മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
Thursday, March 1, 2018 4:08 PM IST
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്ശേരി നീലകണ്ഠനും ജഗന്നാഥനും ഇന്ദുചൂഢനും ശേഷം വീരനായകനായി പലപ്പോഴുമെത്തിയെങ്കിലും പ്രേക്ഷകപിന്തുണ നേടാനായിരുന്നില്ല. വീണ്ടും മലയാളികളുടെ മനസ് കീഴടക്കിയത് നരനിലെ മുള്ളൻകൊല്ലി വേലായുധനാണ്. ഒരു ചട്ടന്പിയായി ആ കഥാപാത്രത്തെ ഒതുക്കി നിർത്തുകയല്ല ചിത്രം. ഒരു നാടിന്റെ തന്നെ നീതിനിർവഹണ കേന്ദ്രവും മദിച്ചൊഴുകുന്ന നദിയിൽ നീന്തി കൂറ്റൻ മരങ്ങളെ പിടിച്ചെടുക്കുന്ന സാഹസികനും ആ ഗ്രാമത്തിന്റെ നിയമ പാലകനുമായി സ്വയം അവരോധിച്ചവനാണ് മുള്ളൻകൊല്ലി വേലായുധൻ. അവന് അവന്റേതായ നീതിയും സത്യവുമുണ്ടായിരുന്നു. അമ്മയോടെന്ന സ്നേഹം ആ നാടിനോടും.
മോഹൻലാലിന്റെ കരിയറിൽ നിർണായകമായ സമയത്തെത്തിയ ചിത്രമായിരുന്നു നരൻ. 2003-ലെ ബാലേട്ടനുശേഷം പരാജയ ചിത്രങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു. 2005-ന്റെ തുടക്കത്തിൽ ഉദയനാണുതാരം കോടികളുടെ കിലുക്കം സൃഷ്ടിച്ചെങ്കിലും പിന്നാലെ വന്ന രണ്ടു ചിത്രങ്ങളും ബോക്സോഫീസിൽ ദുരന്തമായി മാറി. അതിനു പിന്നാലെയാണ് ഓണച്ചിത്രമായി നരൻ എത്തുന്നത്. മമ്മൂട്ടിയുടെ നേരറിയാൻ സിബിഐ, ദിലീപിന്റെ ചാന്തുപൊട്ട് ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് ആ ഓണക്കാലത്ത് ഒന്നാം സ്ഥാനം നേടിയത് നരനായിരുന്നു. തൊട്ടു പിന്നാലെ വന്ന തന്മാത്രയും മോഹൻലാലിനു നേട്ടമുണ്ടാക്കിക്കൊടുത്തു.
ലാലിന്റെ മാനറിസങ്ങളെല്ലാം ആവോളം ചേർത്താണ് ജോഷി സംവിധാനം ചെയ്ത നരനെത്തിയത്. രഞ്ജൻ പ്രമോദ് രചന ഒരുക്കിയ ചിത്രം ഒരു ആക്ഷൻ ചിത്രമായി മാത്രം കൂപ്പുകുത്താതെ വൈകാരികമായി പ്രേക്ഷകരെ കഥയോടും കഥാപാത്രത്തിനോടും ചേ ർത്തുവെച്ചു. വലിയ നന്പ്യാരും ഗോപിനാഥൻ നന്പ്യാരും കേളപ്പൻ ചേട്ടനും മെമ്പർ കുറുപ്പും ലീലയും ജാനകിയും കുന്നുമ്മേൽ ശാന്തയുമൊക്കെയായി ആ നാട്ടിലെ ഓരോരുത്തരുമായി വേലായുധന്റെ ജീവിതം ബന്ധപ്പെട്ടു കിടക്കുകയാണ്. നാട്ടിൽ അയാളുടെതായ നിയമങ്ങളുണ്ട്. പക്ഷേ, ആ സ്നേഹം പലപ്പോഴും മറ്റുള്ളവർക്കു ശല്യമായി മാറി. സ്നേഹത്തിനും ശാസനയ്ക്കും മുന്നിൽ തലതാഴ്ത്തി നിന്നപ്പോൾ അതു മറ്റു പലരുടേയും ജീവനെ നഷ്ടപ്പെടുത്തി. പ്രതികാരത്തിനൊടുവിൽ വലിയ നന്പ്യാർക്കു കൊടുത്ത വാക്കു തെറ്റിച്ചപ്പോൾ നാടുവിടേണ്ടി വന്നു. ശാന്തമായി ഒഴുകുന്ന പുഴയുടെ അടിത്തട്ട് കലങ്ങി മറിയുന്ന പോലെയായിരുന്നു വേലായുധന്റേയും മനസ്. കണ്ണുനീരിനെ തന്റെ അമ്മപ്പുഴയിൽ അലിയിച്ച് തന്റെ ദേശത്തോട് യാത്ര പറഞ്ഞ് അവൻ അക്കരക്കടവിലേക്ക് യാത്രയായി.
വർഷങ്ങൾക്കു മുന്പ് മോഹൻലാൽ- ജോഷി കൂട്ടുകെട്ടിലൊരു ചിത്രം പൂജ കഴിഞ്ഞ് മുടങ്ങിപ്പോയിരുന്നു. രണ്ജി പണിക്കർ തിരക്കഥ ഒരുക്കിയ ചിത്രത്തിനു നരൻ എന്നായിരുന്നു പേരു നൽകിയത്. പിന്നീടാണ് ഈ ചിത്രത്തിനു ജോഷി അതേ പേരിനെ കടമെടുക്കുന്നത്. ഒരു തരത്തിൽ ചിത്രത്തിന്റെ ഏറ്റവും ആകർഷണ ഘടകമായിരുന്നു ആ പേര്. ദീപക് ദേവ് സംഗീതം ഒരുക്കിയ "ഓ ഹോഹോ ഞാനൊരു നരൻ’ എന്ന പാട്ട് ചിത്രത്തിനെ ആവേശത്തിലേക്കാഴ്ത്തുകയായിരുന്നു.
ജോഷിയുടെ സംവിധാന പ്രതിഭയായിരുന്നു നരനെ അത്ര വലിയ സ്കെയിലിൽ ഒരുക്കിയതിനു പിന്നിൽ. ഒരു മലയോര ഗ്രാമവും പുഴയുമൊക്കെയായി ലൊക്കേഷനായത് ഹൊഗനക്കലായിരുന്നു. മഴപെയ്തു ജലനിരപ്പ് ഉയർന്ന് ആർത്തു പെയ്യുന്ന പുഴയിലാണ് മോഹൻലാൽ നീന്തി വലിയ മരം പിടിച്ചെടുക്കുന്ന സീനുകൾ ചിത്രീകരിച്ചത്. വളരെ അപകടം പിടിച്ച രംഗം സിനിമയുടെ മർമപ്രധാനമായി തലമാക്കി മാറ്റുകയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
മോഹൻലാൽ ചിത്രങ്ങളുടെ തുടർച്ചയായ പരാജയങ്ങളും തൊട്ടുമുന്പത്തെ രണ്ടു ചിത്രങ്ങളുടെ ബോക്സോഫീസ് വിധിയും നരന്റെ പിന്നണിയിലുള്ളവരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം പഴങ്കഥകളാക്കിയാണ് മാസും ക്ലാസും ഒത്തു ചേരുന്നവിധം നരൻ 100 ദിവസത്തിലധികം പ്രദർശന വിജയം നേടിയത്. മോഹൻലാലിന്റെ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളും മറ്റു ഭാഷകളിലേക്കു പുനർസൃഷ്ടിക്കുന്പോഴും പതിമൂന്നു വർഷമായി നരൻ അവിടെത്തന്നെ അതുല്യമായി നിൽക്കുന്നു. അതിനു കാരണമായി തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ് ചൂണ്ടിക്കാണിക്കുന്നത് മോഹൻലാലിനെയാണ്. ഹ്യൂമറും ആക്ഷനും ഇമോഷണലുമെല്ലാം ഉ ൾക്കൊണ്ട് പൂർണമായും വേലായുധനെ ഉൾക്കൊള്ളാൻ മോഹൻലാലിനല്ലാതെ മറ്റാർക്കും സാധിക്കില്ലെന്നാണ് എഴുത്തുകാരന്റെ വിശ്വാസം.
തയാറാക്കിയത്: അനൂപ് ശങ്കർ