരം തേടിച്ചെന്നതാണ് മനോജ് കെ ജയൻ. എന്നാൽ നിരാശയായിരുന്നു ഫലം. പിന്നീട് സർഗം, കള്ളനും പോലീസും, ഗസൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിയിച്ചതിനുശേഷം ഭരതൻ മനോജിനെ വിളിച്ച ചിത്രമായിരുന്നു ചമയം. പിന്നീട് ഭരതനും മുരളിയും മനോജ് കെ. ജയനും ഒന്നിച്ച ചിത്രമായിരുന്നു ലോഹിതദാസിന്റെ തിരക്കഥയിലെത്തിയ വെങ്കലം. ചമയത്തിലെ അന്തിക്കടപ്പുറത്തൊരു എന്ന ഗാനത്തിന്റെ വരികൾ ഭരതേട്ടനെ പേടിച്ച് കാണാതെ പഠിച്ചതുകൊണ്ട് ഏതു ഉറക്കത്തിലും ഇപ്പോഴും താകൃത തിമ്രത തൈ എന്ന അവസാന വരിവരെ കാണാതെ പാടും എന്നു മനോജ് കെ. ജയൻ തന്നെ പറയുന്നു. പിന്നീട് ഭരതന്റെ തന്നെ ചുരത്തിലും മനോജ് കെ. ജയൻ നായകനായി.
ചിത്രത്തിൽ ജോണ് പോൾ ഒരുക്കിയ നാടക സംഭാഷണങ്ങൾ എവർഗ്രീനാണ്. ""ഈ നാട്ടിലെ ഏതു പെണ്കുട്ടിയേയും നിനക്കു സ്വന്തമാക്കാം... എന്റെ മകളൊഴികെ’’ എന്ന മുരളിയുടെ സംഭാഷണവും ""ഇരുന്പഴികളുടെ ബന്ധനംകൊണ്ടോ രാജകിങ്കരന്മാരുടെ വാൾമുനകൾ കൊണ്ടോ ഒന്നായി തീർന്ന മനസുകളെ പിരിക്കാനാകില്ല തിരുമനസേ’’ എന്ന മനോജ് കെ ജയന്റെ മറുപടിയും ആവേശത്തോടെയാണ് ഓരോ കാഴ്ചയിലും പ്രേക്ഷകരിലേക്കെത്തുന്നത്. അതിനൊപ്പം രാജഹംസമേ... എന്ന ഗാനം കൂടിയെത്തിയപ്പോൾ ഓരോ സീനും മനസിലേക്കു പകർന്നുവീഴുകയായിരുന്നു. കൈതപ്രം ദാമോദരൻ നന്പൂതിരിയുടെ വരികൾക്കു ജോണ്സണ് മാഷിന്റെ ഹൃദ്യമായ സംഗീതം കൂടി ചേർന്നപ്പോൾ ചിത്രം പോലെ ഗാനങ്ങളും കാലത്തെ അതിജീവിക്കുന്നതായി.
എസ്തപ്പാനാശാന്റെ നാടകക്കളരയിലേക്കു പകരക്കാരനായി എത്തുന്ന ആന്റോയും പിന്നീട് ലിസയുമായുള്ള അവന്റെ ഇഷ്ടവുമൊക്കെയാണ് ചിത്രത്തിന്റെ ഒന്നാം പാതി. വില്ലൻ കഥാപാത്രങ്ങളായി സായികുമാറും മേഘനാഥനും എത്തുന്നതോടെ കഥയുടെ ഗതിമാറുന്നു. തട്ടിൽ അഭിനയിച്ചു കൊണ്ടിരിക്കുന്പോൾ മരിക്കണമെന്ന ആഗ്രഹംപോലെ തന്നെ വിധി ആശാനായി കളമൊരുക്കി.
ആന്റോയ്ക്കായി കരുതിയ കത്തി ആഴ്ന്നിറങ്ങിയത് ആശാന്റെ നെഞ്ചിലേക്കായിരുന്നു. എന്നിട്ടും നാടകം പ്രാണവായു ആയ ആശാൻ അതു മറച്ചുവെച്ച് വേദിയിൽ കഥാപാത്രത്തെ ആടിത്തിമിർത്തു മരിച്ചുവീണു. സംഭവബഹുലമായ കഥയെ അതിന്റെ ഭാവമാറ്റത്തിന്റെ ഒഴുക്കോടെ പ്രേക്ഷകരിലേക്കെത്തിച്ചിടത്താണ് ചമയത്തിന്റെ വിജയം.
തയാറാക്കിയത്: അനൂപ് ശങ്കർ