മുത്താരംകുന്നിലെ പോസ്റ്റ്മാൻ
Wednesday, May 16, 2018 1:35 PM IST
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മുകേഷിന്റെ സിനിമ ജീവിതം. 1982-ൽ ബലൂണ് എന്ന ചിത്രത്തിലൂടെ നടനായി മലയാളികൾക്കു മുന്നിലെത്തിയെങ്കിലും നായകനായി മുകേഷിന് ഏറെ ശ്രദ്ധനേടിക്കൊടുത്ത ചിത്രമായിരുന്നു 1985-ൽ റിലീസ് ചെയ്ത മുത്താരംകുന്ന് പി.ഒ. തികച്ചും ഗ്രാമീണ പശ്ചത്തലത്തിൽ ഗുസ്തി മത്സരത്തിന്റെ ചുവടുപിടിച്ച് നർമ്മത്തിൽ ഉൗന്നിയാണ് ചിത്രത്തിന്റെ കഥ വികസിച്ചത്. പ്രണയവും നർമ്മവും ഗുസ്തിമത്സരവുമൊക്കെ സമം ചേർത്തപ്പോൾ മികച്ച വിജയവും ചിത്രം നേടിയിരുന്നു. ഒപ്പം നായകനായി മുകേഷിനും സംവിധായകനായി സിബി മലയിലിനും ഗംഭീര തുടക്കം തന്നെ ചിത്രം നേടിക്കൊടുത്തു.
സിബി മലയിലിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു മുത്താരംകുന്ന്.പി.ഒ. "എന്റെ താല്പര്യം എന്നും കുടുംബ ചിത്രങ്ങളോടായിരുന്നു. കന്നി ചിത്രം ചെയ്യുന്ന സമയത്ത് കുറഞ്ഞ ബജറ്റിൽ ചെറിയൊരു ചിത്രം എന്ന ആവശ്യവുമായാണ് നിർമ്മാതാവ് വന്നത്. ആ സമയത്ത് മറ്റൊരു പ്രോജക്ട് ആലോചിക്കാനാവുമായിരുന്നില്ല’ തന്റെ ആദ്യ ചിത്രത്തിനെക്കുറിച്ച് സംവിധായകന്റെ തന്നെ വാക്കുകളാണിത്. നടൻ ജഗദീഷ്, ആകാശവാണിക്കായി രചിച്ച സഹൃദയ സമക്ഷം എന്ന റേഡിയോ നാടകത്തിൽ ഒരു സിനിമയ്ക്കുള്ള വകയുണ്ടെന്നു നടൻ ശ്രീനിവാസനാണ് ജഗദീഷിനോടു പറയുന്നത്. ശ്രീനിവാസൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. മാമാങ്കം, പടയോട്ടം, തീക്കടൽ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സിബി മലയിലിന്റെ സ്വതന്ത്ര സംവിധാനരംഗത്തേക്കുള്ള പടികൂടിയായി ചിത്രം മാറി.
ദിലീപ് കുമാർ എന്ന പോസ്റ്റ് മാസ്റ്ററായി മുകേഷും കെ.പി അമ്മിണിക്കുട്ടി എന്ന ഗ്രാമീണ പെണ്കുട്ടിയായി ലിസിയുമാണ് ചിത്രത്തിൽ ജോഡികളാകുന്നത്. ഒപ്പം നെടുമുടി വേണു, ജഗദീഷ്, ശ്രീനിവാസൻ, സുകുമാരി, ജഗതി ശ്രീകുമാർ, വി.ഡി രാജപ്പൻ, കുതിരവട്ടം പപ്പു എന്നിങ്ങനെ താരനിരയുമുണ്ട്. ചിത്രത്തിന്റെ മറ്റൊരു ആകർഷണ ഘടകമായിരുന്നു ബോളിവുഡ് നടനും ഗുസ്തിക്കാരനുമായ ധാരാസിംഗിന്റെ കഥാപാത്രം. നായികയെ സ്വന്തമാക്കാനായി ഗുസ്തിയറിയാത്ത നായകനു മത്സരിക്കേണ്ടിവന്നത് ഈ ധാരാസിംഗിനോടാണ്. ധാരാസിംഗ് എന്ന പേരിൽ തന്നെയാണ് അദ്ദേഹം ചിത്രത്തിലെത്തിയതും.
ഡിമാൻഡുള്ള നായകൻ എന്ന മേൽവിലാസം മുകേഷിനു നൽകിയ ചിത്രമായിരുന്നു മുത്താരംകുന്ന് പി.ഒ. ഇതിനൊപ്പംതന്നെ അക്കാലത്തെ പ്രിയദർശൻ, സിദ്ധിക് ലാൽ ചിത്രങ്ങളിലൂടെ കോമഡിയിൽ തനിക്കുള്ള സ്പേസ് മുകേഷ് സൃഷ്ടിച്ചെടുക്കുകയായിരുന്നു. പിന്നീടെത്തിയ മുകേഷിന്റെ മികച്ച വിജയങ്ങളൊക്കെ ഈ ശ്രേണിയിൽ നർമ്മത്തിൽ കഥ പറഞ്ഞ ചിത്രങ്ങളായിരുന്നു.
കൊട്ടാരക്കരയ്ക്കടുത്തുള്ള മേലില എന്ന ഗ്രാമ പ്രദേശമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മുത്താരംകുന്ന് പോസ്റ്റോഫീസിൽ പുതിയതായി എത്തുന്ന പോസ്റ്റുമാസ്റ്ററാണ് ദിലീപ് കുമാർ. അവിടത്തെ പഴയൊരു ഗുസ്തിക്കാരനായ കുട്ടൻ പിള്ളയുടെ മകൾ അമ്മിണിക്കുട്ടിയെ അയാൾക്ക് ഇഷ്ടമാകുന്നു. സിനിമ നടൻ മമ്മൂട്ടിയുടെ ആരാധികയാണെന്നും മമ്മൂട്ടിക്ക് അമ്മിണിക്കുട്ടി കത്തുകൾ എഴുതാറുണ്ടെന്നും മനസിലാക്കുന്ന ദിലീപ് മമ്മൂട്ടിയെന്ന വ്യാജേന അമ്മിണിക്കുട്ടിക്കു കത്തുകൾ അയക്കുന്നു. ഒപ്പം പുതിയ പോസ്റ്റ്മാസ്റ്റർ ദിലീപ് തന്റെ കൂട്ടുകാരനാണെന്നും കത്തിലെഴുതി. അതോടെ അമ്മിണിക്കുട്ടിക്കും ദിലീപിനോട് അടുപ്പമായി. ഒടുവിൽ അമ്മിണിക്കുട്ടിയോട് സത്യം തുറന്നു പറയുന്നുണ്ടെങ്കിലും വലിയൊരു വെല്ലുവിളി ദിലീപിനു മുന്നിലുണ്ടായിരുന്നു. തന്റെ മകളെ കല്യാണം കഴിക്കണമെങ്കിൽ ഗുസ്തി ചാന്പ്യൻ ധാരാസിംഗിനെ ഗോദയിൽ തോല്പിക്കണമെന്നായി കുട്ടൻപിള്ള. അതിനായി ഗുസ്തിയെന്തെന്ന് അറിയാത്ത നായകൻ ഗോദയിലേക്കിറങ്ങി. മത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും അമ്മിണിക്കുട്ടിയുടേയും ദിലീപിന്റെയും സ്നേഹം തിരിച്ചറിഞ്ഞ ധാരാസിംഗ് അവരെ ഒന്നിപ്പിക്കുന്നതോടെ ചിത്രത്തിനു ശുഭാന്ത്യം.
ലളിതമായൊരു കഥയെ തികഞ്ഞ നർമ്മഭാവത്തോടെ അവതരിപ്പിക്കാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഗുസ്തിക്കായി ഉള്ളതെല്ലാം ചെലവാക്കുന്ന കുട്ടൻപിള്ള, സഹോദരങ്ങളെങ്കിലും മത്സരിച്ച് ഹോട്ടൽ നടത്തുന്ന ജഗതിയും വിഡി.രാജപ്പനും, കുട്ടൻ പിള്ളയ്ക്കൊപ്പം നിന്നുകൊണ്ട് ഫയൽവാൻമാരുടെ ദൗർബല്യം ചോർത്തികൊടുക്കുന്ന പൂജപ്പുര രവിയുടെ ഫൽഗുണൻ, പോസ്റ്റ്മാസ്റ്ററായ നായകനു പണികൊടുക്കാൻ ശ്രമിക്കുന്ന ശ്രീനിവാസന്റെ പോസ്റ്റ്മാൻ തുടങ്ങി ചിത്രം കണ്ടിറങ്ങിയാലും മനസിൽ നിൽക്കുന്ന കഥാപാത്രങ്ങളാൽ സന്പന്നമാണ് മുത്താരംകുന്ന് പി.ഒ.
തയാറാക്കിയത്: അനൂപ് ശങ്കർ