തിളക്കം മങ്ങാതെ ഉസ്താദ്..!
Thursday, January 4, 2018 3:51 PM IST
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടുകെട്ടാണ് രഞ്ജിത്- മോഹൻലാൽ ടീമിന്റേത്. ദേവാസുരവും ആറാം തന്പുരാനും നരസിംഹവും ഉസ്താദുമെല്ലാം ആ ഗണത്തിൽ എന്നും ജനപ്രീതിയുള്ള ചിത്രങ്ങളാണ്. രഞ്ജിത്തിന്റെ തൂലികയിലെ പൗരുഷമേറിയ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ പകർന്നാടുന്പോൾ ലാലിലെ അഭിനേതാവ് ഒരു വിസ്മയം തന്നെ സൃഷ്ടിക്കുന്നു. സംഭാഷണങ്ങളിൽ നവമാസ്മരികത തന്നെ കൊണ്ടുവരുന്നു. മീശ പിരിച്ച്, ശത്രുക്കളെ ജയിച്ചെത്തുന്ന വീരപുരുഷ നായകന്മാരായിരുന്നു ഈ ചിത്രങ്ങളുടെയെല്ലാം പ്രത്യേകത. അത്തരത്തിൽ നിന്നുകൊണ്ടു പുതുമ നൽകിയ ചിത്രമായിരുന്നു 1999- ലെത്തിയ ഉസ്താദ്. ധീരനായ നായകനെങ്കിലും സൗമ്യനായ മറ്റൊരു മുഖത്തിലൂടെയാണ് ലാലിന്റെ കഥാപാത്രം ചിത്രത്തിലെത്തുന്നത്.
രഞ്ജിത്തിനെ പോലെതന്നെ മോഹൻലാലിന്റെ ജീവിതത്തിൽ മാറ്റിനിർത്താനാവാത്ത കൂട്ടുകെട്ടാണ് സംവിധായകൻ സിബി മലയിലിന്റേത്. ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഭരതവും കിരീടവും ദശരഥവും ഹിസ്ഹൈനസ് അബ്ദുള്ളയുമടക്കം ഒരു ഡസനിലടക്കം ചിത്രങ്ങൾ. ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തം. ഇവർക്കൊപ്പം സംവിധായകരായ രഞ്ജിത്തും ഷാജി കൈലാസും ഒത്തു ചേർന്നപ്പോൾ ഉസ്താദ് എന്ന ചിത്രം മറ്റൊരു നാഴികക്കല്ലായി മാറി. പതിവു ചിത്രങ്ങളിൽ നിന്നുമാറി തികച്ചും ആക്ഷൻ മൂഡിലുള്ള ചിത്രത്തിനെ വൈകാരികമായി ചേർ ത്തുവയ്ക്കുകയാണ് സിബി മലയിൽ ഈ ചിത്രത്തിൽ. രഞ്ജിത്ത് രചന ഒരുക്കിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമാണ് നേടിയത്.
ഒരു ആക്ഷൻ മസാലയായി കൂപ്പുകുത്താതെ കുടുംബബന്ധത്തിനെ ഇഴചേർത്താണ് ഉസ്താദിന്റെ കഥ വികസിക്കുന്നത്. സഹോദരി പത്മജയെ ജീവനെപ്പോലെ സ്നേഹിച്ച് അവളുടെ സന്തോഷത്തിനായി ജീവിക്കുന്ന ഏട്ടനാണ് മോഹൻലാലിന്റെ പരമേശ്വരൻ. വെളുത്ത കുപ്പായവും മുണ്ടും ധരിച്ച് വളരെ സൗമ്യനായ പരമേശ്വരൻ ബിസിനസ് നടത്തുകയാണ്. സ്വാമിയും സേതുവും അലി അബുവും എപ്പോഴുമൊപ്പമുണ്ട്. എന്നാൽ സൗമ്യനായ പരമേശ്വരൻ ശത്രുസംഹാരത്തിന്റെ ഉസ്താദ് എന്നൊരു മുഖവും സൂക്ഷിക്കുന്നുണ്ട്. മുംബൈയിൽ യൂസഫ് ഷായ്ക്കൊപ്പം നടത്തിയ എല്ലാ ബിസിനസും പൂർത്തിയാക്കി അധോലോക രാജാവിൽ നിന്നും ജീവിതത്തിന്റെ നല്ല മേച്ചിൽപ്പുറത്തിലേക്കുള്ള യാത്രയിലാണ് പരമേശ്വരനിപ്പോൾ.
ഏട്ടനൊരു പഞ്ചപാവം എന്നു കരുതുന്ന സഹോദരി പത്മജയ്ക്ക് ഉസ്താദ് എന്ന മുഖത്തിനെപ്പറ്റി അറിയില്ല. അവളുടെ കൂട്ടുകാരി ക്ഷമയ്ക്കു ഏട്ടനോടുള്ള ഇഷ്ടത്തിനെ കല്യാണത്തിലേക്കെത്തിക്കാനും ശ്രമിക്കുന്നുണ്ട്. നൃത്തം പഠിപ്പിക്കുന്ന നന്ദനുമായി പത്മജയ്ക്ക് ഇഷ്ടമുണ്ട്. വലിയ തറവാട്ടുകാരെങ്കിലും ഇന്നു തകർന്നു നിൽക്കുന്ന കാളിയോടൻ കുടുംബാംഗമാണ് നന്ദൻ. വിവാഹം ഉറപ്പിക്കുന്നതോടെ നന്ദന്റെ കുടുംബത്തിനുള്ള ബാധ്യതകളെല്ലാം പരമേശ്വരൻ തീർക്കുന്നു. എങ്കിലും സഹോദരിയുടെ വിവാഹത്തിനു പങ്കെടുക്കാനാവാത്ത വിധം യൂസഫ് ഷാ പരമേശ്വരനെ കള്ളക്കേസിൽ ജയിലിലാക്കുന്നു. പരമേശ്വരന്റെ സ്വത്തുക്കൾ കൈക്കലാക്കാനായി കള്ളക്കേസിൽ നന്ദനേയും പത്മയേയും പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. പോലീസിനു മുന്നിൽ പരമേശ്വരൻ തന്നെ സത്യം തെളിയിക്കുന്നു.
നന്ദനും പത്മയും പോകുന്ന കാറിൽ ബോംബ് വെച്ച് മുഹമ്മദ് ഷാ പരമേശ്വരനെ ഭീഷണിപ്പെടുത്തുന്നു. ഒപ്പം പരമേശ്വരനെ ഉസ്താദാക്കിയ വലതുകൈ അടിച്ചു തകർത്തു. എന്നാൽ ഷാർജയിലേക്കു കടന്ന ഷായെ തിരക്കി ഉസ്താദ് അവിടെയെത്തി. മരുഭൂമിയിൽ ഇഴഞ്ഞുനടക്കുന്ന വിധത്തിലാക്കി ഷായെ കൊല്ലാതെ വിടുന്നു. നാട്ടിലെത്തുന്ന പരമേശരനൊപ്പം സന്തോഷവതിയായി പത്മ ഒപ്പമുണ്ടായിരുന്നു. ഉസ്താദിനെ അറിയാതെ...
പ്രതിഭകൾ കൂട്ടുകൂടിയ ചിത്രത്തിലെ താരനിരയും ശ്രദ്ധേയമായിരുന്നു. ഇന്ദ്രജയും ദിവ്യ ഉണ്ണിയും നായികമാരായ ചിത്രത്തിൽ ജനാർദ്ദനൻ, വാണി വിശ്വനാഥ്, ഗണേഷ് കുമാർ, വിനീത്, സായികുമാർ, നരേന്ദ്രപ്രസാദ്, എൻ.എഫ് വർഗീസ്, ഇന്നസെന്റ് തുടങ്ങിയവരുമെത്തി. നായകനൊപ്പം നിൽക്കുന്ന യൂസഫ് ഷാ എന്ന വില്ലനായെത്തിയ രാജീവും ചിത്രത്തിന്റെ വിജയ ഘടകമായിരുന്നു. വിദ്യാ സാഗർ- ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ ഗാനങ്ങൾ ഇന്നും ആസ്വാദക പ്രിതിയിൽ മുന്നിൽ നിൽക്കുന്നതാണ്. ആനന്ദക്കുട്ടനാണ് ചിത്രത്തിനു ഛായാഗ്രഹണം ഒരുക്കിയത്. ഇപ്പോഴും ഉസ്താദിനുള്ള പ്രേക്ഷക സ്വീകാര്യതയ്ക്ക് ഒട്ടും കുറവില്ലെന്നതാണ് മിനിസ്ക്രീനിൽ ചിത്രം നേടുന്ന റേറ്റിംഗ് തെളിയിക്കുന്നത്.
തയാറാക്കിയത്: അനൂപ് ശങ്കർ