ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
Monday, April 23, 2018 1:43 PM IST
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമോ, സാംസ്കാരികമോ, മതപരമായതോ എന്തിനു അറിയപ്പെടുന്ന ഒരാളുടെ വ്യക്തിപരമായ സംഭവങ്ങളെ വരെ വിമർശിക്കാനും പരിഹസിക്കാനും ഇന്നു ട്രോളുകൾ മുന്നിലാണ്. ആ ട്രോളുകൾ സൃഷ്ടിക്കുന്നതാകട്ടെ ഹിറ്റ് സിനിമകളുടെ സീനുകളിൽ നിന്നും. അത്തരത്തിൽ ഇന്നു മലയാളത്തിലെ ട്രോളുകളിലെ മുടിചൂടാ മന്നനാണ് രമണൻ. പഞ്ചാബിഹൗസിൽ നിന്നെത്തിയ ഹരിശ്രീ അശോകന്റെ രമണണ് ഇന്നു കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും പരിചിതമാണ്. രമണനെ പോലെതന്നെ ചിത്രത്തിലെ മുതലാളിയും പൊട്ടൻ ജബനും സിക്കന്ദറുമെല്ലാം. ഈ കഥാപാത്രങ്ങളിലൂടെ ഇന്നും ജനപ്രീതിയിൽ മുന്നിലാണ് പഞ്ചാഹി ഹൗസ് എന്ന സിനിമ.
മലയാളത്തിലെ എക്കാലത്തേയും മികച്ച അഞ്ചു കോമഡി ചിത്രങ്ങളെ തെരഞ്ഞെടുത്താൽ അതിന്റെ മുൻനിരയിൽ തന്നെയുണ്ടാകും പഞ്ചാബിഹൗസ്. ദിലീപ് എന്ന നായകന്റെ സൂപ്പർതാര പദവിയിലേക്കുള്ള ആദ്യപടിയായിരുന്നു ഈ ചിത്രം. ഒരു തരത്തിൽ ദിലീപിന്റെ സൂപ്പർതാര പദവിയിലേക്കുള്ള പാതയിൽ തന്റെ തട്ടകം കോമഡി എന്നു ദീലിപ് തിരിച്ചറിഞ്ഞതും സേഫ് സോണിലേക്കു കൂടുതൽ ശ്രദ്ധ കൊടുക്കാനുമെല്ലാം ഈ ചിത്രം കാരണമായിട്ടുണ്ട്. രണ്ടു പതിറ്റാണ്ടാകുന്പോഴും പഞ്ചാബിഹൗസ് നേടിയ ജനസ്വീകാര്യതയ്ക്ക് ഒരു മങ്ങലും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
ഹരികൃഷ്ണൻസ്, സമ്മർ ഇൻ ബേത്ലഹേം തുടങ്ങിയ വന്പൻ ചിത്രങ്ങളോടൊപ്പം 1998-ലെ ഓണക്കാലത്ത് മത്സരിച്ച് 200 ദിവസത്തിലധികം പ്രദർശനവിജയം നേടിയ ചിത്രമാണ് പഞ്ചാബിഹൗസ്. ഹാസ്യത്തിനു മുൻതൂക്കമെങ്കിലും കുടുംബവും പ്രണയവും കോമഡിയുമൊക്കെയായി ഒരു തികഞ്ഞ കുടുംബ ചിത്രമായാണു ചിത്രമൊരുക്കിയത്. ഹിറ്റുകളുടെ തോഴരായ റാഫി മെക്കാർട്ടിൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമിച്ചിരുന്നത് അക്കാലത്തെ വലിയ നിർമ്മാണ ടീമായ സാഗാ ഫിലിംസായിരുന്നു. ദിലീപിനൊപ്പം ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, തിലകൻ, ലാൽ, ജനാർദ്ദനൻ, ഇന്ദ്രൻസ്, എൻ.എഫ് വർഗീസ്, നീന കുറുപ്പ് എന്നിവർ അണിനിരന്നപ്പോൾ മോഹിനിയും ജോമോളുമാണ് നായിക നിരയിലെത്തിയത്.
തന്റെ മരണത്തിലൂടെ കിട്ടുന്ന ഇൻഷുറൻസ് തുകയിലൂടെ കടം വീട്ടാനായി കടലിൽ ചാടുന്ന ഉണ്ണി എന്ന യുവാവിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. രക്ഷപ്പെട്ട് രമണനും മുതലാളിക്കുമൊപ്പം കൂടുന്ന ഉണ്ണിക്ക് സംസാരിക്കാനും കേൾക്കാനും കഴിയാത്ത ആളായി അഭിനയിക്കേണ്ടിവരുന്നു. പിന്നീട് കൊച്ചിയിലെ പഞ്ചാബികളുടെ വീട്ടിലെത്തുന്ന ഉണ്ണി അവിടെ പൂജ എന്ന പെണ്കുട്ടിയുമായി ഇഷ്ടത്തിലാകുന്നു. പക്ഷേ, അപ്പോഴും ഉണ്ണിക്കായി വീട്ടിൽ അവന്റെ മുറപ്പെണ്ണ് കാത്തിരിപ്പുണ്ടായിരുന്നു. ചിത്രത്തിൽ കോർത്തിണക്കിയ കോമഡി മലയാളികളെ അന്ന് ബിഗ്സ്ക്രീനിലും ഇന്നു മിനിസ്ക്രീമിലും പൊട്ടിച്ചിരിപ്പിക്കുകയാണ്. ഓരോ സീനും അതിന്റെ പൂർണമായ കോമഡിയെ സൃഷ്ടിച്ചെടുത്തപ്പോൾ കാർട്ടൂണായി കൂപ്പുകുത്താതെ കഥയിലേക്കു കോമഡിയെ കൊണ്ടുവരുകയായിരുന്നു ചിത്രത്തിൽ.
നായകനായി ഹിറ്റുകൾ തുടങ്ങിയ സമയത്ത് ദിലീപിന്റെ കരിയറിലും വലിയ ബ്രേക്കായിരുന്നു ചിത്രം. കോമഡി ട്രാക്കിൽ തന്നെ കഥ പറഞ്ഞ മീനത്തിൽ താലികെട്ടും ലോഹിതദാസിന്റെ തിരക്കഥയിലെത്തിയ ഓർമ്മച്ചെപ്പിനും ശേഷമെത്തിയ ചിത്രമായിരുന്നു പഞ്ചാബിഹൗസ്. തന്റെ സിനിമാ ജീവിതത്തിൽ ദീലിപിനും ഏറ്റവും പ്രിയമേറിയ ചിത്രങ്ങളിൽ ഒന്ന് പഞ്ചാബിഹൗസാണ്.
റാഫി മെക്കാർട്ടിൻ- ജയറാം ചിത്രം സൂപ്പർമാനുശേഷം ഒരുക്കിയ ചിത്രമായിരുന്നു പഞ്ചാബിഹൗസ്. ആദ്യം ജയറാമിനേയും ജഗതിയെയും പരിഗണിച്ചിടത്തു നിന്നുമാണ് പിന്നീടതു ദിലീപിലും ഹരിശ്രീയിലുമെത്തി നിന്നത്. സിദ്ധിഖ് ലാലിന്റെ കാബൂളിവാലയുടെ സെറ്റിൽവെച്ച് കാണാനിടയായ കൊച്ചിക്കാരനായ പഞ്ചാബിയും മറ്റൊരിക്കൽ ട്രെയിൻ യാത്രയിൽവെച്ച് കണ്ടുമുട്ടിയ സംസാരിക്കാനാവാത്ത പയ്യനിൽ നിന്നുമാണ് റാഫി മെക്കാർട്ടിൻ ഈ ചിത്രത്തിന്റെ കഥ വികസിപ്പിച്ചെടുത്തത്.
ദിലീപിന്റെ കോമഡി ചിത്രങ്ങളും, ദിലീപ്-ഹരിശ്രീ വിജയ കോന്പിനേഷനും, റാഫി മെക്കാർട്ടിൻ- ദിലീപ് ചിത്രങ്ങളും പിന്നീട് നിരവധി തവണ ആവർത്തിച്ചിട്ടും ഇന്നും മലയാളികൾക്കു പ്രിയം പഞ്ചാബി ഹൗസിനോടാണ്. ചിത്രത്തിലെ ഓരോ സംഭാഷണവും മലയാളികളുടെ ദിനചര്യയിൽ ഒരിക്കലെങ്കിലും കടന്നു വരുന്നതാണ്. അതെ, ജബനും രമണനും മുതലാളിയുമൊക്കെ ഇപ്പോഴും മലയാളികളുടെ ജീവിതത്തിനൊപ്പമുണ്ട്.
തയാറാക്കിയത്: അനൂപ് ശങ്കർ