പ്രാഞ്ചിയേട്ടനും പുണ്യാളനും
Thursday, February 15, 2018 4:39 PM IST
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവനവനോടു തന്നെ പല്ലിളിച്ചു നിൽക്കുന്ന ബിംബങ്ങളും പാത്രസൃഷ്ടികളും ജനിക്കുക സർവസാധാരണമാണ്. തന്റെ പേരിന്റെ യഥാർഥ ഉടമയായ അസീസിയിലെ ഫ്രാൻസിസ് പുണ്യാളനുമായുള്ള സ്വപ്നസംവാദവുമായി പ്രാഞ്ചിയേട്ടൻ പ്രേക്ഷക മുന്നിലെത്തി നിൽക്കുന്നത് അത്തരം ചില ബിംബമായിട്ടാണ്. ഹാസ്യത്തിലൂടെ ഇവിടെ കണക്കറ്റു ആക്ഷേപിക്കുന്നത് മലയാളികളുടെ അസഹ്യമായ ചില മനോഭാവത്തിനും സാമൂഹികാവസ്ഥയ്ക്കും നേരെയാണ്. രഞ്ജിത് എന്ന സർഗപ്രതിഭയുടെ മാസ്റ്റർപീസും മമ്മൂട്ടി എന്ന മഹാനടന്റെ അതുല്യമാർന്ന പ്രകടനവും ഒത്തുചേർന്ന പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് അത്തരത്തിൽ ഏറെ ചർച്ചകൾക്കു ഹേതുവായ മലയാള ചിത്രങ്ങളിലൊന്നാണ്.
കഴിഞ്ഞ പതിറ്റാണ്ടിലെ മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധേയമായ വേഷമാണ് അരിപ്രാഞ്ചി എന്ന ചിറമ്മേൽ ഈനാശു ഫ്രാൻസിസ്. പതിവു കഥപറച്ചിലിൽ നിന്നുമാറി നവ ആഖ്യാനമല്ലെങ്കിലും ഫ്ളാഷ്ബാക്കിലൂടെ അതിസാധാരണമായ സംഭവവികാസങ്ങളെയാണ് ചിത്രം പറയുന്നത്. ബിസിനസിലൂടെ സന്പന്നതയിൽ നിൽക്കുന്പോഴും പ്രാഞ്ചിയുടെ പ്രാണവേദന ഒരു പേരില്ലെന്നതാണ്. സാംസ്കാരിക മേഖലയിൽ മിന്നുന്ന തിളക്കമാണ് അയാളുടെ ലക്ഷ്യം. അതിനായി ക്ലബ് പ്രസിഡന്റ് മുതൽ പത്മശ്രീ പുരസ്കാരത്തിനുവരെ അയാൾ ശ്രമിക്കുന്നു.
ബ്ലണ്ടർ കോമഡി ചെയ്യുന്നതിൽ ഒട്ടും അതിഭാവുകത്വമില്ലാതെ കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങളിലൂടെ കടന്നുപോകുന്നതിൽ മമ്മൂട്ടിയിലെ കലാകാരന്റെ മെയ്വഴക്കവും അനായാസതയും ഈ കഥാപാത്രത്തിന്റെ പ്രത്യേകതയാണ്. മമ്മൂട്ടിക്കു മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രമായാണ് സംവിധായകൻ രഞ്ജിത് ഈ കഥാപാത്രത്തിനെപ്പറ്റി പറഞ്ഞത്. എന്നാൽ പ്രാഞ്ചിയേട്ടനെ അയാൾ സൃഷ്ടിച്ചിരിക്കുന്നതാകട്ടെ താൻകൂടി അടങ്ങുന്ന സമൂഹത്തിൽ നിന്നുമാണ്. "അരിപ്രാഞ്ചി നമുക്കു ചുറ്റും ധാരാളമുണ്ട്. അതു കേവലം ഒരു വ്യക്തിയല്ല, പലരിലുമുള്ള മനോഭാവമാണ്. ഞാൻ കൂടി ജീവിക്കുന്ന സമൂഹത്തിനെയാണ് ചിത്രീകരിക്കുന്നത്. അതിൽ നിന്നു രഞ്ജിത് എന്ന ഞാനും മാറിനിൽക്കുന്നില്ല. എന്നെക്കൂടിയാണ് ഞാൻ വിമർശിക്കുന്നതും കളിയാക്കുന്നതും. എന്നിലുമുണ്ടാകാം പ്രാഞ്ചി’’- രഞ്ജിത്തിന്റെ വാക്കുകളാണ്.
പുതിയൊരു കാര്യം ചെയ്യാൻ പോകുന്പോൾ പിതൃക്കളോടും പുണ്യാളനോടും അനുവാദം ചോദിക്കാൻ പള്ളിയിലെത്തുന്ന പ്രാഞ്ചിയിലൂടെയാണ് കഥ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കുറവായുള്ള ആത്മവിശ്വാസമില്ലായ്മ സൃഷ്ടിക്കുന്ന സംഭവങ്ങളാണ് പ്രാഞ്ചിയുടെ ജീവിതം. അതിനിടയിൽ പേരു മേടിച്ചുകൊടുക്കാൻ ഒപ്പം നടക്കുന്ന കൂട്ടുകാരൻ വാസുമേനോനും ആർക്കിടെക്ട് പത്മശ്രീയും ഡോക്ടർ ദന്പതികൾ ഓമനയും ജോസും പണ്ഡിറ്റ് ദീനദയാലും ഉതുപ്പും പോളിയുമെല്ലാം ഒരോ പ്രഹേളിക പോലെ അയാൾക്കു മുന്നിലുണ്ട്. പേരു നേടാനായി ചെയ്തുകൂട്ടുന്ന സംഭവങ്ങൾ ഓരോ തവണയും അബദ്ധമായിത്തീരുന്നു. ഇതൊക്കെ അയാൾ പറയുന്നതാകട്ടെ തനിക്കു മുന്നിൽ കളിയും ചിരിയുമായി നിൽക്കുന്ന പുണ്യാളനോടും. ഒടുവിൽ താൻ ചെയ്യാൻ പോകുന്ന കാര്യത്തിലുള്ള ശരിയെ അയാൾ തിരിച്ചറിയുന്നത് സ്വയമുള്ള വിലയിരുത്തലിലൂടെയാണ്.
2010-ൽ രഞ്ജിത് തന്നെ രചനയും സംവിധാനവും നിർമാണവും നിർവഹിച്ചെത്തിയ പ്രാഞ്ചിയേട്ടൻ ആൻഡി ദി സെയിന്റ് 200 ദിവസത്തിലധികമാണ് വെള്ളിത്തിരയിൽ പ്രദർശനം നേടിയത്. മമ്മൂട്ടിയിലെ നടനെ മികച്ച രീതിയിൽ ഉപയോഗിച്ച ചിത്രത്തിൽ പ്രിയാമണി, ഖുശ്ബു, സിദ്ധിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ഗണപതി തുടങ്ങിയവരുമുണ്ട്. കാമറ വേണുവും സംഗീതം ഒൗസേപ്പച്ചനുമാണ് കൈകാര്യം ചെയ്തത്. നായകന്റെ അതിമാനുഷികതയ്ക്കു അവസരം സൃഷ്ടിക്കാതെ മധ്യവയസ്കനും അവിവാഹിതനുമായ പ്രാഞ്ചിയുടെ നിഷ്കളങ്കമായ ചെയ്തികളിലൂടെയാണ് സിനിമ സഞ്ചാരം. കെട്ടുറപ്പുള്ള തിരക്കഥയും തൃശൂർ ഭാഷയിലുള്ള സംഭാഷണവും ചിത്രത്തിനു മിഴിവേകി. വാണിജ്യ വിജയത്തിനൊപ്പം നിരൂപക പ്രശംസയും നിരവധി പുരസ്കാരങ്ങളും നേടാൻ ചിത്രത്തിനു സാധിച്ചിരുന്നു.
രഞ്ജിത്തിന്റെ തന്നെ നന്ദനത്തിൽ ഉപയോഗിച്ച ദൈവമെന്ന ഫോർമുലയാണ് ഈ ചിത്രത്തിലും കാണുന്നത്. അതുകൊണ്ടു തന്നെ ദൈവം കാണാമറയത്തോ, ആകാശത്തോ അല്ലെന്നും മനുഷ്യനോടപ്പം കരുണയുടെയും ദയയുടെയും മുഖവുമായി ഒപ്പമുണ്ടെന്നും ചിത്രം ഓർമപ്പെടുത്തുന്നു.
തയാറാക്കിയത്: അനൂപ് ശങ്കർ