മറക്കാനാവില്ല അനുബന്ധം
Friday, December 22, 2017 4:05 AM IST
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പിന്നീട് വളരെ വിരളവുമായിത്തീരാറുമുണ്ട്. അത്തരത്തിൽ മലയാളത്തിന്റെ വെള്ളിത്തിരയിൽ എണ്പതുകളിലെ നിത്യഹരിത കൂട്ടുകെട്ടായിരുന്നു മോഹൻലാൽ- മമ്മൂട്ടി കോന്പിനേഷൻ. ഇന്നും മലയാളികൾ ഏറെ കാത്തിരിക്കുന്നതാണ് ഒരു ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നത്. 1981-ലെ ഉൗതിക്കാച്ചിയ പൊന്നിലൂടെയാണ് ഇരുവരും കാമറക്കു മുന്നിലൊന്നിച്ചെത്തുന്നത്. പിന്നീടിതുവരെ അന്പതിലധികം ചിത്രങ്ങൾ.
ഈ കൂട്ടുകെട്ടിൽ ഇന്നും പ്രേക്ഷക പ്രീതിയുള്ളൊരു ചിത്രമാണ് 1985-ലെത്തിയ അനുബന്ധം. മമ്മൂട്ടി-മോഹൻലാൽ കോന്പിനേഷനൊപ്പം സീമ, ശോഭന എന്നിവർ നായികമാരായി, എം.ടി വാസുദേവൻ നായരുടെ രചനയിൽ ഐ.വി ശശി സംവിധാനം ചെയ്ത ചിത്രം വലിയ വിജയമാണ് അന്നു നേടിയത്. ഐ.വി ശശിയുടെ പതിവുശൈലിയിൽ വന്പൻ ചിത്രത്തിന്റെ നിഴൽ വീഴാതെ വളരെ ലളിതമായാണ് ചിത്രം കഥ പറയുന്നത്.
ആ വർഷത്തെ സംസ്ഥാന പുരസ്കാരങ്ങളിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സീമ, ബാലതാരമായ മാസ്റ്റർ വിമൽ, കഥാകാരനായ എം.ടി വാസുദേവൻനായർ, എഡിറ്റർ കെ. നാരായണൻ എന്നീ നേട്ടങ്ങൾ കൊയ്തതും ഈ ചിത്രമായിരുന്നു. വന്പൻ പ്രതിഭകൾ മാറ്റുരച്ച ചിത്രത്തിന്റെ അവസാന ഭാഗത്തുള്ള മാസ്റ്റർ വിമലിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടി മധ്യവയസ്കനായ അധ്യാപകൻ മുരളിയായും സീമ സുനന്ദ എന്ന വിധവയുടെ വേഷത്തിലുമാണ് ചിത്രത്തിലെത്തിയത്. മോഹൻലാൽ ഭാസ്കരനെന്ന ബാങ്ക് ഉദ്യോഗസ്ഥനായും ഭാര്യ വിജയലക്ഷ്മിയായി ശോഭനയും ചിത്രത്തിലെത്തി. ഒപ്പം തിലകൻ, സുകുമാരി, പ്രേംജി, കുഞ്ചൻ, ശങ്കരാടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തിയിരുന്നു.
അവിവാഹിതനായ മുരളി മാഷ് പുതിയ സ്കൂളിലെത്തിയപ്പോൾ താമസിക്കാനുള്ള ഇടം തേടിയിറങ്ങുന്നു. ആ വഴിയാണ് മാഷിന്റെ പഴയ വിദ്യാർഥി സുനന്ദയെ കാണുന്നത്. ഭർത്താവ് മരിച്ച് എട്ടുവയസുകാരൻ ഹരിമോനൊപ്പം ജീവിക്കുകയാണ് സുനന്ദ. അവരുടെ അയൽക്കാരായിരുന്നു ഭാസ്കരനും വിജയലക്ഷ്മിയും മകൻ ജയനും. ഹരിമോന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് ജയൻ. നാട്ടിൻ പുറത്തെ താമസം തീരെയിഷ്ടമല്ലാത്ത വിജയം പട്ടണത്തിലേക്കു പോകാനായി ഭാസ്കരനുമായി നിരന്തരം വഴക്കിട്ടിരുന്നു. പുതിയ താമസവും അധ്യാപക വൃത്തിയുമായി പോകുന്നതിനിടയിൽ സുനന്ദയുടെ സഹായത്തിനായി മുരളി മാഷ് എപ്പോഴുമുണ്ടായിരുന്നു. ജീവിതത്തെ പേടിക്കാതെ മുന്നോട്ടുപോകാനുള്ള ധൈര്യം മുരളി മാഷ് സുനന്ദയ്ക്കു നൽകി. ഇതിനിടയിൽ മാഷും ഭാസ്കരനും നല്ല കൂട്ടാകുന്നു.
സുനന്ദയ്ക്ക് ഉപജീവനത്തിനും നാട്ടിലെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ഒരു നേഴ്സറി തുടങ്ങാൻ മുരളി മാഷ് പിന്തുണ നൽകുന്നു. അതിനിടയിൽ മനസിൽ എന്നോ ഒളിപ്പിച്ചുവെച്ചിരുന്ന തന്റെ ഇഷ്ടം സുനന്ദയോട് മാഷ് തുറന്നു പറയുന്നുമുണ്ട്. സുനന്ദയ്ക്കും മാഷിനെ ഇഷ്ടമായിരുന്നു. എന്നാൽ മാഷിന്റെ പേരു പറഞ്ഞ് മറ്റുള്ളവർ കളിയാക്കുന്നതോടെ അവരുടെ ബന്ധത്തിനു മകൻ മുഖം തിരിക്കുന്നു. മാഷിനെ ഹരിമോന് ഇഷ്ടമല്ലാതെയായി.
ഒരിക്കൽ ഹരിമോൻ സ്കൂൾവണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന സമയത്ത് വണ്ടി താനെ ഉരുണ്ട് മുന്നിൽ നിന്ന ജയൻ, ചക്രം കയറി മരിക്കുന്നു. അതു വലിയ ആഘാതമാണ് ഹരിമോന്റെ മനസിൽ സൃഷ്ടിച്ചത്. സമൂഹം സുനന്ദയേയും മകനേയും കുറ്റപ്പെടുത്തി. എന്നാൽ താളം തെറ്റിപ്പോകാമായിരുന്ന ഹരിമോന്റെ മനസിനെ മുരളിമാഷ് താങ്ങിനിർത്തി. ഈ സംഭവത്തോടെ വിജയം തന്റെ തെറ്റുകൾ മനസിലാക്കുകയും ഹരിമോനേയും തന്റെ മകനെയെന്ന പോലെ കരുതാനും തുടങ്ങി. പിന്നീട് വിജയവും സുനന്ദയ്ക്കൊപ്പം ചേർന്ന് സ്കൂൾ നടത്തിക്കൊണ്ടുപോകുന്നു. എല്ലാം ഭംഗിയാകുന്നതോടെ സ്കൂളിൽ നിന്നും ട്രാൻസ്ഫർ വാങ്ങി പോകാൻ മുരളി മാഷ് ഒരുങ്ങുന്നു. പരസ്പരമുള്ള ഇഷ്ടം മാറ്റിവെച്ച് സുനന്ദയോട് യാത്ര പറഞ്ഞ് മാഷ് പോകുന്നു. എന്നാൽ പാതിവഴിയിൽ നിന്നും ഹരിമോൻ തങ്ങളുടെ കുടുംബത്തിലേക്കു മാഷിനെ കൂട്ടിക്കൊണ്ടുവരുന്നു.
ഏറെ ലാളിത്യത്തോടെ പറയുന്ന ചിത്രം ഇടയ്ക്കു നൊന്പരം സൃഷ്ടിക്കുമെങ്കിലും മനസിൽ ആനന്ദവും ചുണ്ടിൽ പുഞ്ചിരിയും നിറച്ചാണ് വെള്ളിത്തിരയിൽ നിന്നുമറയുന്നത്. കഥയ്ക്കൊപ്പം തന്നെ മൂന്നു പതിറ്റാണ്ടു പിന്നിടുന്പോഴും ഇന്നും പ്രേക്ഷക സ്വീകാര്യത ഏറുന്നതാണ് ചിത്രത്തിലെ ഗാനങ്ങളും. ബിച്ചു തിരുമല-ശ്യാം ടീം ഒരുക്കിയ കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും എന്ന ഗാനം ഇന്നും മലയാളികളുടെ ചുണ്ടിൽ നിറഞ്ഞു നിൽക്കുന്നതാണ്.
തയാറാക്കിയത്: അനൂപ് ശങ്കർ