ഒരു പാവം രാജകുമാരന്റെ കഥ
Monday, June 11, 2018 1:21 PM IST
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ കലാകാരനാണ് ശ്രീനിവാസൻ. സാധാരണക്കാരായ കഥാപാത്രങ്ങളാണ് അതുകൊണ്ടു തന്നെ ശ്രീനിവാസന്റെ ഓരോ തിരക്കഥകളിലും എത്തുന്നത്. അവരെല്ലാം നമുക്കൊരുവനെ പോലെ പോരായ്മകളും കുറവുകളുമുള്ളവരാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങളെ ശ്രീനി തന്നെ അഭിനയിച്ച് അഭ്രപാളിയിലെത്തിക്കുന്പോഴുള്ള സൗന്ദര്യവും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനും പാവം പാവം രാജകുമാരനിലെ ഗോപാലകൃഷ്ണൻ മാഷുമൊക്കെ അത്തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. അന്നും ഇന്നും ഈ കഥാപാത്രങ്ങളും സിനിമകളും ജനകീയമായി നിൽക്കുന്നതു ശ്രീനിയുടെ ആ എഴുത്തും അഭിനയ മികവും ഒത്തു ചേരുന്നതിലെ മേന്മ കൊണ്ടാണ്.
ഈ ശ്രേണിയിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു 1991-ൽ കമലിന്റെ സംവിധാനത്തിലെത്തിയ പാവം പാവം രാജകുമാരൻ. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ ഹിറ്റ് കോന്പോയ്ക്കു ശേഷം ശ്രീനിവാസനും കമലിന്റെയും മാന്ത്രിക കൂട്ടുകെട്ട് ആരംഭിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. പിന്നീട് ചന്പക്കുളം തച്ചനും അഴകിയ രാവണനും അയാൾ കഥ എഴുതുകയാണ് തുടങ്ങിയ ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ചതും ഇവരാണ്. അതിഭാവുകത്വങ്ങളോ അസാധാരണങ്ങളോ ഇല്ലാത്തപ്പോഴും യാഥാർഥ്യത്തിനും ലാളിത്യത്തിനു ഭംഗം വരാതെയാണ് പാവം പാവം രാജകുമാരൻ ഒരുക്കിയിരിക്കുന്നത്. ശ്രീനീവാസന്റെ തന്നെ തലയണമന്ത്രം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം എത്തിയ ഈ ചിത്രവും ആ വർഷത്തെ സൂപ്പർഹിറ്റായിരുന്നു. ശ്രീനിവാസൻ നായകനായ ചിത്രത്തിൽ രേഖ, ജയറാം, ജഗദീഷ്, സിദ്ധിഖ്, മണിയൻപിള്ള രാജു, മാമുക്കോയ, ഇന്നസെന്റ്, കെ.പി.എ.സി ലളിത തുടങ്ങിയ വലിയ താരനിര ചിത്രത്തിലെത്തിയിരുന്നു.
സുഹൃത്തുക്കളായ അരവിന്ദൻ, സുജനപാലൻ, ഗംഗൻ എന്നിവർക്കൊപ്പമാണ് പിശുക്കനും അരസികനും അവരേക്കാൾ പ്രായം കൂടുതലുള്ള അവിവാഹിതനുമായ ഗോപാലകൃഷ്ണൻ മാഷ് താമസിക്കുന്നത്. സുഹൃത്തുക്കളുടെ ചെറിയ സന്തോഷങ്ങളിൽ നിന്നും നേരം പോക്കുകളിൽ നിന്നും മാറി നിൽക്കുന്ന സ്വാർഥനും എന്നാൽ സത്യസന്ധനും നിഷ്കളങ്കനുമാണ് ഈ മാഷ്. അതുകൊണ്ടാണ് രാധിക എന്ന കാമുകിയായി അവർ മാഷിനു കത്തെഴുതാനും അയാളുടെ പിശുക്ക് മാറ്റിയെടുക്കാനും ശ്രമിക്കുന്നത്. ബാങ്ക് ഉദ്യാഗസ്ഥയായ രാധികയെ കാമുകിയെന്നു തെറ്റിദ്ധരിച്ച് മാഷും സ്നേഹിക്കുന്നു. ആത്മഹത്യഭീഷണി മുഴക്കി വീട്ടുകാരെ കല്യാണത്തിനു സമ്മതിപ്പിച്ച് രാധികയുടെ മുന്നിലെത്തുന്പോഴാണ് തിനിക്കു പറ്റിയ അബദ്ധം ആ മാഷ് മനസിലാക്കുന്നത്. നാണം കെട്ട് യാത്ര പറഞ്ഞു പോകുന്ന മാഷ് അഞ്ചു വർഷങ്ങൾക്കു ശേഷം തന്റെ സുഹൃത്തുക്കളെ വീട്ടിലേക്കു കൊണ്ടു പോകുന്പോൾ അവിടെ ഗോപാലകൃഷ്ണൻ മാഷിന്റെ ഭാര്യയായി രാധിക ഉണ്ടായിരുന്നു.
ഗോപാലകൃഷ്ണൻ മാഷിന്റെ സ്വഭാവത്തിലൂടെ പ്രേക്ഷക ഇഷ്ടം നേടുന്നതിൽ ശ്രീനിവാസൻ വിജയിച്ചിരുന്നു. മീശ വടിച്ചത് കാണിക്കാൻ രാധികയുടെ മുന്നിലെത്തിയുള്ള ചേഷ്ടയും ആദ്യമായി കത്തു വായിക്കുന്ന സാഹചര്യവും "ഞാൻ മീശ എടുത്തു എന്ന കാര്യം കൂടി പറഞ്ഞേക്കണേ, ഏഴു തവണയെ ഷേവു ചെയ്തുള്ളു ആ ബ്ലേഡുകൊണ്ട്..' തുടങ്ങിയ ഡയലോഗുമൊക്കെ ചിത്രം കണ്ടിറങ്ങിയാലും ഓർത്തോർത്തു ചിരിക്കാനുള്ള വക നൽകുന്നതാണ്. സമകാലികമായ ഒരു വിഷയത്തെ ഇന്നത്തെക്കാലത്തെ സാധ്യതകളൊന്നും ഇല്ലാതിരുന്ന കാലത്തു തന്മയത്വത്തോടെ മലയാള സിനിമയ്ക്കു സമ്മാനിക്കുകയായിരുന്നു ശ്രീനിയും കമലും ചേർന്ന്. സിനിമയ്ക്കൊപ്പം തന്നെ ജോണ്സണ് മാഷ്- കൈതപ്രം ടീമിന്റെ പാതിമെയ് മറഞ്ഞതെന്തേ, കണ്ണാടിക്കൈയിൽ എന്നീ ഗാനങ്ങളും ഇന്നും മലയാളികൾക്കു പ്രിയപ്പെട്ടവയാണ്. ഗോപുര വാസലിലെ എന്ന പേരിൽ പിന്നീട് പ്രിയദർശൻ ഈ ചിത്രത്തിനു തമിഴ് റീമേക്കും ഒരുക്കിയിരുന്നു.
വില്ലനില്ലാത്ത സിനിമകളിൽ നായകന്റെ വേഷം അഭിനയിച്ചു വിജയിപ്പിക്കുക എന്നതു വെല്ലുവിളിയാണ്. കാരണം വില്ലൻ എത്രമാത്രം ക്രൂരനാകുന്നുവോ അത്രമാത്രം നായകനും നമുക്കു പ്രിയങ്കരനാകും. ഇവിടെ പച്ചയായ ഒരു മനുഷ്യന്റെ അസാധാരണത്വം ഒട്ടുമില്ലാത്ത ഒരു ജീവിതമാണ് മുന്നിലെത്തുന്നത്. അതുകൊണ്ടുതന്നെ ഗോപാലകൃഷ്ണൻ മാഷ് ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞു തന്നെ നിൽക്കുകയാണ്...
തയാറാക്കിയത്: അനൂപ് ശങ്കർ