കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
Friday, March 23, 2018 2:16 PM IST
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വളരുന്നത്. സാധാരണക്കാരന്റെ കഥയും കഥാപാത്രങ്ങളും അക്കാലത്ത് ജയറാം സിനിമകളുടെ പ്രത്യേകത ആയിരുന്നു. പരിചിതമായ ജീവിതങ്ങളായി വെള്ളിത്തിരയിലെത്തിയപ്പോൾ താരപ്പകിട്ടിനപ്പുറം സാധാരണക്കാരന്റെ ഒരു മേൽവിലാസം ജയറാം സിനിമകൾ നേടിയെടുത്തു. സത്യൻ അന്തിക്കാട്, രാജസേനൻ ചിത്രങ്ങളാണ് ജയറാമിനെ കുടുംബ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. ഒപ്പം ഹാസ്യകഥാപാത്രങ്ങൾ പകർന്നാടുന്നതിലെ വൈഭവവും ജയറാമിനു വിജയ ഘടകമായിരുന്നു.
തൊണ്ണൂറുകളിലെ ജയറാമിന്റെ കരിയർ പരിശോധിക്കുന്പോൾ തുടർച്ചയായ വിജയമായിരുന്നു ശ്രദ്ധേയ ഘടകം. അത്തരത്തിൽ ജയറാമിന്റെ വിജയ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് 1998-ലെത്തിയ കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ. ആ വർഷത്തെ മികച്ച വിജയം നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജസേനനാണ്. മേലേപ്പറന്പിൽ ആണ്വീട്, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി, കടിഞ്ഞൂൽ കല്യാണം തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു രാജസേനൻ- ജയറാമിന്േറത്. കൊട്ടാരം വീട്ടിൽ അപ്പൂട്ടന്റെ പ്രത്യേകതയും ആകർഷണവും അതു തന്നെയായിരുന്നു. ആ വർഷം നവംബറിൽ തിയറ്ററിലെത്തിയ ചിത്രം മുൻ ചിത്രങ്ങളേക്കാൾ വലിയ വിജയമാണു നേടിയത്. കോമഡിയുടെ രസക്കൂട്ടിലാണ് ഇവരുടെ ഓരോ ചിത്രങ്ങളും പ്രേക്ഷകർക്കു മുന്നിലെത്തിയത്. കൊട്ടാരം വീട്ടിൽ അപ്പൂട്ടനും അത്തരത്തിൽ ലളിതമായൊരു കഥയെ ഏറ്റവും മികച്ച രീതിയിൽ പറഞ്ഞിരിക്കുന്നു.
നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ട കൊട്ടാരം വീട്ടിൽ അപ്പൂട്ടനായാണ് ജയറാമെത്തുന്നത്. ജയറാമിന്റെ സ്വതസിദ്ധമായ ശൈലിയിൽ കോമഡിയും ആക്ഷനും പ്രണയവും വിരഹവുമൊക്കെയായി പ്രേക്ഷകരെ കൈയിലെടുക്കുയായിരുന്നു ചിത്രത്തിലൂടെ. അപ്പൂട്ടന്റെ നായിക ഡോ. അന്പിളിയായി എത്തിയത് തെലുങ്കിൽനിന്നെത്തിയ ശ്രുതിയായിരുന്നു. ഇവർക്കൊപ്പം ജഗതി ശ്രീകുമാർ, കലാഭവൻ മണി, മാമുക്കോയ, ഇന്ദ്രൻസ്, നരേന്ദ്രപ്രസാദ്, രാജൻ പി. ദേവ് തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. പേരുപോലെ തന്നെ അപ്പൂട്ടന്റെ കഥയാണ് ചിത്രം പറയുന്നത്. നാട്ടിലെ എല്ലാവർക്കും സഹായിയാണ് അപ്പൂട്ടൻ. പൂർവികരായി സന്പാദിച്ചിട്ട സ്വത്ത് ഏറെയുണ്ട്. പരീക്ഷയ്ക്കു മികച്ച മാർക്കുനേടുന്ന അന്പിളിയെ ഡോക്ടറാക്കാനുള്ള ചെലവെല്ലാം അപ്പൂട്ടൻ വഹിക്കുന്നു. അപ്പൂട്ടന് അന്പിളിയോടുള്ള പ്രണയം തിരിച്ചുമുണ്ടെന്ന് അവൻ തെറ്റിദ്ധരിച്ചു. ഒരു ഡോക്ടറിനു മുന്നിൽ കൃഷിക്കാരനായ താൻ ഒന്നുമല്ലെന്നു തിരിച്ചറിഞ്ഞ് അപ്പൂട്ടൻ പിന്മാറുന്നു. അവസാനം മറ്റൊരാളുമായി കല്യാണം നടത്താനിരുന്ന പന്തലിൽ വെച്ച് അപ്പൂട്ടനും അന്പിളിയും ഒന്നിക്കുന്നു. ചെറുതെങ്കിലും അതിന്റെ എല്ലാം ഭാവങ്ങളെയും പകർന്നാണു ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കഥ രചിച്ചിരിക്കുന്നതാകട്ടെ പ്രശസ്ത സാഹിത്യകാരനായ സി.വി ബാലകൃഷ്ണനാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര-മേലില പ്രദേശങ്ങളായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. തികച്ചും ഗ്രാമീണ അന്തരീഷത്തിലാണ് അപ്പൂട്ടന്റെ കഥ വികസിച്ചത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും അന്നു ഹിറ്റ് ചാർട്ടിലിടം നേടിയിരുന്നു. ബേണി ഇഗ്നേഷ്യസായിരുന്നു സംഗീതം ഒരുക്കിയത്. എസ്. രമേശൻ നായർ രചിച്ച് എം.ജി ശ്രീകുമാർ ആലപിച്ച ന്ധആവണിപ്പോന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ’ എന്ന ഗാനം എവർഗ്രീൻ ഹിറ്റാണ്. ഒപ്പം പന്തളം സുധാകരനും ചിറ്റൂർ ഗോപിയും രചിച്ച ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. കല്ലിയൂർ ശശിയും എം.ബഷീറും ചേർന്നു നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് കെ.പി നന്പ്യാതിരിയാണ്.
മലയാളത്തിലെ മികച്ച വിജയമാണ് തമിഴിലേക്കും തെലുങ്കിലേക്കും ഈ ചിത്രം മൊഴിമാറ്റിയെത്താനും റീമേക്കു ചെയ്യുവാനും പ്രേരകമായത്. തെലുങ്കിൽ മനസുന്ന മാരജു എന്നും തമിഴിൽ സൗണ്ട് പാർട്ടി എന്ന പേരിലും ചിത്രം എത്തിയിരുന്നു. ഇരുപതുവർഷത്തിനിപ്പുറം ഇന്നും ഈ ചിത്രം മിനിസ്ക്രീനിൽ നേടുന്ന പ്രേക്ഷക സ്വീകാര്യത വളരെ വലുതാണ്. എങ്കിലും പിതിനാലു ചിത്രങ്ങളിലധികം വിജയം സമ്മാനിച്ച ജയറാം- രാജസേനൻ കൂട്ടുകെട്ട് പിരിഞ്ഞതിൽ പ്രേക്ഷകർ നിരാശരാണ്. ആ കൂട്ടുകെട്ട് ഇപ്പോൾ ആവർത്തിക്കപ്പെടാത്തത് ജയറാമിന്റെയും രാജസേനന്റെയും കരിയറിൽ വലിയ ഇടിവും മലയാള സിനിമയ്ക്കു നഷ്ടവുമാണ് തീർക്കുന്നത്. കൊട്ടാരം വീട്ടിൽ അപ്പൂട്ടൻപോലുള്ള സിനിമകളിലൂടെ ജയറാമിന്റെ പ്രതാപകാലം ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.
തയാറാക്കിയത്: അനൂപ് ശങ്കർ