കാട്ടിലെത്താതെ കാടനുഭവം തരുന്ന പാട്ട്
Friday, May 11, 2018 7:49 PM IST
പ്രകൃതിയുടെ മടിത്തട്ടാണ് കാടെന്ന് പറയാറുണ്ട്. കാടണഞ്ഞൽ പിന്നെ അവാച്യമായ കുളിർമയും ശാന്തതയുമൊക്കെയാണ് നമുക്കനുഭവപ്പെടുക. എന്നാൽ കാട്ടിലെത്താതെ തന്നെ കാടനുഭവം തരാൻ ഒരു പാട്ടിന് കഴിഞ്ഞാലോ. മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഗിരീഷ് ദാമോദർ ചിത്രം അങ്കിളിലെ ഈറൻമാറും ഓമൽ തളിരില മേലെ കാനന ശലഭമമുണർന്നെഴുന്നേൽക്കുന്നു... എന്ന ഗാനമാണ് ശ്രോതാവിന് കാടനുഭവം പകരുന്നത്.
ഈണം തേടി
തൊട്ടതെല്ലാം പൊന്നാക്കിയതിന്‍റെ ഖ്യാതി സ്വന്തമാക്കിയ ബിജിപാൽ ആണ് ഈ പാട്ടിന് ഈണമൊരുക്കിയിരിക്കുന്നത്. സിനിമയുടെ കഥാഗതിക്കും സാഹചര്യത്തിനുമനുസൃതമായ പാട്ടുകളൊരുക്കുന്നു എന്നതാണ് ബിജിപാൽ എന്ന സംഗീത സംവിധാനയകന്‍റെ മേന്മയായി പലരും എടുത്ത് പറയാറുള്ളത്. അറബിക്കഥയടക്കം അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ ഈക്കാര്യം നമുക്കും ബോധ്യമാവുകയും ചെയ്യും.
അങ്കിളിലെ പാട്ടിലും സ്ഥിതി മറ്റൊന്നല്ല. ഈറൻമാറും എന്ന ഗാനത്തിന് ഈണമൊരുക്കിയതിനെക്കുറിച്ച് സംഗീത സംവിധായകൻ ബിജിപാൽ ദീപികയോട് സംസാരിച്ചിരുന്നു. കാട് ആദ്യമായി കാണുന്ന ഒരു പെണ്‍കുട്ടിയുടെ വൈകാരിക തലമാണ് പാട്ടിലൂടെ അവതരിപ്പേക്കണ്ടത് എന്ന നിർദേശമാണ് തനിക്കു സംവിധാകനിൽനിന്നു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും സംവിധായകന്‍റെ നിർദേശം ഭംഗിയായി പ്രാവർത്തികമാക്കാൻ ബിജിപാലിനായി എന്നു പറയാൻ കഴിയും.
കാടിന്‍റെ താളവും ഈണവുമാണ് പാട്ടിനുള്ളത്. നടഭൈരവി രാഗത്തിലാണ് പാട്ട് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ നടഭൈരവിയുടെ രാഗ സഞ്ചാര പഥത്തിനപ്പുറേത്തേക്കും ഈ പാട്ട് സഞ്ചരിക്കുന്നുണ്ട്. ബുദ്ധിപൂർവകമായ രാഗമിശ്രണം.
രചനാ വൈഭവം
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള ചലച്ചിത്ര ഗാനരംഗത്ത് തന്‍റേതായ കാവ്യമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് റഫീഖ് അഹമ്മദ്. പരാന്പരാഗതവും സ്ഥിരമായി ഉപയോഗിച്ചിട്ടുള്ളതുമായ ഉപമകളും രൂപകങ്ങളും ഒക്കെ മാറ്റി, പുതിയവ തന്‍റെ ഓരോ പാട്ടിലും റഫീഖ് അഹമ്മദ് പ്രയോഗിക്കാറുണ്ട്. ഈ ഗാനത്തിലുമുണ്ട് അത്തരത്തിലുള്ള സാന്ദർഭികമായ മനോഹര ഉപമകളും പ്രയോഗങ്ങളും. പേരിടാനായ് പൂക്കളാകേ നിരന്നപോൽ, കാടിൻ ഗന്ധം വാരിച്ചൂടി മേലാകെ...തുടങ്ങിയവ അതിന് ഉദാഹരണമാകുന്നു.
ആലാപനമാധുരി
ഓരോ പാട്ടുകഴിയുന്തോറും മലയാളക്കരയിലെ തന്‍റെ ആരാധകരുടെ എണ്ണം കൂട്ടുകയാണ് ശ്രേയ ഘോഷാൽ എന്ന അനുഗ്രഹീത ഗായിക. ഈ പാട്ടും ശ്രേയയുടെ ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു. ഉൗർജസ്വലയായ ഒരു പെണ്‍കുട്ടി ആദ്യമായി കാടു കാണുന്നതിന്‍റെ തീവ്രതയും വൈകാരികതയുമൊക്കെ തന്‍റെ ആലാപനത്തിലൂടെ പ്രതീതമാക്കുകയാണ് ശ്രേയ. പാട്ടിന് ഈണമിട്ടപ്പോൾ മനസിൽവന്ന ഗായകി ശ്രേയയായിരുന്നുവെന്ന് ബിജിപാൽ പറയുന്നു. തീർച്ചയായും ആ തെരഞ്ഞെടുപ്പും പാട്ടിനു മാറ്റുകൂട്ടിയിട്ടുണ്ട്.
മിഴിവേറും രംഗം
പാട്ടിന്‍റെ ചിത്രീകരണ മനോഹാരിതയെപ്പറ്റിയും പറയാതിരിക്കാൻ തരമില്ല. അനുഭവ സന്പത്തേറെയുള്ള അഴഗപ്പൻ ആണ് ദൃശ്യങ്ങൾ ഒപ്പിയെടുത്തത്. വെറും അഞ്ച് മിനിറ്റിനുള്ളിൽ കാടിന്‍റെ സൗന്ദര്യവും സൗരഭ്യവുമെല്ലാം പ്രക്ഷകർക്ക് അനുഭവേദ്യമാക്കാൻ അഴഗപ്പന് സാധിച്ചിട്ടുണ്ട്.
അലക്സ് ചാക്കോ