കുറവിലങ്ങാട്: പട്ടിത്താനത്തുനിന്ന് കുറവിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്ന അനവധി സ്കൂൾ കുട്ടികൾ അനുഭവിക്കുന്ന യാത്രാക്ലേശം അധികാരികൾ കണ്ടില്ല െന്നു നടിക്കുന്നു. 4.30ന് സ്കൂളിൽനിന്നിറങ്ങുന്ന കുട്ടികൾ മിക്കവാറും ഒരു മണിക്കൂറിലധികം ബാഗുംപേറി വഴിയിൽ നിൽക്കേണ്ടിവരുന്നു. വൈകിവരുന്ന ബസിൽ തിങ്ങിനിറഞ്ഞ് പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യേണ്ടിവരുന്നു. കൃത്യസമയങ്ങളിൽ ബസ് ഇല്ലാത്തതുമൂലം സന്ധ്യസമയത്താണ് ഞങ്ങൾ വീടുകളിൽ എത്തുന്നത്.
വൈകിയ ചില ദിവസങ്ങളിൽ സ്കൂളിൽനിന്നു പ്രത്യേക വണ്ടി വിളിച്ചു ഞങ്ങളെ കൊണ്ടുവിടുകയും ചെയ്തിട്ടുണ്ട്. ഈ റൂട്ടിലേക്ക് പ്രൈവറ്റ് ബസ് ഇല്ല താനും. കുറവിലങ്ങാട്, കുര്യനാട് പ്രദേശങ്ങളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് ഈ ദുരിതം.
ആയിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിനു മുന്നിൽ സീബ്രാലൈനും പോലീസിന്റെ സഹായവും ഇല്ലാത്തതുകൊണ്ട് റോഡ് ക്രോസ് ചെയ്യുന്നതാണ് മറ്റൊരു തലവേദന. ഇതിനകംതന്നെ കുട്ടികൾക്ക് പല അപകടങ്ങളും ഉണ്ടായി. പല പരാതികൾ മേലധികാരികൾക്ക് നല്‍കിയിട്ടും ഇന്നേവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.