എന്തൊരു ഫീലാണ് ബ്രോ...!
Friday, March 9, 2018 12:35 PM IST
പലർക്കും പാടണമെന്നുണ്ട് എന്നാൽ പാടി ഫലിപ്പിക്കാൻ പറ്റാത്തൊരു പാട്ട്... ഷഹബാസ് അമൻ പ്രേക്ഷക ഹൃദയങ്ങളിലേക്ക് പാടി പതിപ്പിച്ചൊരു പാട്ട്... മായാനദിയിലെ "മിഴിയിൽ നിന്നും..' എന്നു തുടങ്ങുന്ന ഗാനം അത്രമേൽ ആഴത്തിലാണ് ജനമനസുകളിൽ സ്ഥാനം പിടിച്ചത്. ഈ പാട്ട് കേട്ടവർ കേട്ടവർ അറിയാതെ പറഞ്ഞ് പോകും എന്തൊരു ഫീലാണെന്ന്.
2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിച്ച ജൂറി അംഗങ്ങൾക്ക് ഇടയിലേക്ക് ഈ പാട്ട് ഒഴുകിയെത്തിയപ്പോൾ മറിച്ചൊന്ന് ചിന്തിക്കാൻ അവർക്കും തോന്നിക്കാണില്ല. അതോടെ ജനമനസുകളിൽ അണമുറിയാതെ ഇപ്പോഴും ഒഴുകി കൊണ്ടിരിക്കുന്ന മിഴിയിൽ നിന്നും മിഴിയിലേക്ക് എന്നു തുടങ്ങുന്ന ഗാനം ആലപിച്ച ഷഹബാസിനെ തേടി മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം എത്തി.
ഇത്രയേറെ അനുഭൂതി ആ പാട്ടിൽ നിറയാൻ കാരണമെന്താണെന്ന് മായാനദി കണ്ടവരും കാണാത്തവരും വ്യത്യസ്ത അഭിപ്രായങ്ങളാകും പറയുക. കാരണം ആ ചിത്രം കണ്ടുകൊണ്ട് ഗാനം ആസ്വദിക്കുന്പോൾ മറ്റൊരു അനുഭവമാണ്. പലരുടെ ഫോണിലേയും റിംഗ് ടോണായും ഡയലർ ടോണായും എല്ലാം ഇപ്പോഴും ആ പാട്ട് ഒരുപാട് ഇടങ്ങളിൽ തത്തിക്കളിക്കുന്നുണ്ട്.
റെക്സ് വിജയന്റെ സംഗീത സംവിധാനത്തിൽ ഷഹബാസ് അമൻ ഈ ഗാനം പാടുന്പോൾ അതിൽ എവിടെയെല്ലാമോ ഗൃഹാതുരത്വത്തിന്റെ അംശം കൂടി കടന്നു കൂടുകയായിരുന്നു. പ്രണയം അത്രമേൽ ആ പാട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ, പ്രണയം മനസിൽ സൂക്ഷിക്കുന്ന ഏതൊരാളേയും ആ പാട്ട് സ്വാധീനിക്കുക തന്നെ ചെയ്യും.
ഒരു പാട്ടുകാരൻ അംഗീകരിക്കപ്പെടുന്പോൾ ആ പാട്ടിന് വരികൾ കുറിച്ച അൻവർ അലിയും മനസിൽ അലിഞ്ഞുചേരുന്ന സംഗീതം നൽകിയ റെക്സ് വിജയനും കൂടി അംഗീകരിക്കപ്പെടുകയാണ്.
ഡിസംബർ ആദ്യവാരം യൂട്യൂബിൽ കയറിക്കൂടിയ "മിഴിയിൽ നിന്നും മിഴിയിലേക്ക്..' എന്നു തുടങ്ങുന്ന ഗാനം, ഡിസംബർ 22ന് ചിത്രം ഇറങ്ങിയതോടെയാണ് കൂടുതൽ പേരുടെ മനസിലേക്ക് കൂടു കൂട്ടാൻ തുടങ്ങിയത്. ഇപ്പോഴും പലർക്കും ഷഹബാസ് അമനോട് സ്നേഹമുള്ളൊരു ദേഷ്യം ഉള്ളിലുണ്ടാവും. കാരണം എന്താണെന്നോ... ആ പാട്ടിന്റെ വരികൾ ചുമ്മാ മൂളാനല്ലാതെ പാടാൻ ശ്രമിച്ചാൽ ശരിക്കും പാളിപ്പോകും.
ഷഹബാസിന് ആ വരികളോടും സംഗീതത്തോടും തോന്നിയ പ്രണയം അത്രയും ആ പാട്ടു പാടിയപ്പോഴും ഉണ്ടായിരുന്നു. അത്രമേൽ ശാന്തമായാണ് ആ പാട്ട് ഓരോ മനസിലേക്കും ഒഴുകിയെത്തിയത്. അംഗീകാരത്തിന്റെ നിറവിലേക്ക് ആ പാട്ടും പാട്ടുകാരനും തോണി തുഴഞ്ഞ് എത്തിയത് ആഷിക്ക് അബുവിനും സംഘത്തിനും എന്നും അഭിമാനത്തോടെ ഓർത്തിരിക്കാനുള്ള മുഹൂർത്തവുമായാണ്. കേരളക്കരയിലെങ്ങും ഷഹബാസ് അമന്റെ സ്വരമാധുര്യം ഇപ്പോഴും മുഴങ്ങി കൊണ്ടിരിക്കുകയാണ് ഒപ്പം റെക്സ് വിജയന്റെ സംഗീതവും.
വി.ശ്രീകാന്ത്