"അടി നീയെങ്കെ...’ മറക്കില്ല ഈ റഹ്മാൻ ഹിറ്റ്..!
Saturday, July 29, 2017 10:48 AM IST
സിനിമ തകർന്നടിഞ്ഞാലും സൂപ്പർ ഹിറ്റായിമാറുന്ന ചില ഗാനങ്ങളുണ്ട്. അത്തരത്തിൽ ഒന്നാണ് 2000ൽ പുറത്തിറങ്ങിയ "താജ്മഹൽ’ എന്ന തമിഴ് ചിത്രത്തിലെ "അടി നീയെങ്കെ’ എന്ന പ്രണയഗാനം. ഈടുറ്റ ചിത്രങ്ങൾ ഒരുപാടെണ്ണം തമിഴിൽ ഒരുക്കിയ ഭാരതിരാജയുടെ സംവിധാനം, ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ മണിരത്നത്തിന്റെ തിരക്കഥ.. പ്രതിഭാസ്പർശം വേണ്ടുവോളമുണ്ടായിട്ടും "താജ്മഹൽ’ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. എന്നാൽ എ.ആർ റഹ്മാൻ എന്ന സംഗീത മാന്ത്രികൻ ഈ ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങൾ ഇന്ന് പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്നു.
രണ്ടു സമുദായത്തിൽപ്പെട്ടവരുടെ പ്രണയമായിരുന്നു താജ്മഹലിന്റെ ഇതിവൃത്തം.
ഒരു മുഴുനീള റൊമാന്റിക് ചിത്രം. ഭാരതിരാജയുടെ മകൻ മനോജും ബോളിവുഡ് താരം റിയ സെന്നുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ പരാജയപ്പെട്ടതോടെ മനോജിന്റെ ചലച്ചിത്രരംഗത്തെ ഭാവിയും ഏതാണ്ട് അവസാനിച്ചുവെന്നു പറയാം. എന്നാൽ പ്രണയംവഴിഞ്ഞൊഴുകുന്ന "അടി നീയെങ്കെ’ എന്ന മെലഡി ജനമനസുകളിൽ ഇടം നേടുകയായിരുന്നു. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ഈ തമിഴ് പാട്ട് ഹിറ്റായി മാറി.
പാട്ടിനു കേരളക്കരയിൽ ലഭിച്ച പ്രചാരത്തിനു മറ്റൊരു കാരണവുമുണ്ടായിരുന്നു. പ്രണയ ഗാനങ്ങളുടെ പാട്ടുകാരി, മലയാളികളുടെ സ്വന്തം സുജാതയാണ് ഗാനത്തിന്റെ ഫീമെയിൽ വേർഷൻ പാടി അന്വശരമാക്കിയത്. ശ്രീനിവാസൻ പാടിയ മറ്റൊരു വേർഷനുമുണ്ടായിരുന്നു ചിത്രത്തിൽ. രണ്ടു വേർഷനും സിനിമയിലെ രണ്ടു വ്യത്യസ്ത മൂഹൂർത്തങ്ങളിൽ ഉൾപ്പെട്ടു.
നായികാനായകൻമാരുടെ പ്രണയം മുഴുവൻ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ പാട്ട്. സിനിമയിലെ നൃത്തരംഗങ്ങൾക്കു വേണ്ടി ചടുലതാളമായ 2ന4 ലാണ് പാട്ട് ചിട്ടപ്പെടുത്തിയത്. എന്നാൽ താളക്കൊഴുപ്പിൽ പാട്ടിന്റെ മെലഡി ഭാവം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. റഹ്മാന്റെ മറ്റു ഗാനങ്ങളെപ്പോലെ തന്നെ വശ്യമായ പശ്ചാത്തല സംഗീതമാണ് ഈ ഗാനത്തിനും അകന്പടി സേവിച്ചത്. ഇന്ത്യയിലെ പരാന്പരാഗത വാദ്യോപകരണങ്ങളായ ’ബാസുരിയും’ ’എക്തര’യും ’ബെഹാല’യുമെല്ലാം ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ അനുപമമാക്കി. ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തോട് താദാത്മ്യം പ്രാപിക്കാൻ ഈ പരാന്പരാഗത വാദ്യോപകരണങ്ങൾ പാട്ടിനു ഏറെ സഹായകമായി എന്നുവേണം പറയാൻ.
പാട്ടിന്റെ ചിത്രീകരണത്തിന്റെ മനോഹാരിതയും വിസ്മരിക്കാൻ കഴിയില്ല. പ്രകൃതി രമണീയ പശ്ചാത്തലത്തിലുള്ള ലോംഗ്-മീഡിയം ഷോട്ടുകളുടെ ചാരുതയും പാട്ടിന്റെ വിജയത്തിന് കാരണമായി. കാന്പുള്ള പ്രണയവരികളാണ് തമിഴകത്തിന്റെ പ്രിയകവി വൈരമുത്തു റഹ്മാന്റെ ഈണത്തിനായി എഴുതിയത്. ’താജ്മഹൽ, മരണമടഞ്ഞ പ്രിയതമയതുടെ ഓർമയ്ക്കായി ഉയർത്തിയാണെങ്കിൽ നീ ജീവനോടെയിരിക്കുന്പോൾതന്നെ നിത്യപ്രണയത്തിന്റെ താജമഹൽ നിനക്കായി ഞാൻ ഒരുക്കി. പൊഴിയുന്ന മഴയും നമ്മുടെ പ്രണയവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു; വൈരമുത്തുവിന്റെ വരികൾ തമിഴകം ഏറ്റുപാടി.
പാട്ടും സിനിമയും പുറത്തിറങ്ങി വർഷങ്ങൾ പലതു കഴിഞ്ഞിട്ടും റഹ്മാൻ സമ്മാനിച്ച മെലഡികളുടെ വസന്തകാലത്തിൽ വിരിഞ്ഞ ഈ ’ഇശൽപൂവിന്’ ശ്രോതാക്കളെ വിസ്മയിപ്പിക്കാൻ ഇനിയും സൗരഭ്യം ബാക്കി...
അലക്സ് ചാക്കോ