ഓണത്തുന്പി പാടൂ... ഉൾനോവുണർത്തും ഓണപ്പാട്ട്
Friday, September 1, 2017 5:16 AM IST
ഉള്ളിലെവിടെയോ തളംകെട്ടുന്ന വിങ്ങലോടയല്ലാതെ ഈ പാട്ട് കേട്ടുതീർക്കാനാവില്ല. നഷ്ടപ്പെട്ടുപോയ നല്ലോർമകളുടെ താഴ്വരയിലേക്ക് വഴിതെളിക്കുകയാണ് ഈ ഓണത്തുന്പി....1997ൽ റാഫി മെക്കാർട്ടിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിലേ ഓണത്തുന്പിപാടൂ... എന്ന ഗാനം ഇന്നും പലരുടേയും പ്രിയഗാനമാണ്. ജയറാം നായകനായെത്തിയ ഈ ചിത്രത്തിനും ഇപ്പോഴും ആരാധകരേറെയാണ്.
മലയാളികൾക്ക് എണ്ണമറ്റ നല്ല ഗാനങ്ങൾ സമ്മാനിച്ച എസ്.പി വെങ്കിടേഷ് ആണ് സൂപ്പർമാനിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത്. തൂലികയിൽ സുകൃതംപേറുന്ന എസ് .രമേശൻ നായരുടേതാണ് വരികൾ. ചിത്രത്തിൽ ആകെ ഏഴ് ഗാനങ്ങളുണ്ടെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ ഓണത്തുന്പി എന്ന ഗാനമാണ് മുന്നിലെത്തിയത്. ദുഃഖത്തിന്‍റെ നിഴൽവീണ മെലഡികൾ ഒരുക്കാനുള്ള എസ്.പി. വെങ്കിടേഷിന്‍റെ ചാരുതതന്നെയാണ് ഓണത്തുന്പിയിലും പ്രകടമായത്. എല്ലാം നഷ്ടപ്പെട്ടുപോയവന്‍റെ നല്ലോർമകളാണ് ഗാനം പങ്കിടുന്നത്.
20-ാം മേളകർത്താരാഗമായ ’നടഭൈരവിയുടെ’ ജന്യരാഗമായ ’ആനന്ദഭൈരവി’ രാഗത്തിലാണ് വെങ്കിടേഷ് പാട്ടൊരുക്കിയിരിക്കുന്നത്. വളരെ പ്രസന്നമായ രംഗങ്ങളുള്ളതിനാലാകാം ഒട്ടും വലിച്ചിലനുഭവപ്പെടാത്തവിധം മധ്യകാലത്തിലാണ് പാട്ടിന്‍റെ താളക്രമീകരണം. മേൽസ്ഥായിലേക്കോ മന്ത്ര സ്ഥായിയിലേക്കൊ ഒന്നും പാട്ടിനു സഞ്ചാരമില്ലെങ്കിലും തീർത്തും ലളിതമാണ് പാട്ടിന്‍റെ ഘടനയെന്നു പറയാനാവില്ല. ആനന്ദഭൈരവിയുടെ രാഗഭാവങ്ങൾ പാട്ടിന് പലപ്പോഴും ആനച്ചന്ദമുള്ള ഗാംഭീര്യം സമ്മാനിക്കുന്നുണ്ട്. എസ്.പി വെങ്കിടേഷിന്‍റെ മറ്റു ഗാനങ്ങളിലേതുപോലെ വീണയും വയലിനുമാണ് ഈ പാട്ടിനും അകന്പടിയായിരിക്കുന്നത്. എല്ലാറ്റിനുമപരിയായി പറയേണ്ടത് ഗന്ധർവന്‍റെ ആലാപനമികവാണ്. രാഗഭാവം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഏറ്റം ലളിതമായാണ് യേശുദാസ് ഈ പാട്ട് പാടിയിരിക്കുന്നത്.
എങ്ങോപോയ്മറഞ്ഞ നല്ലനാളുകളുടെ ഓർമപുതുക്കലാണല്ലോ ഓണം. അതുകൊണ്ടുതന്നെയാകും ഈ പാട്ടിലേക്കു ഓണത്തുന്പിയെ രമേശൻ നായർ കൊണ്ടുവന്നത്. മലയാളിയുടെ ഗൃഹാതുര സങ്കൽപ്പങ്ങളിൽപ്പെട്ട കാവും കുളവുമെല്ലാം ഈ പാട്ടിൽ അദ്ദേഹം സമർഥമായി ഉപയോഗിച്ചു. അന്യമായിപ്പോയ നല്ലാകാലത്തിലേക്കു മടങ്ങാനാവില്ലെങ്കിലും ആ ഓർമകളിലേക്ക് കൂട്ടായി വരാനാണ് ഓണത്തുന്പിയെ വിളിക്കുന്നത്. പാട്ട് കേട്ടുതീർന്നാലും അല്പ നേരത്തേക്കെങ്കിലും അത് സൃഷ്ടിച്ച ഓർമയിൽ ശ്രോതാക്കൾ വീണുപോകുമെന്നതിൽ സംശയമില്ല. ദൃശ്യങ്ങളും ഈണവും വരികളും ഇത്രയധികം ഇഴുകിച്ചേർന്ന പാട്ടുകൾ അപൂർവമായിരിക്കും. നല്ലോണത്തിന്‍റെ പൂക്കാലത്തിലേക്ക് മലയാളിയ കൊണ്ടുപോകാൻ ഈ ഓണത്തുന്പി പാടുകയാണ്....ഓരോരോ രാഗങ്ങളിൽ...
അലക്സ് ചാക്കോ