തേരിറങ്ങും മുകിലേ... മഴത്തൂവൽ പോലെ ഒരു ഗാനം..!
Monday, July 10, 2017 6:56 AM IST
ഒരു മഴത്തൂവലിന്റെ നനുത്ത തലോടലേൽക്കുന്ന സുഖമാണ് തേരിറങ്ങും മുകിലേ ...എന്ന ഗാനം കേൾക്കുന്പോൾ അനുഭവപ്പെടുക. ഇലച്ചാർത്തിലെ മഴത്തുള്ളിക്കിലുക്കത്തിന്റെ സംഗീതമായി പൊഴിയുന്ന രാത്രിമഴപോലെ ഈ ഗാനം നമ്മെ തരളിത ഭാവനകളിലേക്ക് നയിക്കുന്നു. മനസിൽ ഓർമകൾ നിറയ്ക്കുന്നു, പ്രണയത്തിന്റെയും വിരഹത്തിന്റെയും....
2002ൽ പുറത്തിറങ്ങിയ ’മഴത്തുള്ളിക്കിലുക്കം’ എന്ന ചിത്രത്തിലെ ഈ ഗാനം ലക്ഷണമൊത്ത മെലഡിയെന്നനിലയ്ക്കാണ് ശ്രോതാക്കളുടെ ഇഷ്ടം നേടിയെടുത്തത്. അക്ബർ-ജോസ് കൂട്ടുകെട്ടിൽ ദിലീപ് നായകനായെത്തിയ ചിത്രം ബോക്സ് ഓഫീസിൽ ശരാശരി പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഭാവഗായകൻ പി.ജയചന്ദ്രൻ ആലപിച്ച ഈഗാനം സൂപ്പർഹിറ്റായി. ഒരിടത്തും അതിഭാവുകത്വം കടന്നുവാരാതെ പാട്ടിന്റെ പശ്ചാത്തലത്തിന് അവശ്യമായ ഭാവതീവ്രതയോടെയാണ് അദ്ദേഹം ഈ പാട്ടിന് ശബ്ദം പകർന്നത്. ജയചന്ദ്രന്റെ ശബ്ദമാധുരിയിലല്ലാതെ ഈ ഗാനം മലയാളിക്കു സങ്കൽപ്പിക്കാൻപോലും പ്രയാസമായിരിക്കും.
പഞ്ചാബി ഹൗസ്, രാവണപ്രഭു, തെങ്കാശിപട്ടണം തുടങ്ങിയ ഹിറ്റു ചിത്രങ്ങളിലെയെല്ലാം ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ സുരേഷ് പീറ്റേഴ്സാണ് ’മഴത്തുള്ളിക്കിലുക്ക’ത്തിന് ഈണം പകർന്നത്. രാവണപ്രഭു എന്ന ചിത്രത്തിൽ സുരേഷ് പീറ്റേഴ്സ് ജയചന്ദ്രനെക്കൊണ്ടു പാടിച്ച അറിയാതെ... അറിയാതെ... എന്ന ഗാനം സൃഷ്ടിച്ച് അലയൊലി മറക്കാൻ കഴിയുന്നതല്ല. ബഹളങ്ങളൊന്നുമില്ലാത്ത ലാളിത്യത്തിന്റെ സംഗീതം വഴിയുന്ന തേരിറങ്ങും മുകിലേ ’കാച്ചിക്കുറുക്കിയ മെലഡി’ എന്ന വിശേഷണം അർഹിക്കുന്നുണ്ട്. ഗായകനു വെല്ലുവിളിയുയർത്തുന്ന സംഗതികളോ മേൽസ്ഥായി സഞ്ചാരമോ ഒന്നും ഈ പാട്ടിലില്ല. തികച്ചും ശാന്തമായ ഗാനം. എന്നാൽ സ്വരങ്ങളുടെ വേലിയേറ്റംകൊണ്ടു ഭാവവിന്യാസം തീർക്കാൻ കഴിയാത്ത ഒരുഗായകൻ പാടിയാൽ പാട്ടു അന്പേപാരജയമാവുകയും ചെയ്യും. അതുകൊണ്ട് തന്നെയാകും ഈ പാട്ടിനായി ഭാവഗായകനെത്തന്നെ സൃഷ്ടാക്കൾ തെരഞ്ഞെടുത്തത്. പാട്ട് കേൾക്കുന്നവർക്കെല്ലാം ഈ പാട്ട് തന്റെതായി തോന്നും. തന്റെ സ്വരത്തിലൂടെ മുഴങ്ങുന്നതായി തോന്നും. തന്റെ ഹൃദയ വിചാരങ്ങളാണ് സംഗീതമഴയായി പെയ്യുന്നതെന്നു തോന്നും.
ഓർക്കസ്ട്രേഷനു വേണ്ടി കീബോഡ് കോഡ്സിന്റെ സംഗീതം മാത്രമേ ഈപാട്ടിൽ ഉപോയഗിച്ചിട്ടുള്ളു. മറ്റു ഉപകരണങ്ങളുടെ അകന്പടിചേർന്നാൽ പാട്ടിന്റെ ലാളിത്യവും തനിമയും നഷ്ടപ്പെടും എന്ന തിരിച്ചറിവാകാം വിവേകപൂർവമായി ഈ തെരഞ്ഞെടുക്കലിന് സംഗീത സംവിധായകന് പ്രേരണയായത്. ’കാനഡ’ എന്ന കർണാടിക് രാഗത്തിന്റെ ഭാവഭേവദങ്ങളാണ് പാട്ടിൽ നിറയുന്നത്. എന്നാൽ കാനഡയുടെ അമിത രാഗഭാവം പാട്ടിൽ വരാതിരിക്കാൻ സുരേഷ് പീറ്റേഴ്്സേ് പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.
ഈണത്തിന് ഏറ്റവും അനുയോജ്യമായ വരികളാണ് എസ് .രമേശൻ നായർ കുറിച്ചത്. ഒരിടത്തുമില്ല കല്ലുപോലുള്ള കഠിനപദങ്ങൾ. എല്ലാ മഴപോലെ സാന്ദ്രം. പ്രണയവും വിരഹവുമെല്ലാം നിഴലിക്കുന്ന പാട്ടിൽ താരാട്ടിന്റെ മൃദുലതയും കടന്നുവരുന്നു. ഇരുൾ മുടിയാലും മനസിൽ പ്രകാശത്തിന്റെ രജതരേഖകൾ തെളിയുന്ന പ്രതീക്ഷയുടെ വരികൾ പാട്ടിനെ കൂടുതൽ പ്രശോഭിപ്പിക്കുന്നു. മഴക്കാലം കഴിഞ്ഞാലും മനസിൽ കുളിർമഴ പെയ്യുന്ന ഗാനം ഒരു വട്ടം കൂടി...തേരിറങ്ങും മുകിലേ....
ഗാനം : തേരിറങ്ങും മുകിലേ
ചിത്രം : മഴത്തുള്ളിക്കിലുക്കം
സംഗീതം : സുരേഷ് പീറ്റേഴ്സ്
രചന: എസ്.രമേശൻ നായർ
അലക്സ് ചാക്കോ