കന്മദം ചോരുന്ന പാട്ട്
Wednesday, January 10, 2018 6:44 PM IST
മൂവന്തിത്താഴ്വരയിൽ വെന്തുരുകും....മനസിൻ അകത്തളങ്ങളിൽ കട്ടപിടിച്ചിരുന്ന നോവുകളും വിമുഖതകളും വെന്തുരുകി കന്മദമായി ചോരുകയാണ് ഈ പാട്ടിലൂടെ...
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ നിരയിൽ സ്ഥാനമുറപ്പിട്ടുള്ളതാണ് "കന്മദം’ എന്ന ചിത്രമെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ലോഹിതദാസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രം 1998ലാണ് പുറത്തിറങ്ങുന്നത്. ശക്തമായ ഇതിവൃത്തവും ഒഴുക്കുള്ള തിരക്കഥയും പ്രതിഭകളുടെ സ്വഭാവിക അഭിനയവുമെല്ലാം ചേരുംപടി ചേർന്നപ്പോൾ ഭാവസാന്ദ്രമായ ഒരു ചിത്രം മലയാളത്തിൽ ജനിക്കുകയായിരുന്നു.
രവീന്ദ്രൻ- ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ട് സൃഷ്ടിച്ച ഗാനങ്ങളും എസ്.പി. വെങ്കിടേഷ് ഒരുക്കിയ പശ്ചാത്തല സംഗീതവും ’കന്മദ’ത്തിന്റെ സൗരഭ്യം കൂട്ടി. അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇതിൽ "തിരുവാതിര തിരനോക്കിയ’എന്ന ഗാനം ടൈറ്റിൽ ഗാനമായപ്പോൾ "മഞ്ഞക്കിളിയുടെ മൂളിപ്പാട്ട്’ വിശ്വനാഥൻ എന്ന മോഹൻലാൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചുമതലയേറ്റെയടുത്തു. പ്രസന്നമായ രംഗങ്ങളുടെ അകന്പടിയോടെയെത്തിയ ഈ ഗാനം വലിയ വേലിയറ്റമാണ് അക്കാലത്ത് സൃഷ്ടിച്ചത്. ഗാനമേളകളിലും സ്റ്റേജ് ഷോകളിലും മഞ്ഞക്കിളിയുടെ മുളിപ്പാട്ട് ഒഴിച്ചുകൂട്ടാനാവത്തായിരുന്നു.
എന്നാൽ "മൂവന്തിത്താഴ്വരയിൽ’എന്ന ഗാനം ശ്രോതാക്കളിൽ വലിയ വികാരവേലിയറ്റങ്ങൾ സൃഷിടിച്ചാണ് ജനപ്രീതി നേടിയെടുത്തത്. നിശബ്ദമായ അന്തരീക്ഷത്തിൽ, ഈ പാട്ടിന് കാതോർത്തവരെല്ലാം മനസിന്റെ ആഴങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടാവും. തികച്ചും സ്വകാര്യമായ ദുഃഖങ്ങളിലേക്കും നിരാശകളിലേക്കും മനം ചേർത്തിട്ടുണ്ടാവും, തീർച്ച. "ചിത്രം’സിനിമയിലെ "നകുമോ’എന്ന കൃതിയിലുടെ മലയാളികൾക്ക് സുപരിചിതമായ ’ആഭേരി’രാഗത്തിലാണ് രവീന്ദ്രൻമാഷ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. പ്രസന്നമായ അന്തരീക്ഷമൊരുക്കുന്ന ആഭേരി ഉപയോഗിച്ച് ദുഃഖത്തിന്റെ നിഴൽ വീണ ഇതുപൊലൊരു ഗാനം സൃഷ്ടിച്ചതിലൂടെ രവീന്ദ്രൻമാഷിന്റെ പ്രതിഭാവിലാസമാണ് പ്രകടമാകുന്നത്. ദാസേട്ടന്റെ നാദവൈഭവം ഈ പാട്ടിലും രവീന്ദ്രൻമാഷ് ഫലപ്രദമായി ഉപയോഗിച്ചു. മറ്റാരുടെയെങ്കിലും ശബ്ദത്തിൽ ഒരു പക്ഷെ ഈ പാട്ട് ഇത്രമധുരിതമാകില്ലായിരുന്നു.
സിനിമയിലെ വളരെ നിർണായകമായ മുഹൂർത്തത്തിലാണ് ഈ ഗാനം ഉൾച്ചേർത്തിരിക്കുന്നത്. പുറംതോടിന്റെ കടുപ്പം തകർന്ന് മാർദവമുള്ള മനോഭാവത്തിലേക്കും തരളിത ഭാവങ്ങളിലേക്കും കഥാപാത്രങ്ങൾ യാത്രായാരംഭിക്കുന്നത് ഈ പാട്ടിലൂടെയാണ്. ചിത്രത്തിന്റെ ഇതിവൃത്തം മുഴുവൻ ഈ ഗാനത്തിൽ ലയിച്ചിരിക്കുന്നു...
ഇനി പറയേണ്ടത് വരികളേക്കുറിച്ചാണ്. "ഇരുളുമീ എകാന്തരാവിൽ തിരയിടും വാർത്തിങ്കളാക്കാം’... നിരാലംബയായവൾക്ക് താങ്ങാകുന്നവന്റെ താരാട്ടാണ് ഗീരീഷ് പുത്തഞ്ചേരി കുറിച്ചത്. പ്രതീക്ഷയറ്റ് മുരടിച്ച് പോയവളുടെ മനസിൽ കുളിരുന്ന പകരുന്ന താരാട്ട്. കാന്പുള്ള വരികൾ സമ്മാനിച്ച് ഗീരീഷ് പുത്തഞ്ചേരിയും ആഴമുള്ള സംഗീതമൊരുക്കി രവീന്ദ്രൻമാഷും അനുഗ്രഹീത ശബ്ദം പകർന്ന് ദാസേട്ടനും അനശ്വരമാക്കിയ ഈ പാട്ടിന്റെ കന്മദ സുഗന്ധം ഒരിക്കലും മായില്ല മലയാളി മനസുകളിൽ.
അലക്സ് ചാക്കോ
ചിത്രം: കന്മദം
ഗാനം : മൂവന്തിത്താഴ്വരയിൽ വെന്തുരുകും വിണ്സൂര്യൻ
ആലാപനം: കെ.ജെ യേശുദാസ്
സംഗീതം: രവീന്ദ്രൻ
രചന: ഗിരീഷ് പുത്തഞ്ചേരി