രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
Thursday, March 15, 2018 4:39 PM IST
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടിയായിരുന്നു തലസ്ഥാനം എന്ന ആക്ഷൻ പൊളിറ്റിക്കൽ ചിത്രം. വില്ലനായും സഹനടനായും മലയാളത്തിൽ തുടക്കം കുറിച്ച സുരേഷ് ഗോപി വളരെ പെട്ടെന്ന് നായകനിരയിലേക്കെത്തി മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ പട്ടം നേടിയെടുത്തിരുന്നു. പല അതികായന്മാർ വളർന്നു നിൽക്കുന്ന സമയത്താണ് സുരേഷ് ഗോപി തന്റേതായ ഇടം മലയാള സിനിമയിൽ സൃഷ്ടിക്കുന്നത്. അതിന്റെ തുടക്കമായിരുന്നു തലസ്ഥാനത്തിലെ ഹരികൃഷ്ണൻ എന്ന കഥാപാത്രം.
1992-ലെത്തിയ തലസ്ഥാനം മുതൽ സുരേഷ് ഗോപിയുടെ താരവില ഉയരുന്നതിനൊപ്പം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ട് ഷാജി കൈലാസ്- രഞ്ജി പണിക്കർ- സുരേഷ് ഗോപി സിനിമകളുടെ തുടക്കവുമായിരുന്നു. തലസ്ഥാനം മുതലുള്ള ഈ ടീമിന്റെ ചിത്രങ്ങളിലേക്കു കണ്ണോടിക്കുന്പോൾ ക്ഷുഭിത യൗവനത്തിന്റെ ഒരു കാലത്തിന്റെ പ്രതീകം തന്നെയായി സുരേഷ് ഗോപി മാറുന്നതു കാണാം. സുരേഷ് ഗോപിയുടെ കരിയറിനെ തന്നെ മാറ്റിയെഴുതിയ തലസ്ഥാനം ആ വർഷത്തെ ഏറ്റവും വലിയ വിജയമാണ് നേടിയത്. അതുവരെയുള്ള സിനിമകളിൽ നിന്നുമാറി ബോക്സോഫീസിൽ സുരേഷ് ഗോപി ചിത്രങ്ങൾ സൂപ്പർഹിറ്റ് വിജയങ്ങൾ നേടുന്നതിന്റെ തുടക്കമായിരുന്നു അത്. ഷാജി കൈലാസിന്റെ കരിയറിലും ആദ്യത്തെ ബ്ലോക്ബസ്റ്ററായിരുന്നു ഈ ചിത്രം. ഒപ്പം തിരക്കഥാകൃത്തായി തുടങ്ങുന്ന സമയത്ത് രണ്ജി പണിക്കർക്കും ഏറെ ഗുണകരമായി തലസ്ഥാനം. ഛായാഗ്രഹാകനായ രവി കെ ചന്ദ്രനും തുടക്കകാലത്തു ഏറെ ശ്രദ്ധ നേടിക്കൊടുക്കാൻ ഈ ചിത്രം കാരണമായിരുന്നു. മൊത്തത്തിൽ പിന്നീടുണ്ടായ മലയാള സിനിമയുടെ വളർച്ചയിൽ പലരുടേയും ഭാവിയെ നിർണയിക്കുന്നതായിരുന്നു ഈ ചിത്രം.
കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളേയും കോളജ് രാഷ്ട്രീയത്തിനെയും സമന്വയിപ്പിച്ചാണ് രഞ്ജി പണിക്കർ ചിത്രത്തിനു തിരക്കഥ ഒരുക്കിയത്. കോളജിലെത്തുന്ന കുട്ടികളെ രാഷ്ട്രീയക്കാർ അവരുടെ കളിപ്പാവകളാക്കി കുരുതികൊടുക്കുന്ന സംഭവങ്ങൾ അന്നും ഇന്നും മലയാളികൾക്കു പരിചിതമാണ്. അതിനെ ചുറ്റിപ്പറ്റിയാണ് തലസ്ഥാനത്തിന്റെ കഥ വികസിക്കുന്നത്. ഉണ്ണികൃഷ്ണൻ കോളജിൽ പഠിക്കാനെത്തുകയും രക്ഷപ്പെടാനാവാത്തവണ്ണം രാഷ്ട്രീയക്കാരുടെ കൈയാളായിമാറി കൊല ചെയ്യപ്പെട്ടു. അതിനു പിന്നാലെ സഹോദരൻ ഹരികൃഷ്ണൻ എത്തുന്പോൾ സത്യത്തിന്റെ ചുരുളുകളഴിയുന്നു. അധികാരത്തിനും പണത്തിനും മുന്നിൽ നീതിപാലകരുടെ നിസഹായതയും അടിമത്വവുമെല്ലാം ചിത്രം കാട്ടിത്തരുന്നുണ്ട്. ഹരികൃഷ്ണനായി സുരേഷ് ഗോപി എത്തുന്പോൾ ജി.പരമേശ്വരൻ എന്ന ജിപിയായി നരേന്ദ്ര പ്രസാദിന്റെ വില്ലൻ വേഷം ചിത്രത്തിന്റെ നേടും തൂണായിരുന്നു. നടൻ വിജയ കുമാറിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു തലസ്ഥാനം. ഗീത, ഗണേഷ് കുമാർ, അശോകൻ, സോമൻ, മോനിഷ തുടങ്ങിയ വലിയ താരനിരയുണ്ട് ചിത്രത്തിൽ.
തലസ്ഥാനം സുരേഷ് ഗോപിക്കെന്നതുപോലെ നരേന്ദ്ര പ്രസാദിന്റെ കരിയറിലും ഏറെ വഴിത്തിരിവായ ചിത്രമായിരുന്നു. നായകനായ സുരേഷ് ഗോപി സിനിമയുടെ ഒരു മണിക്കൂറിനു ശേഷമെത്തി കഥയെ കൊണ്ടു പോകുന്പോൾ അതുവരെ ചിത്രത്തിനെ തോളിലേറ്റുന്നത് നരേന്ദ്രപ്രസാദിന്റെ പ്രകടനമാണ്. ഏകലവ്യനിലും ആറാം തന്പുരാനിലുമാണ് ഇത്തരത്തിൽ പിന്നീട് ശക്തമായ നരേന്ദ്രപ്രസാദിന്റെ വില്ലൻ വേഷം കണ്ടിട്ടുള്ളത്. എന്നാൽ സുരേഷ് ഗോപി എത്തുന്നതോടെ അതു നായകനൊത്ത വില്ലനായി കളം പിടിച്ചിരുന്നു. പിന്നീടുണ്ടാകുന്ന കഥാഗതിയിൽ സുരേഷ് ഗോപിയുടെ അഭിനയ മികവാണ് മലയാളത്തിൽ ഈ താരത്തിന് ആക്ഷൻ സ്റ്റാർ പട്ടം നേടിക്കൊടുത്തതും. ഒരു തരത്തിൽ ആ ശ്രേണിയിലേക്കു മാത്രമായി സുരേഷ് ഗോപിയെ കൊണ്ടെത്തിക്കുന്നതിന്റെ ആദ്യ ചുവടും ഈ ചിത്രത്തിനായിരുന്നു. മാഫിയയും ഏകലവ്യനും കമ്മീഷണറും ലേലവും പത്രവും ഭരത്ചന്ദ്രൻ ഐപിഎസുമായി ബോക്സോഫീസിൽ സുരേഷ് ഗോപി വളർന്നു പന്തലിക്കുകയായിരുന്നു പിന്നീടങ്ങോട്ട്.
ഇന്നും ഏറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഏറെ ചർച്ചകൾക്കും ചിന്താധാരകൾക്കും ചിത്രം എക്കാലത്തും കാരണമായിട്ടുള്ളതാണ്. ഇന്നും രാഷ്ട്രീയക്കാർ വിദ്യാർഥികളുടെ കാഴ്ചയെ അന്ധമാക്കി അവരുടെ പിടിയാളുകളാക്കുന്നു. അവർ തെരുവിൽ തമ്മിൽ തല്ലുന്പോൾ ദന്തഗോപുരങ്ങളിൽ നേതാക്കന്മാർ കണ്ടു രസിക്കുന്നു. അവിടെയാണ് ഹരികൃഷ്ണനെ പോലെ പ്രതികരിക്കുന്ന യുവത്വം ഉണരുന്നത്. അവിടെ എല്ലാ യുദ്ധങ്ങളും അവനിൽ നിന്നാരംഭിക്കുന്നു. എല്ലാ കൊടുങ്കാറ്റുകളും അവനിൽ കൊടുന്പിരികൊള്ളുന്നു.
തയാറാക്കിയത്: അനൂപ് ശങ്കർ