ജീവാംശമായി... മെലഡിയുടെ വസന്തകാലത്തേക്ക് ഒരു തിരിച്ചുപോക്ക്
Thursday, April 26, 2018 6:36 PM IST
ജീവാംശമായി താനേ.... ഒരിക്കൽ ചുണ്ടിലണഞ്ഞാൽ പിന്നെ പോകാനിത്തിരി മടിയാണ് ഈ പാട്ടിന്... അങ്ങനെ താനേ മൂളിക്കൊണ്ടേയിരിക്കും...ആരും. സമീപകാലത്തിറങ്ങിയ മലയാളഗാനങ്ങൾക്കൊന്നും കിട്ടാത്ത സ്വീകാര്യതയോടെയായിരുന്നു തീവണ്ടി എന്ന ചിത്രത്തിലെ ഈ ഗാനം പുറത്തിറങ്ങിയത്. അത്രമേൽ എന്താണ് ഈ പാട്ടിലുള്ളത് എന്ന വിമർശനബുദ്ധിയോടെ പാട്ടിനെ സമീപിച്ചവരും പാട്ടുകേട്ട് ഒടുവിൽ അതു സമ്മതിച്ചു... ഈ പാട്ട് കൊള്ളാം. അതേ, മലയാള ചലച്ചിത്ര സംഗീതത്തിൽനിന്ന് പടിയിറങ്ങിപ്പോയെന്നു പലരും കരുതുന്ന മെലഡി വിസ്മയം തിരിച്ചെത്തിയ പ്രതീതിയാണ് ജീവാശമായി.. സൃഷ്ടിക്കുന്നത്.
പിന്നണിപ്പെരുമ
പുതുമുഖ സംഗീത സംവിധായകനായ കൈലാഷ് മേനോനാണ് ജീവാംശത്തിന് സംഗീതാംശം നൽകിയിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങൾക്ക് ഗാനമൊരുക്കിയതിന്റെ അനുഭവസന്പത്തുമായെത്തിയ കൈലാഷിന്റെ അരങ്ങേറ്റം കെങ്കേമമായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ....ജീവാംശമെന്ന ഗാനത്തിനു പുറമേ മുന്ന് ഗാനങ്ങൾക്കൂടിയുണ്ട് ചിത്രത്തിൽ. ഇവയുടെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും കൈലാഷിന്റെ വകതന്നെ.
മലയാളിക്ക് ഗൃഹാതുരത്വം പകർന്ന തൊണ്ണൂറുകളിലെ മെലഡികളുടെ സ്വാധീനത്തിലാണ് താൻ ഈ പാട്ടൊരുക്കിയതെന്നു കൈലാഷ് തന്നെ സമ്മതിക്കുന്നു. 20 വർഷം കഴിഞ്ഞാലും മലയാളി ഓർത്തിരിക്കുന്ന മെലഡിയായിരിക്കണം ഒരുക്കേണ്ടതെന്ന നിർദേശം ചിത്രത്തിന്റെ സംവിധായകൻ തന്നോട് പറഞ്ഞിരുന്നുവെന്നും കൈലാഷ് പറഞ്ഞു. ബികെ ഹരിനാരായണനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. മെലഡികളുടെ വസന്തകാലത്തെ ഓർമിപ്പിക്കുന്ന പാട്ടായതിനാലാകാം നിളയും പൂവാടിയുമെല്ലാം പാട്ടിലുണ്ട്. മഴ, ശലഭം, ഇളവെയിൽ അങ്ങനെ നമ്മൾ കേട്ടുപരിചയിച്ച ആ പഴയ സുന്ദരബിംബങ്ങളൊക്കെത്തന്നയാണ് വരികളിൽ ഉൾച്ചേർത്തിരിക്കുന്നത്.
ഇനി പറയാനുള്ളത് ആലാപനത്തേപ്പറ്റി...
മലയാളത്തിന്റെ മനംകവർന്ന ശ്രേയാ ഘോഷാലും ഹരിശങ്കറും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. തനിക്ക് ഈ പാട്ട് ഒരുപാടിഷ്ടപ്പെട്ടുവെന്നും മലയാളികൾക്കെല്ലാമിഷ്ടപ്പെടുന്ന പാട്ടായിരിക്കും ഇതെന്നുമുള്ള ശ്രേയയുടെ വാക്കുകളാണല്ലോ പാട്ടിന്റെ പ്രശസ്തിക്ക് മുഖ്യഘടകമായത്. എന്തായാലും ശ്രേയയുടെ വാക്കുകൾ സത്യമായി. മലയാളിക്ക് ഈ പാട്ടങ്ങിഷ്ടായി....
രീതിഗൗളയുടെ മാന്ത്രികം
22-ാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായ രിതിഗൗളയിലാണ് ജീവാംശമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനങ്ങളിൽ ഹിറ്റല്ലാത്തതു കണ്ടെത്താനാകും വലിയ ബുദ്ധിമുട്ട്. ഒന്നാം രാഗം പാടി, പ്രണദോഷ്മി ഗുരുവായുപുരേശം, കണ്ടുഞാൻ മിഴികളിൽ, കണ്കൾ ഇരണ്ടാൽ.. അങ്ങനെപോകുന്നു രിതിഗൗളയിൽ പിറന്ന സൂപ്പർഹിറ്റു ഗാനങ്ങളുടെ നിര. സഞ്ചാര സ്വാതന്ത്ര്യം കുറവുള്ള രാഗമാണിതെന്ന് കർണാടക സംഗീത വിദഗ്ധർ പറയുമെങ്കിലും ചലച്ചിത്ര സംഗീത സംവിധായകർക്കെല്ലാം പ്രിയ രാഗമാണ് രിതിഗൗള. നന്നായി ഒരുക്കിയെടുത്താൽ ഹിറ്റാകുമെന്നതുതന്നെ കാരണം.
അകന്പടി വാദ്യം
പുല്ലാങ്കുഴൽ, വയലിൻ, വീണ തുടങ്ങിയ പരാന്പരാഗത സംഗീത ഉപകരണങ്ങളിലാണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ. പാട്ടിനു പഴയ മെലഡികളുടെ സൗരഭ്യംകിട്ടാൻ ഇതും കാരണമായി. എന്നാൽ പല്ലവി കഴിഞ്ഞ് അപ്രതീക്ഷിത വിരാമവും ഇടവേളയും നൽകി ഓർക്കസ്ട്രേഷൻ രംഗത്തെ പുത്തൻ പ്രവണകളും പാട്ടിൽ പരീക്ഷിച്ചിട്ടുണ്ട്.
ഗാനം: ജീവാംശമായി...
ആലാപനം: ശ്രേയാ ഘോഷാൽ
സംഗീതം: കൈലാഷ് മേനോൻ
രചന: ബി.കെ ഹരിനാരായണൻ
ചിത്രം: തീവണ്ടി
അലക്സ് ചാക്കോ